മമ്മൂക്ക എന്റെ വീട്ടിലേക്ക് ഹെലികോപ്ടറില്‍ തൂങ്ങി ഇറങ്ങിയെന്നാണ് അവര്‍ വിചാരിച്ചത്: സാജു നവോദയ
Film News
മമ്മൂക്ക എന്റെ വീട്ടിലേക്ക് ഹെലികോപ്ടറില്‍ തൂങ്ങി ഇറങ്ങിയെന്നാണ് അവര്‍ വിചാരിച്ചത്: സാജു നവോദയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th October 2023, 9:09 pm

മമ്മൂട്ടിക്കൊപ്പമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ സാജു നവോദയ. വീട് പണി പൂര്‍ത്തിയായതിന് ശേഷം ഗൃഹപ്രവേശനത്തിന് താന്‍ ആദ്യം വിളിച്ചത് മമ്മൂട്ടിയെ ആണെന്നും അതറിഞ്ഞ നാട്ടുകാര്‍ മുഴുവനും തന്റെ വീട്ടിലെത്തിയെന്നും സാജു പറഞ്ഞു. എന്നാല്‍ ഷൂട്ടിങ് തിരക്കിലായ മമ്മൂട്ടി അന്ന് വീട്ടിലേക്ക് വന്നില്ലെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാജു പറഞ്ഞു.

‘വീട് വെച്ചിട്ട് ഗൃഹ പ്രവേശനത്തിന് ആദ്യം വിളിക്കുന്നത് മമ്മൂക്കയെയാണ്. അപ്പോള്‍ ചാനലില്‍ അഭിമുഖത്തിന് ഇരിക്കുകയാണ് മമ്മൂക്ക. ഉറപ്പായും വരുമെന്ന് പറഞ്ഞു. അഭിമുഖത്തില്‍ പറഞ്ഞത് എന്റെ നാട്ടുകാരൊക്കെ കേട്ടു. ഹൗസ് വാമിങ്ങിന്റെ അന്ന് വാഗമണില്‍ ഷൂട്ട് നടക്കുകയാണെന്നും എത്തില്ലെന്നും മമ്മൂക്ക പറഞ്ഞിരുന്നു.

ഹൗസ് വാമിങ്ങിന് പതിവില്ലാതെ വിളിച്ചതിലും കൂടുതല്‍ ആളുകള്‍ വന്നു. ഭക്ഷണം തികയുമോ എന്നൊക്കെ ഞാന്‍ അന്വേഷിക്കുന്നുണ്ട്. മമ്മൂക്ക വരുന്നുണ്ടെന്ന് പറഞ്ഞാണ് ഈ നാട്ടുകാര് മുഴുവന്‍ വന്നുകൊണ്ടിരുന്നത്. പിന്നെ പെട്ടെന്ന് ഇടിയും മഴയുമൊക്കെ വന്നതുകൊണ്ട് എല്ലാവരും പോയി.

പിറ്റേന്ന് ഞാന്‍ ജങ്ഷനില്‍ ചെന്നപ്പോള്‍ ഇന്നലെ മമ്മൂക്ക വന്നല്ലേ എന്ന് കുറച്ച് പേര്‍ വന്ന് ചോദിച്ചു. ഇല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പോ ഇവിടുന്ന്, ഞങ്ങള്‍ കണ്ടെന്ന് അവര്‍ പറഞ്ഞു. മമ്മൂക്കയെ എവിടെ കാണാന്‍, മമ്മൂക്ക വന്നില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. ചുമ്മാതങ്ങനെ പനങ്ങാട് ഹെലികോപ്ടര്‍ വരില്ലല്ലോ എന്നാണ് അവര്‍ ചോദിച്ചത്. അന്ന് മുകളില്‍ കൂടി ഒരു ഹെലികോപ്ടര്‍ പോയിരുന്നു. മമ്മൂക്ക ഹെലികോപ്ടറില്‍ തൂങ്ങി എന്റെ ടെറസിന്റെ മേളില്‍ ഇറങ്ങി, പരിപാടി കഴിഞ്ഞ് തിരിച്ച് തൂങ്ങിപോയെന്നാണ് അവര്‍ പറയുന്നത്,’ സാജു പറഞ്ഞു.

മിസ്റ്റര്‍ ഹാക്കറാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ സാജുവിന്റെ ചിത്രം. നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ച മിസ്റ്റര്‍ ഹാക്കറില്‍ അന്ന രേഷ്മ രാജന്‍, ഭീമന്‍ രഘു, സംവിധായകന്‍ എം.എ. നിഷാദ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Actor Saju Navodaya shares his experience with Mammootty