ആ നടന്മാര്‍ ഡാന്‍സ് കളിക്കാന്‍ അറിയാത്തതിന് എന്നെ കളിയാക്കി, പക്ഷെ റോഷന്‍ ചേട്ടന് ഞാന്‍ ചെയ്യുമെന്ന കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു: സൈജു കുറുപ്പ്
Entertainment news
ആ നടന്മാര്‍ ഡാന്‍സ് കളിക്കാന്‍ അറിയാത്തതിന് എന്നെ കളിയാക്കി, പക്ഷെ റോഷന്‍ ചേട്ടന് ഞാന്‍ ചെയ്യുമെന്ന കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th January 2023, 2:14 pm

ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് സൈജു കുറുപ്പ്. നിരവധി സിനിമകളില്‍ വില്ലനായും നായകനായും സഹനടനായും താരം വേഷമിട്ടിട്ടുണ്ട്.

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നെറ്റിലും ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് വേണ്ടി താന്‍ ആദ്യമായി ഡാന്‍സ് കളിച്ച അനുഭവത്തെക്കുറിച്ച് പറയുകയാണ് താരമിപ്പോള്‍. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

‘ചില കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് ഒരു ഉള്‍വലിവ് ഉണ്ടാകുമല്ലോ, അതൊക്കെ തകര്‍ത്തെറിഞ്ഞ സിനിമയാണ് സാറ്റര്‍ഡേ നൈറ്റ്. ഡാന്‍സ് കളിക്കാന്‍ എനിക്ക് ഒരു ഉള്‍വലിവ് ഉണ്ടായിരുന്നു. അതില്‍ നിന്നൊക്കെ എന്നെ പുറത്തു കൊണ്ട് വന്നത് റോഷന്‍ ചേട്ടനാണ്.

സിനിമയുടെ കഥ പറയുന്ന സമയത്ത് തന്നെ ഡാന്‍സിനെ പറ്റി പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ റോഷന്‍ ചേട്ടനോട് പറഞ്ഞിരുന്നു ഈ പരിപാടിയില്‍ ഡാന്‍സുണ്ടല്ലോയെന്ന്.

റോഷന്‍ ചേട്ടന് ചിലപ്പോ എന്നെ കൊണ്ട് ചെയ്യിക്കാമെന്ന് കോണ്‍ഫിഡന്‍സ് കാണും. പക്ഷെ ഞാന്‍ അല്ലെ ചെയ്യേണ്ടത്. നിങ്ങള്‍ തകര്‍ത്ത് ഡാന്‍സ് ചെയ്യും. ഞാന്‍ ചെയ്യിപ്പിക്കും എന്നാണ് റോഷന്‍ ചേട്ടന്‍ എന്നോട് പറഞ്ഞത്.

പക്ഷെ അവിടെ ചെന്നിട്ടെനിക്ക് കുഴപ്പം ഇല്ലാതെ ചെയ്യാന്‍ പറ്റി. ഡാന്‍സ് സീനുകള്‍ക്ക് വേണ്ടി എന്നെ സഹായിച്ചത് സിജു വില്‍സണ്‍ ആണ്. സിജു വില്‍സണ്‍ മുത്താണ്. നിവിനും സിജുവും ഒക്കെ എന്നെ എപ്പോഴും കളിയാക്കുമായിരുന്നു. അടുത്തതായി സൈജു കുറുപ്പ് ഹീറോ ആയി അഭിനയിക്കാന്‍ പോവുന്ന സിനിമയുടെ പേര് ഡിസ്‌കോ ഡാന്‍സര്‍ എന്നൊക്കെയാണെന്ന് അവര്‍ കളിയാക്കുമായിരുന്നു,” സൈജു കുറുപ്പ് പറഞ്ഞു.

കിറുക്കനും കൂട്ടുകാരുമെന്ന ടാഗ് ലൈനോടെയാണ് നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ പിറന്ന സാറ്റര്‍ഡേ നൈറ്റ് എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

സ്റ്റാന്‍ലി, അജിത്ത്, ജസ്റ്റിന്‍, സുനില്‍ എന്നീ നാലു കൂട്ടുകാരുടെ സൗഹൃദവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതി വൃത്തം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറമാണ് സൈജു കുറിപ്പിന്റെ ഏറ്റവും പുതിയ ചിത്രം.

content highlight: actor saiju kurupp about saturday night movie