മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സായികുമാര്‍. ‘റാം ജി റാവു സ്പീക്കിംഗ്’ എന്ന ചിത്രത്തിലൂടെയാണ് സായികുമാര്‍ സിനിമയിലേക്കെത്തുന്നത്. നായകനായും വില്ലനായുമെല്ലാം ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിക്കാന്‍ സായികുമാറിനായിട്ടുണ്ട്.
സായികുമാര്‍ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
സിനിമയിലെ തന്റെ സൗഹൃദത്തെ കുറിച്ചും ‘ഭരത്ചന്ദ്രന്‍ ഐ.പി.എസ്’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം.
‘രണ്‍ജിയുടെ ഭരത്ചന്ദ്രന്‍ ഐ.പി.എസിലൊക്കെ ആദ്യത്തെ നാല്‍പ്പത് മിനിറ്റ് ഞാന്‍ മാത്രമേയുള്ളു. എനിക്ക് വേണ്ടി എഴുതിയ കഥാപാത്രമാണത്. രണ്‍ജി എന്നോട് പറഞ്ഞു, നാല്‍പ്പത് മിനിറ്റോളം നീയാണ്, അതുകഴിഞ്ഞേ സുരേഷ് എന്റര്‍ ചെയ്യുന്നുള്ളുവെന്ന്. ഇത് കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞത്, നിങ്ങള്‍ മനുഷ്യനെ പറഞ്ഞ് പേടിപ്പിക്കല്ലെയെന്നാണ്. അതില്‍ ഞാന്‍ വില്ലനോടൊപ്പം കുറച്ച് ഹീറോയിസം കൂടെ ചേര്‍ത്തിട്ടുണ്ട്. ഇല്ലെങ്കില്‍ നാല്‍പ്പത് മിനിറ്റ് നില്‍ക്കാന്‍ കഴിയില്ല. വില്ലന്‍ എത്രത്തോളം മികച്ചതാകുന്നു അപ്പോഴേ ഹീറോയിസം അവിടെ വര്‍ക്ക് ഔട്ട് ആവുകയുള്ളു,’ സായികുമാര്‍ പറയുന്നു.
സിനിമയിലെ പല താരങ്ങളുമായി തനിക്ക് അടുപ്പമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
‘മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയൊന്നും സൗഹൃദവലയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. അതെനിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. ഞങ്ങള്‍ സംസാരിക്കുന്ന വിഷയങ്ങള്‍ തന്നെ ഒരുപാട് വ്യത്യസ്തമാണ്. അവര്‍ സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ച് എനിക്കറിയില്ല. അപ്പോള്‍ ഞാനവിടെ വേസ്റ്റാണ്. ഇവരെയൊക്കെ എന്തെങ്കിലും ആവശ്യത്തിന് മാത്രമേ ഞാന്‍ വിളിക്കാറുള്ളു. മുകേഷിനെ ഞാന്‍ വിളിക്കാറില്ല. എന്നെ ആരും പാര്‍ട്ടിക്ക് ക്ഷണിക്കാറുമില്ല, ഞാന്‍ വരട്ടെയെന്ന് ചോദിച്ച് പോകാറുമില്ല,’ താരം കൂട്ടിച്ചേര്‍ത്തു.
ഡബ്ബിങ് കഴിഞ്ഞതിന് ശേഷമേ താന്‍ കഥാപാത്രങ്ങളെ ഉപേക്ഷിക്കാറുള്ളുവെന്നും വേറെ കഥാപാത്രങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അത് തന്നെ ബാധിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.
Content Highlights: Saikumar says about Mohanlal and Mammootty