മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച താരമാണ് സൈജു കുറുപ്പ്. തുടക്ക കാലത്ത് സിനിമകളില്‍ അവസരം ലഭിച്ചത് കുറവായിരുന്നുവെങ്കിലും പിന്നീട് ഒരിടയ്ക്ക് വെച്ച് സൈജു കുറുപ്പ് എന്ന നടനെ സിനിമാ ലോകവും പ്രേക്ഷകരും തിരിച്ചറിയുകയായിരുന്നു.
നായകവേഷങ്ങളെക്കാള്‍ കൂടുതല്‍ താരം ചെയ്തിട്ടുള്ളത് സപ്പോര്‍ട്ടിങ് റോളുകളാണ്. ഇതിനോടകം തന്നെ ടൈറ്റില്‍ റോളുകളിലും സൈജു വേഷമിട്ടു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അറക്കല്‍ അബുവിനെ ആരും അത്രപെട്ടെന്ന് മറക്കില്ല. ആടിന് ശേഷമാണ് സൈജുവിന് കൂടുതല്‍ കോമഡി വേഷങ്ങള്‍ കിട്ടി തുടങ്ങിയതും.
അന്താക്ഷരി എന്ന ചിത്രമാണ് സൈജുവിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് സൈജു തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.
ചിത്രത്തിന്റെ പേര് അന്താക്ഷരി എന്നാണെങ്കിലും ചിത്രം ഒരു സൈക്കോ ത്രില്ലര്‍ ആണെന്നും വളരെ ലളിതമായ ഒരു ഗെയിം എങ്ങനെ ഒരു സൈക്കോ ത്രില്ലറിന്റെ ഭാഗമാകുന്നു എന്നതാണ് തന്നെ ഈ ചിത്രം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സൈജു കുറുപ്പ് പറയുന്നു.
‘അന്താക്ഷരി വളരെ ലൈഫുള്ള ഒരു സിനിമയാണ്. ലൈഫ് ഉള്ളതുപോലെ തന്നെയാണ് അത് ഷൂട്ട് ചെയ്തിരിക്കുന്നത്. സംവിധായകന്‍ വിപിന്‍ ഈ ചിത്രത്തിന് മുമ്പ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തില്‍ ഒരു കഥാപാത്രത്തെ ചെയ്യാന്‍ എന്നെ വിളിച്ചിരുന്നു, എന്നാല്‍ മറ്റ് പ്രോജെക്റ്റുകള്‍ ഉണ്ടായിരുന്നതിനാല്‍ ചെയ്യാന്‍ പറ്റിയില്ല
സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അത് ചെയ്യണമായിരുന്നു എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അന്താക്ഷരിയുടെ സ്‌ക്രിപ്റ്റുമായി വിപിന്‍ ദാസ് എത്തിയപ്പോള്‍ തന്നെ അയാളില്‍ വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് സിനിമ ഷൂട്ട് കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ആത്മനിര്‍വൃതി ഉണ്ടായി,’ താരം പറയുന്നു.
നായക കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ വലിയ താല്പര്യം ഉള്ള ഒരാളല്ല താനെന്നും. ഗുണ്ടജയനിലും അന്താക്ഷരിയിലും ഗംഭീരമായൊരു കഥയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് താന്‍ നായകവേഷം ചെയ്യാന്‍ തയ്യാറായതെന്നും സൈജു അഭിമുഖത്തില്‍ പറഞ്ഞു.
‘സപ്പോര്‍ട്ടിങ് റോളുകളില്‍ എനിക്ക് നല്ല വേഷങ്ങള്‍ കിട്ടുന്നുണ്ട്. വെറുതെ ഞാന്‍ മറ്റേ സാധനം കയറി പിടിച്ച പിന്നെ സപ്പോര്‍ട്ടിങ് റോളിന് സമയവും കാണില്ല. സപ്ലൈ കൂടുതലായിരിക്കും ഡിമാന്റിനെക്കാളും, അപ്പോള്‍ നമ്മള്‍ വെറുതെ എന്തിനാണ് നമ്മുടെ കഞ്ഞിയില്‍ പാറ്റ ഇടുന്നത്. നായകനായി വരുന്നത് റിസ്‌ക്കാണ്.
ഞാന്‍ സിനിമയിലേക്ക് വന്നത് തന്നെ വലിയൊരു റിസ്‌ക്ക് എടുത്ത് കോര്‍പറേറ്റ് ജോലി കളഞ്ഞിട്ടാണ്. അന്ന് മയൂഖവും ലയണും മാത്രമായിരുന്നു ഞാന്‍ അഭിനയിച്ചതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. എന്റെ ജീവിതത്തിലെ എട്ട് വര്‍ഷം സിനിമക്ക് വേണ്ടി കാത്തിരുന്നു എന്നത് വലിയ റിസ്‌ക്കായിരുന്നു. ഇപ്പോള്‍ എനിക്ക് 42 വയസായി. ഇനി റിസ്‌ക്കെടുക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ നായക വേഷങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ ആഗ്രഹിക്കാത്തത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Actor Saiju Kurup says about his cinema career