| Tuesday, 22nd November 2022, 11:40 pm

കൊച്ചിന്‍ ഹനീഫയെപ്പോലെ ഒരു നടന്‍ ഇനി ഉണ്ടാവില്ല, മരിച്ചതറിഞ്ഞിട്ടും അദ്ദേഹത്തിന് വേണ്ടിയാണ് ആ കഥയെഴുതിയത്: സലീം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് നടന്മാരാണ് കൊച്ചിന്‍ ഹനീഫയും സലീം കുമാറും. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൊച്ചിന്‍ ഹനീഫയെക്കുറിച്ച് പറയുകയാണ് സലീം കുമാര്‍. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോആര്‍ട്ടിസ്റ്റാണ് കൊച്ചിന്‍ ഹനീഫയെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോഴുള്ള സുഖം മറ്റൊരു നടന്റെ കൂടെയും തനിക്ക് ലഭിച്ചിട്ടില്ലെന്നും സലീം കുമാര്‍ പറഞ്ഞു.

കൊച്ചിന്‍ ഹനീഫ മരിച്ചപ്പോള്‍ കാണാന്‍ പോവാന്‍ പോലും തനിക്ക് തോന്നിയില്ലെന്നും മരിച്ചുവെന്ന് ചിന്തിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സെയ്‌ന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാ ഹനീഫയെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

”ജീവിതത്തില്‍ ഒരുപാട് പേരുടെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഏകദേശം ഒട്ടുമിക്ക ആളുകളുടെയും കൂടെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ കൊച്ചിന്‍ ഹനീഫയുടെ കൂടെ അഭിനയിക്കുമ്പോഴുള്ള സുഖം വേറെ ആരെ അടുത്ത് നിന്നും ലഭിച്ചിട്ടില്ല. ഞാനും അദ്ദേഹവും ആണ് അഭിനയിക്കുന്നതെങ്കില്‍ അതില്‍ ഞാന്‍ ഷൈന്‍ ചെയ്താലും ഒരു കുഴപ്പവും ഇല്ല. അദ്ദേഹം കൂടെ സപ്പോര്‍ട്ടീവായിട്ട് നില്‍ക്കും. ഒരു അസൂയയോ ഒന്നും ഇല്ല.

ഇക്കാ ഞാന്‍ ഈ തമാശ പറയും ഇക്ക ആ തമാശ പറഞ്ഞാല്‍ മതി എന്ന് പറഞ്ഞാലും ഇല്ലെന്ന് അദ്ദേഹം പറയില്ല. നമ്മള്‍ പറയുന്നത് കേട്ടിട്ട് അദ്ദേഹം ചിരിക്കും. അത് നമുക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് തരും. അതുപോലെ ഒരാളെ ഞാന്‍ വേറെ കണ്ടിട്ടിട്ടില്ല. ഒരുപാട് പടങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

എന്തെങ്കിലും തമാശ പറയുമ്പോള്‍ അദ്ദേഹം തരുന്ന സപ്പോര്‍ട്ട് ജീവിതത്തില്‍ മറ്റാരും എനിക്ക് തന്നിട്ടില്ല. ഹനീഫിക്ക മരിച്ചു എന്ന് പറയുന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. അദ്ദേഹം മരിച്ചപ്പോള്‍ ഞാന്‍ കാണാന്‍ പോയില്ല. ടി.വിയില്‍ പോലും കാണാന്‍ നിന്നില്ല. എനിക്ക് കാണാന്‍ കഴിയില്ല.

ഇപ്പോഴും ടി.വിയില്‍ ഹനിഫിക്കയുടെ കോമഡി കണ്ട് ഞാന്‍ ചിരിക്കും. അദ്ദേഹം മരിച്ച് പോയി എന്ന് വിചാരിക്കാന്‍ എനിക്ക് പറ്റുന്നില്ല. ഇക്കയെ വെച്ച് ചെയ്യാന്‍ ആയി പ്ലാന്‍ ചെയ്ത പടത്തില്‍ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ റോള്‍ ചെയ്യാന്‍. എനിക്ക് ഭാഷ വഴങ്ങില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കൊച്ചിന്‍ ഹനീഫയെ വെച്ച് ചെയ്യാനായിരുന്നു കഥ എഴുതിയതെന്ന് സംവിധായകന്‍ പറഞ്ഞു.

എഴുതുമ്പോള്‍ അദ്ദേഹം മരിച്ചിട്ടുണ്ടെങ്കിലും ഹനീഫയെ മനസില്‍ വെച്ച് തന്നെയാണ് എഴുതിയതെന്ന് അദ്ദേഹം പറഞ്ഞു. പകരം വേറെ ആരെ വെക്കണം എന്ന് അറിയില്ലെന്നും പറഞ്ഞു. എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത കോ ആര്‍ട്ടിസ്റ്റാണ് അദ്ദേഹം. അദ്ദേഹത്തെ പോലെ ഒരു നടന്‍ ഇനി ഉണ്ടാവില്ല,” സലീം കുമാര്‍ പറഞ്ഞു.

പുലിവാല്‍ കല്യാണം, മായാവി, മീശമാധവന്‍, പാണ്ടിപ്പട തുടങ്ങിയവയാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ചില സിനിമകള്‍. 2010 ഫെബ്രുവരിയാണ് 2നാണ് കൊച്ചിന്‍ ഹനീഫ മരിച്ചത്.

content highlight: actor salim kumar about cochin haneefa

We use cookies to give you the best possible experience. Learn more