| Thursday, 18th March 2021, 11:23 am

കര്‍ഷകര്‍ ചാവുകയോ മരിക്കുകയോ എന്തുവേണമെങ്കിലും ആയിക്കോട്ടെ, എന്റെ പത്മശ്രീ കളയാന്‍ പറ്റില്ലെന്ന് കരുതുന്നവരാണ് ഇവര്‍; സലിം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് ഒരു വാക്കുപോലും സംസാരിക്കാന്‍ തയ്യാറാകാത്ത ഇന്ത്യയിലെ സെലിബ്രറ്റികള്‍ക്കെതിരെ വിമര്‍ശനവുമായി കുറിച്ച് നടന്‍ സലിം കുമാര്‍.

ഇന്ത്യയിലെ ചുരുക്കം ചിലരൊഴികെ, മറ്റ് സെലിബ്രിറ്റികളൊക്കെ നാളെ കിട്ടുന്ന നേട്ടങ്ങളെക്കുറിച്ച് ഓര്‍ത്താണ് പ്രതികരിക്കാതിരിക്കുന്നതെന്നും
നാളെ ഒരു പത്മശ്രീ കിട്ടിയാലോ എന്നാണ് അവരുടെ ചിന്തയെന്നും സലിം കുമാര്‍ പറയുന്നു.

കര്‍ഷകര്‍ ചാവുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ആയിക്കോട്ടെ. എന്റെ പത്മശ്രീ കളയാന്‍ പറ്റില്ല എന്നു വിശ്വസിക്കുന്നവരോടു എന്തു പറയാനാണെന്നും സലിം കുമാര്‍ മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

‘ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട് അതിനെ അനുകൂലിച്ച് പോപ്പ് സൂപ്പര്‍സ്റ്റാര്‍ റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗും പ്രതികരിച്ചപ്പോള്‍ വിദേശികള്‍ ഇന്ത്യയിലെ വിഷയത്തില്‍ ഇടപെടേണ്ട എന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ പ്രതികരിച്ചത്. പക്ഷേ അതിലും താങ്കള്‍ ശക്തമായി നിലപാടെടുത്തിരുന്നു..? എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ പോപ് സ്റ്റാര്‍ റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തെന്‍ബര്‍ഗും പ്രതികരിച്ചാല്‍ തീര്‍ന്ന് പോകുന്നതാണോ ഇന്ത്യ? ഇന്ത്യയില്‍ നിന്നു കര്‍ഷകര്‍ക്ക് അനുകൂലമായി പ്രതികരിച്ച ചുരുക്കം സെലിബ്രിറ്റികളില്‍ ഒന്നു തപ്‌സി പന്നു എന്നൊരു നടിയാണ്. എന്റെ കൂടെ അഭിനയിച്ച പെണ്‍കുട്ടി ആണ് അവര്‍. ആ ചങ്കൂറ്റം സമ്മതിച്ചു കൊടുക്കണം.

ഇന്ത്യയിലെ ചുരുക്കം ചിലരൊഴികെ, മറ്റ് സെലിബ്രിറ്റികളൊക്കെ നാളെ കിട്ടുന്ന നേട്ടങ്ങളെക്കുറി ച്ച് ഓര്‍ത്തു പ്രതികരിച്ചില്ല. നാളെ ഒരു പത്മശ്രീ കിട്ടിയാലോ എന്നാണ് അവരുടെ ചിന്ത. കര്‍ഷകര്‍ ചാവുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ആയിക്കോട്ടെ. എന്റെ പത്മശ്രീ കളയാന്‍ പറ്റില്ല എന്നു വിശ്വസിക്കുന്നവരോടു എന്തു പറയാനാണ്?

ഈ സെലിബ്രിറ്റികളുടെ ഒരു സാമൂഹിക ജീവിതമൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞു. അവരുടെ ലോകത്ത് കര്‍ഷകരില്ല, അവിടെ ദളിതരില്ല, ആദിവാസി ഇല്ല, ആരുമില്ല, പണവും പ്രതാപവും മാത്രം. കര്‍ഷകരെ സഹായിക്കാന്‍ പാര്‍ട്ടിയില്ലെങ്കിലും അവര്‍ക്ക് വേണ്ടി നാലു വര്‍ത്തമാനമെങ്കിലും പറഞ്ഞൂടെ?’, സലിം കുമാര്‍ ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Salim Kumar about celebrities stand on Farmers protest

We use cookies to give you the best possible experience. Learn more