ദുല്‍ഖറുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് നടന്‍ സൈജു കുറുപ്പ്. ദുല്‍ഖറില്‍ ഒരു പരിധിവരെ തന്നെയാണ് കാണുന്നതെന്നും ഞാന്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹവുമായി സുഹൃത്തുക്കളായതെന്നും സൈജു പറഞ്ഞു.
ദുല്‍ഖറിനെ പോലെയാക്കാന്‍ രണ്ട് ദിവസം തന്റെ മകനെ അദ്ദേഹത്തിന്റെ അമ്മയുടെ അടുത്ത് കൊണ്ടു വന്ന് നിര്‍ത്തിക്കോട്ടെയെന്ന് തമാശക്ക് ചോദിക്കാറുണ്ടെന്നും സൈജു പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സൈജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ദുല്‍ഖറില്‍ ഒരു പരിധിവരെ എന്നെ പോലെ ഒരാളെ ഞാന്‍ കണ്ടു. എന്നെ പോലെ ഒരാള്‍ എന്ന് പറയുമ്പോള്‍ എന്താണ് അതിന് കാരണമെന്ന് നിങ്ങള്‍ ചോദിക്കും. അപ്പോള്‍ ഞാന്‍ ദുല്‍ഖറിനെക്കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമായിരിക്കും പറയുക. ഓട്ടോമാറ്റിക്കലി ദുല്‍ഖറിന്റെ നല്ല ക്വാളിറ്റി പറയുമ്പോള്‍ ഞാന്‍ തന്നെ എന്നെ പുകഴ്ത്തുന്നതുപോലെയാകും.
ദുല്‍ഖറിനോട് ഞാന്‍ തമാശക്ക് പറയാറുണ്ട്, എന്റെ മകനെ ഒരു രണ്ട് ദിവസം നിങ്ങളുടെ അമ്മയുടെ അടുത്ത് കൊണ്ട് വന്ന് നിര്‍ത്തിക്കോട്ടെയെന്ന്. അവനെ നിങ്ങളെ പോലെ ആക്കി തരാന്‍ വേണ്ടിയാണെന്ന് പറയും. ഇതാണ് ദുല്‍ഖര്‍ എനിക്ക്.
അവനൊക്കെ നല്ല മനുഷ്യനാവുമെന്ന് ദുല്‍ഖര്‍ തിരിച്ച് പറയും. ഞങ്ങള്‍ ഭയങ്കര ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. പരസ്പരം അപ്‌ഡേറ്റാണ് ഞങ്ങള്‍. എന്റെ ഒരു പടം ദുല്‍ഖര്‍ പ്രൊഡ്യൂസ് ചെയ്തു. ഞാന്‍ എന്ന സിനിമയില്‍ വെച്ചാണ് ഞങ്ങള്‍ സുഹൃത്തുക്കളാകുന്നത്,” സൈജു കുറുപ്പ് പറഞ്ഞു.
നവ്യ നായര്‍ ഫീമെയ്ല്‍ ലീഡില്‍ എത്തുന്ന ജാനകി ജാനേയാണ് സൈജു കുറുപ്പിന്റെ ഏറ്റവും പുതിയ ചിത്രം. അനീഷ് ഉപാസനയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഷറഫുദീന്‍, ജോണി ആന്റണി, നന്ദു, കോട്ടയം നസീര്‍, പ്രമോദ് വെളിയനാട്, അനാര്‍ക്കലി മരയ്ക്കാര്‍, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, സ്മിനു സിജോ, ഷൈലജ ശ്രീധരന്‍, ജെയിംസ് ഏലിയാ, ജോര്‍ഡി പൂഞ്ഞാര്‍, വിദ്യ വിജയകുമാര്‍, സതി പ്രേംജി, അന്‍വര്‍ ഷെരീഫ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
content highlight: actor saiju kurupp about dulquer salmaan