|

സി.ഐ.ഡി മൂസയില്‍ നിന്നും വഴക്കിട്ട് ഇറങ്ങിപ്പോയി, പറഞ്ഞതില്‍ കാര്യമുണ്ടെന്ന് തോന്നി അവര്‍ തിരിച്ചുവിളിച്ചു: സലീം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2003ല്‍ ജോണി ആന്റണി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സി.ഐ.ഡി മൂസ. ചിത്രത്തില്‍ ഭ്രാന്തനായ വ്യക്തിയായിട്ടാണ് സലീം കുമാര്‍ അഭിനയിച്ചത്. സെറ്റില്‍ വെച്ച് വഴക്കിട്ട് സിനിമയില്‍ നിന്നും താന്‍ ആദ്യം പിന്മാറിയതിനെക്കുറിച്ച് പറയുകയാണ് സലീം കുമാര്‍.

ക്യാപ്റ്റന്‍ രാജു ചെയ്ത കഥാപാത്രവും തന്റെ കഥാപാത്രവും ഒരുമിപ്പിക്കുകയാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ അവിടെ നിന്നും വഴക്കിട്ട് ഇറങ്ങിയതെന്ന് സലീം കുമാര്‍ പറഞ്ഞു. സിനിമയുടെ ഷൂട്ടിനിടയില്‍ രാത്രി പോലും വീട്ടില്‍ വിട്ടില്ലായിരുന്നുവെന്നും താരം പറഞ്ഞു.

”സി.ഐ.ഡി മൂസ ഏറ്റവും കൂടുതല്‍ ആലോചിച്ച പടമാണ്. രാവിലെ മുതല്‍ വന്നിരുന്ന് പടത്തിനെ കുറിച്ച് ആലോചനയാണ്. എന്നാല്‍ രാത്രി വീട്ടില്‍ വിടുമോ അതുമില്ല. രാത്രി വീണ്ടും ഇരുത്തി ചര്‍ച്ച ചെയ്യും.

ഹോട്ടല്‍ ഹൈവേ ഗാര്‍ഡനിലാണ് അന്ന് താമസം. നാളെ എടുക്കാന്‍ പോകുന്ന സീന്‍ ഏതൊക്കെയാണ് എന്നൊക്കെയാണ് ചര്‍ച്ച ചെയ്യുക. നൂറ് ദിവസത്തിലധികം അന്ന് ഷൂട്ട് ചെയ്ത സിനിമയാണ് സി.ഐ.ഡി മൂസ.

അന്നൊന്നും സിനിമകള്‍ അത്രയൊന്നും പോകില്ല. ഇങ്ങനെ ആലോചന മൂത്ത് മൂത്ത് ഒരു ദിവസം ഞാന്‍ ഇറങ്ങി പോയി. ഭ്രാന്തന്റെ കഥാപാത്രമാണ് ഞാന്‍ ചെയ്യേണ്ടത്.

ഒരു ദിവസം ഞാന്‍ ചെല്ലുമ്പോള്‍ എന്റെ കഥാപാത്രവും ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രവും ഒരുമിപ്പിച്ചു. ദിലീപ് എന്നോട് ഈ കാര്യം വന്ന് പറഞ്ഞു. അത് എങ്ങനെ ശരിയാവുമെന്ന് ഞാന്‍ ചോദിച്ചു. അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഞങ്ങള്‍ തമ്മില്‍ തെറ്റി.

ഞാന്‍ സി.ഐ.ഡി മൂസക്ക് ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി പോന്നു. അപ്പോഴായിരുന്നു ലാല്‍ ജോസിന്റെ പട്ടാളം ഷൂട്ട് നടക്കുന്നത്. ഞാന്‍ അതിലേക്ക് പോയി. ആ കഥാപത്രം അങ്ങനെ ചെയ്യാന്‍ താല്‍പര്യം ഇല്ലെന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെ ഞാന്‍ തിരിച്ച് പോന്നപ്പോള്‍ അവര്‍ വീണ്ടും ഞാന്‍ പറഞ്ഞതിനെക്കുറിച്ച് ആലോചിച്ചു. ഞാന്‍ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ് പിന്നീട് എന്നെ തിരിച്ചു വിളിക്കുകയായിരുന്നു. ഇറങ്ങി പോന്നപ്പോള്‍ അവര്‍ അതിനെക്കുറിച്ച് ആലോചിച്ചില്ലായിരുന്നെങ്കില്‍ വേറെ ആരെങ്കിലും ചെയ്യേണ്ട വേഷമായിരുന്നു ഭ്രാന്തന്റേത്,” സലീം കുമാര്‍ പറഞ്ഞു.

ഭാവന, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍, ബിന്ദു പണിക്കര്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ഉദയ്കൃഷ്ണ- സിബി.കെ. തോമസായിരുന്നു ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്.

content highlight: actor salim kumar about c.i.d moosa movie