| Wednesday, 1st March 2023, 1:57 pm

അമ്മയെ ഓര്‍ക്കാതിരിക്കുന്ന ഒരു നിമിഷംപോലുമില്ല, അതിനിടയില്‍ ചിരിക്കാന്‍ സാധിക്കുന്നില്ല: സലീം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മനുഷ്യന് എപ്പോഴും ചിരിച്ച് കൊണ്ടിരിക്കാന്‍ കഴിയില്ലെന്ന് നടന്‍ സലീം കുമാര്‍. തന്നെ ഏറ്റവും സന്തോഷിപ്പിച്ച കാലം ദുരിത കാലമാണെന്നും ആ കാലത്തെ മറികടന്നത് ചിരിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

ജീവിതവുമായി ബന്ധപ്പെടുത്തി ആലോചിച്ചാല്‍ തനിക്ക് ചിരിക്കാന്‍ തോന്നില്ലെന്നും ദുഖങ്ങള്‍ മാത്രമാണ് അടിഞ്ഞുകൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും തന്റെ അമ്മയെ ഓര്‍ത്താണ് ജീവിക്കുന്നതെന്നും അതിനിടയില്‍ ചിരിക്കാന്‍ സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി മാഗസിനില്‍ വി.കെ ജോബിഷിനൊപ്പം നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”മനുഷ്യന് എപ്പോഴും ചിരിച്ച് കൊണ്ട് മാത്രം ജീവിക്കാന്‍ കഴിയില്ല. സന്തോഷവും സങ്കടവും കലര്‍ന്നിട്ടുള്ളതാണ് ജീവിതം. എന്നെ ഏറ്റവും ചിരിപ്പിച്ച കാലം ദുരിത കാലമാണ്. ആ ദുരിതകാലത്തെ ഞാന്‍ മറികടന്നത് ചിരിയിലൂടെയാണ്. ഞാന്‍ മാത്രമല്ല ഏതൊരു മനുഷ്യനും അങ്ങനെയാവാം.

ജീവിതവുമായി ബന്ധപ്പെട്ടാലോചിച്ചാല്‍ എനിക്ക് ചിരിക്കാന്‍ തോന്നുന്നില്ല. ആലോചിക്കുമ്പോള്‍ എപ്പോഴും ദുഖങ്ങള്‍ മാത്രം അടിഞ്ഞുകൂടും. ആത്യന്തികമായി സങ്കടങ്ങള്‍ മാത്രമേയുളളൂ. അതിനിടയില്‍ വല്ലപ്പോഴും കിട്ടുന്ന ഒരു അനുഭവമാണ് ചിരി.

എന്റെ അമ്മയെ ഓര്‍ക്കാതിരിക്കുന്ന ഒരു നിമിഷംപോലും എന്റെ ജീവിതത്തിലില്ല. അതിനിടയില്‍ ചിരിക്കാന്‍ എനിക്ക് എവിടെയാണ് സമയം. കൂടെ പിറന്ന പലരും ഇപ്പോള്‍ ഒപ്പമില്ല. അതുപോലെ കൂടെ അഭിനയിച്ച പലരും ഇന്ന് എനിക്കൊപ്പമില്ല. ഈ ഇടവേളയില്‍ നിന്ന് ചിരിക്കാനുള്ള ഇടം കണ്ടെത്താനാണ് ഞാന്‍ എന്റെ വീടിന് ലാഫിങ് വില്ല എന്ന പേര് ഇട്ടത്,” സലീം കുമാര്‍ പറഞ്ഞു.

മേം ഹൂം മൂസയാണ് സലീം കുമാറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. അഡ്വക്കേറ്റ് മനോഹരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സലീം കുമാര്‍ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപി, ഹരീഷ് കണാരന്‍, മേജര്‍ രവി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

content highlight: actor salim kumar about his mother

We use cookies to give you the best possible experience. Learn more