| Saturday, 26th June 2021, 11:53 am

എന്റെ വീട്ടിലും ഉണ്ട് സ്ത്രീധനം അളക്കുന്ന ത്രാസ്, അത് ഞാന്‍ ഒഴിവാക്കുകയാണ്; ഡി.വൈ.എഫ്.ഐ. വേദിയില്‍ സലീം കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: മലയാളികള്‍ മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലെ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാകുകയുള്ളൂവെന്ന് നടന്‍ സലീം കുമാര്‍. കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്നും വിസ്മയയുടെ ഭര്‍ത്താവിന് ലഭിക്കുന്ന അതേ ശിക്ഷയ്ക്ക് താനും അര്‍ഹനാണെന്നും സലീം കുമാര്‍ പറഞ്ഞു.

സ്ത്രീധന ഭാരത്താല്‍ തൂക്കിക്കൊല്ലാനുള്ള സ്ത്രീജീവിതങ്ങള്‍ എന്ന സന്ദേശം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ. നടത്തിയ ‘യുവജന ജാഗ്രതാ സദസ്സില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പെണ്‍കുട്ടിയും മരിച്ചുവീഴുമ്പോഴും ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ എല്ലാം മറന്നുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് 4 മാസത്തിനുള്ളില്‍ 1080ഓളം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളാണ് ഫയല്‍ ചെയ്യുന്നത്.

ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കൊവിഡിനേക്കാള്‍ മാരകമായ വിപത്താണ്. കൊവിഡിന് വാക്സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സലീം കുമാര്‍ പറഞ്ഞു.

‘വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്. ഭര്‍ത്താവിന് കൊടുക്കുന്ന ശിക്ഷക്ക് അതേപോലെ ഉത്തരവാദിയാണ് ഞാനും.

ഈ കൊവിഡിന്റെ ഭീതിജനകമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു. സൈക്യാര്‍ടിസ്റ്റിന്റെ ഉപദേശങ്ങള്‍ തേടാമായിരുന്നു. 20ാം തിയ്യതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു.

മലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ ത്രാസ് പിടിച്ചെടുക്കുക. എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്റെ വീട്ടിലും ത്രാസ് ഉണ്ട്. അത് ഞാന്‍ ഒഴിവാക്കുകയാണ്,’ സലീം കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Salim Kumar about dowry system

Latest Stories

We use cookies to give you the best possible experience. Learn more