ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചുരുളി സിനിമയിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് സജിന്‍. ചുരുളിയിലെ സജിന്റെ കഥാപാത്രം വലിയ രീതിയില്‍ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. ചുരുളിയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും ആ സിനിമ തെരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ചും പറയുകയാണ് സജിന്‍.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയായത് കൊണ്ട് മാത്രമാണ് താന്‍ ആ സിനിമ തെരഞ്ഞെടുത്തതെന്നും ആ സിനിമ തന്റെ കരിയറിന് നല്ലൊരു തുടക്കം നല്‍കിയെന്നും സജിന്‍ പറഞ്ഞു. അക്കാര്യത്തില്‍ തനിക്കൊരുപാട് സന്തോഷമുണ്ടെന്നും ഇനിയും അദ്ദേഹം സിനിമയിലേക്ക് വിളിക്കുമോ എന്ന് തനിക്കറിയില്ലെന്നും സജിന്‍ പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ചുരുളി സംവിധാനം ചെയ്തത് ലിജോ ചേട്ടനായിരുന്നില്ലെങ്കില്‍ അങ്ങനെയൊരു കഥാപാത്രം ഞാന്‍ ചിലപ്പോള്‍ ചെയ്യില്ലായിരുന്നു. ലിജോ ചേട്ടനായത് കൊണ്ടുതന്നെയാണ് ഞാന്‍ ആ സിനിമ ചെയ്തത്. മലയാള സിനിമയിലെ മിക്ക അഭിനേതാക്കളും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവരാണ്.
എന്നെ സംബന്ധിച്ച് ആ സിനിമയില്‍ നല്ലൊരു കഥാപാത്രം എനിക്ക് കിട്ടുകയും ചെയ്തു. അക്കാര്യത്തില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ശരിക്കും പറഞ്ഞാല്‍ എനിക്ക് കിട്ടിയ നല്ലൊരു തുടക്കമായിരുന്നു അത്. പിന്നെ ആ കഥാപാത്രം ഇപ്പോള്‍ കാണുന്ന രീതിയില്‍ വൈറലാകുമെന്ന് എനിക്കുറപ്പായിരുന്നു.
സ്‌ക്രിപ്റ്റ് വായിച്ച സമയത്തും അതിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴുമൊക്കെ അക്കാര്യം എനിക്കുറപ്പായിരുന്നു. ഇത് വേറൊരു പരിപാടിയിലേക്ക് പോകുമെന്ന് നമുക്ക് അറിയാമല്ലോ. എന്നെ സംബന്ധിച്ച് നല്ലൊരു എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു അത്.
ആ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇനി പുള്ളി അടുത്ത സിനിമയിലേക്ക് എന്നെ വിളിക്കുമോ എന്നൊന്നും എനിക്കറിയില്ല. വിളിച്ചാല്‍ എന്തായാലും ചെയ്യും,’ സജിന്‍ പറഞ്ഞു.
content highlight: actor sajin about churuli movie