ആദ്യകാലത്തെ തന്റെ സിനിമകളില്‍ നടന്‍ ജഗദീഷിനെ അനുകരിച്ചതിനെ കുറിച്ചും പിന്നീട് ഏറെ കഷ്ടപ്പെട്ട് ആ രീതി മാറ്റിയെടുത്തതിനെ കുറിച്ചും പറയുകയാണ് നടന്‍ സലിം കുമാര്‍. ബിഹൈന്‍ഡ് വുഡ്‌സിന് വേണ്ടി സംവിധായകന്‍ മേജര്‍ രവി നടത്തിയ അഭിമുഖത്തിനിടെയാണ് മിമിക്രിക്കാരനില്‍ നിന്നും നടനായി മാറിയപ്പോഴുള്ള വ്യത്യാസത്തെ കുറിച്ച് സലിം കുമാര്‍ സംസാരിച്ചത്.
‘എന്തുകണ്ടാലും അനുകരിക്കുന്ന ആളായിരുന്നു ഞാന്‍. എന്റെ ആദ്യ കാലത്തെ സിനിമകളില്‍ ഞാന്‍ ജഗദീഷിനെ അനുകരിക്കുമായിരുന്നു. എന്നാല്‍ ഇത് നല്ലതല്ലെന്ന് പിന്നീട് എനിക്ക് തോന്നി. ഞാന്‍ ഇപ്പോള്‍ ഒരു നടനാണ്. ഈ ജഗദീഷ് എന്ന് പറയുന്ന ആളെ എന്റെ ശരീരത്തില്‍ നിന്ന് ഓടിച്ചുകളഞ്ഞാലേ ഞാന്‍ രക്ഷപ്പെടുള്ളൂ എന്ന് എനിക്ക് തോന്നി.
ഒരു കാലത്ത് ഞാന്‍ ജഗദീഷിനെ കൊണ്ട് രക്ഷപ്പെട്ട ആളാണ്. ഞാന്‍ കോളേജിലൊക്കെ ജഗദീഷിനെ കാണിക്കുമ്പോള്‍ കയ്യടിയാണ്. ഡയലോഗ് പോലും പറയാന്‍ സമ്മതിക്കില്ല. അത്രയ്ക്ക് കയ്യടിയാണ്. അന്ന് എനിക്ക് ജഗദീഷ് അത്യാവശ്യമായിരുന്നു.
എന്നാല്‍ ആ ജഗദീഷിനെ ഞാന്‍ സിനിമാ നടനായപ്പോഴും കൂടെക്കൊണ്ടു നടന്നാല്‍ എന്റെ അന്നംമുട്ടുമെന്ന് പിന്നീട് തോന്നി. അതുകൊണ്ട് ഞാന്‍ മാറ്റി നിര്‍ത്തുകയായിരുന്നു.
സിനിമയിലെത്തിയപ്പോള്‍ എന്നിലെ മിമിക്രിക്കാരനെ കുറേയധികം മാറ്റി നിര്‍ത്തിയിട്ടുണ്ട്. പക്ഷേ എന്നിലെ മിമിക്രി സിനിമയില്‍ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പരിപൂര്‍ണമായി ഞാന്‍ മിമിക്രി ഉപേക്ഷിച്ചിട്ടില്ല. എങ്കിലും നല്ലൊരു ശതമാനം മിമിക്രിക്കാരനെ ഉപേക്ഷിച്ചിട്ടു തന്നെയാണ് സിനിമയില്‍ നില്‍ക്കുന്നത്, സലിം കുമാര്‍ പറഞ്ഞു.
സിനിമാ അഭിനയം നിര്‍ത്തണമെന്ന് സലിം കുമാര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. എന്താണ് അതിനെ കുറിച്ച് പറയാനുള്ളത് എന്ന ചോദ്യത്തിന് അത് ഇപ്പോഴും തനിക്ക് ആഗ്രഹമുണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള സലിം കുമാറിന്റെ മറുപടി. പക്ഷേ എവിടെ നിര്‍ത്തും അതാണ് ആലോചിക്കുന്നത് എന്നും ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സിനിമാ അഭിനയം ഞാന്‍ നിര്‍ത്തില്ല. ഇനി മറ്റൊന്നിലും എനിക്ക് ഭാവിയില്ല. ഈ പ്രായത്തില്‍ ഇനി എന്ത് ജോലിയെടുത്താണ് ജീവിക്കുക. ജീവിക്കണമെങ്കില്‍ ഒരു ജോലി വേണ്ടേ. കൂലിപ്പണിക്ക് പറ്റില്ല. അറിയാവുന്ന തൊഴില്‍ ഇതാണ്. ഇവിടെ കിട്ടുന്ന ആനന്ദമൊന്നും നമുക്കിനി വേറെ ഒരിടത്തു നിന്നും കിട്ടില്ല, സലിം കുമാര്‍ പറഞ്ഞു.