സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന് വേണ്ടി താന്‍ ആദ്യമായി ഡാന്‍സ് കളിച്ച അനുഭവത്തെക്കുറിച്ച് പറയുകയാണ് സൈജു കുറുപ്പ്. ഡാന്‍സ് ചെയ്യാന്‍ അറിയില്ലെന്ന കാര്യം താന്‍ ആദ്യമെ സംവിധായകനോട് പറഞ്ഞിരുന്നെന്നും പക്ഷെ തന്നെ കൊണ്ട് ചെയ്യിപ്പിക്കാന്‍ കഴിയുമെന്ന കോണ്‍ഫിഡന്‍സ് സംവിധായകനുണ്ടായിരുന്നെന്നും സൈജു കുറുപ്പ് പറഞ്ഞു. ജാങ്കോ സ്പേസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
‘ചില കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് ഒരു ഉള്‍വലിവ് ഉണ്ടാകുമല്ലോ, അതൊക്കെ തകര്‍ത്തെറിഞ്ഞ സിനിമയാണ് സാറ്റര്‍ഡേ നൈറ്റ്. ഡാന്‍സ് കളിക്കാന്‍ എനിക്ക് ഒരു ഉള്‍വലിവ് ഉണ്ടായിരുന്നു. അതില്‍ നിന്നൊക്കെ എന്നെ പുറത്തു കൊണ്ട് വന്നത് റോഷന്‍ ചേട്ടനാണ്.
സിനിമയുടെ കഥ പറയുന്ന സമയത്ത് തന്നെ ഡാന്‍സിനെ പറ്റി പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ റോഷന്‍ ചേട്ടനോട് പറഞ്ഞിരുന്നു ഈ പരിപാടിയില്‍ ഡാന്‍സുണ്ടല്ലോയെന്ന്.
റോഷന്‍ ചേട്ടന് ചിലപ്പോ എന്നെ കൊണ്ട് ചെയ്യിക്കാമെന്ന് കോണ്‍ഫിഡന്‍സ് കാണും. പക്ഷെ ഞാന്‍ അല്ലെ ചെയ്യേണ്ടത്. നിങ്ങള്‍ തകര്‍ത്ത് ഡാന്‍സ് ചെയ്യും. ഞാന്‍ ചെയ്യിപ്പിക്കും എന്നാണ് റോഷന്‍ ചേട്ടന്‍ എന്നോട് പറഞ്ഞത്.
പക്ഷെ അവിടെ ചെന്നിട്ടെനിക്ക് കുഴപ്പം ഇല്ലാതെ ചെയ്യാന്‍ പറ്റി. ഡാന്‍സ് സീനുകള്‍ക്ക് വേണ്ടി എന്നെ സഹായിച്ചത് സിജു വില്‍സണ്‍ ആണ്. സിജു വില്‍സണ്‍ മുത്താണ്. നിവിനും സിജുവും ഒക്കെ എന്നെ എപ്പോഴും കളിയാക്കുമായിരുന്നു. അടുത്തതായി സൈജു കുറുപ്പ് ഹീറോ ആയി അഭിനയിക്കാന്‍ പോവുന്ന സിനിമയുടെ പേര് ഡിസ്‌കോ ഡാന്‍സര്‍ എന്നൊക്കെയാണെന്ന് അവര്‍ കളിയാക്കുമായിരുന്നു,” സൈജു കുറുപ്പ് പറഞ്ഞു.
നവ്യ നായര്‍ ഫീമെയ്ല്‍ ലീഡില്‍ എത്തുന്ന ജാനകി ജാനേയാണ് സൈജു കുറുപ്പിന്റെ ഏറ്റവും പുതിയ ചിത്രം. അനീഷ് ഉപാസനയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഷറഫുദീന്‍, ജോണി ആന്റണി, നന്ദു, കോട്ടയം നസീര്‍, പ്രമോദ് വെളിയനാട്, അനാര്‍ക്കലി മരയ്ക്കാര്‍, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, സ്മിനു സിജോ, ഷൈലജ ശ്രീധരന്‍, ജെയിംസ് ഏലിയാ, ജോര്‍ഡി പൂഞ്ഞാര്‍, വിദ്യ വിജയകുമാര്‍, സതി പ്രേംജി, അന്‍വര്‍ ഷെരീഫ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
content highlight: actor saiju kurupp about first dance memories