മമ്മൂക്ക വിളിച്ച് വഴക്ക് പറഞ്ഞ ആ പയ്യനെ പിന്നീട് ഞാന്‍ കാണുന്നത് തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറായിട്ടാണ്: സലീം കുമാര്‍
Entertainment news
മമ്മൂക്ക വിളിച്ച് വഴക്ക് പറഞ്ഞ ആ പയ്യനെ പിന്നീട് ഞാന്‍ കാണുന്നത് തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറായിട്ടാണ്: സലീം കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th February 2023, 7:46 am

മമ്മൂട്ടിയുടെ കൂടെ താന്‍ അമേരിക്കയില്‍ പോയപ്പോള്‍ അന്ന് അവിടെ ലൈറ്റ് ഓപ്പറേറ്റ് ചെയ്യാനായിട്ട് എത്തിയിരുന്നത് ദുല്‍ഖര്‍ സല്‍മാനായിരുന്നുവെന്ന് നടന്‍ സലീം കുമാര്‍. ലൈറ്റ് ഇടക്കിടക്ക് തെറ്റി പോകുമ്പോള്‍ മമ്മൂട്ടി ദുല്‍ഖറിനെ വിളിച്ച് വഴക്ക് പറയാറുണ്ടായിരുന്നുവെന്നും സലീം കുമാര്‍ പറഞ്ഞു.

അന്ന് അമേരിക്കയിലെ വിദ്യാര്‍ത്ഥിയായിരുന്നു ദുല്‍ഖറെന്നും മമ്മൂട്ടി ചീത്ത പറയുന്നതില്‍ ദുല്‍ഖര്‍ വിഷമിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുക താനായിരുന്നുവെന്നും സലീം കുമാര്‍ പറഞ്ഞു.

വിഷമിച്ചിരിക്കുമ്പോള്‍ താന്‍ സമാധാനിപ്പിച്ച ആ ചെറുപ്പക്കാനനെ പില്‍കാലത്ത് താന്‍ കാണുന്നത് തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറായിട്ടാണെന്നും ദുല്‍ഖറിനെക്കുറിച്ച് സലീം കുമാര്‍ പറഞ്ഞു. ദുല്‍ഖറിനെക്കുറിച്ച് അദ്ദേഹം പറയുന്ന വീഡിയോ ഇപ്പോള്‍ നടന്റെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

”മമ്മൂക്കക്ക് ഒപ്പം അമേരിക്കയില്‍ ഞാനൊരു ഷോയ്ക്ക് പോയി. ഞങ്ങളുടെ കൂടെ അന്നൊരു ലൈറ്റ് ഓപ്പറേറ്റര്‍ ഉണ്ടായിരുന്നു. അവന്‍ അന്ന് അമേരിക്കയിലെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു.

 

ലൈറ്റൊക്കെ ഇടക്ക് തെറ്റി പോകുമ്പോള്‍ മമ്മൂക്ക വിളിച്ചിട്ട് അവനെ ചീത്ത പറയും. ഇത് കേള്‍ക്കുമ്പോള്‍ പയ്യനാകെ വിഷമത്തിലാകും. മമ്മൂക്ക ചീത്ത പറയുമ്പോള്‍ ഈ പയ്യനെ ഞാനാണ് വിളിച്ച് സമാധാനിപ്പിക്കുക.

മമ്മൂക്ക വഴക്ക് പറഞ്ഞതിലെ വിഷമം പോക്കാനായിട്ട് ഞാന്‍ അവനോട് ഇടക്കിടക്ക് സംസാരിക്കുമായിരുന്നു. പിന്നീട് പില്‍ക്കാലത്ത് ആ പയ്യനെ ഞാന്‍ കാണുന്നത് തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറായിട്ടാണ്. അവന്റെ പേരാണ് ദുല്‍ഖര്‍ സല്‍മാന്‍,” സലീം കുമാര്‍ പറഞ്ഞു.

content highlight: actor salim kumar about dulquer salmaan