| Tuesday, 6th June 2023, 6:18 pm

ഹരിഹരന്‍ സര്‍ പറഞ്ഞു ഓവര്‍ എക്‌സ്പ്രസീവാകേണ്ടെന്ന്, പ്രാരാബ്ദക്കാരന്റെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനഭിനയിച്ചൊരു സിനിമയിലെ സീന്‍ കണ്ടിട്ട് സംവിധായകന്‍ ഹരിഹരന്‍ തന്നോട് ഓവര്‍ എക്‌സ്പ്രസീവാകേണ്ടെന്ന് പറഞ്ഞുവെന്ന് നടന്‍ സൈജു കുറുപ്പ്.

ഹരിഹരന്‍ സര്‍ കൃത്യമായ് കാര്യങ്ങള്‍ പറഞ്ഞുതരുമെന്നും പ്രാരാബ്ദക്കാരന്റെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും നടന്‍ പറഞ്ഞു. സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹരിഹരന്‍ സര്‍ കൃത്യമായ് കാര്യങ്ങള്‍ പറഞ്ഞുതരും. എന്റെ ഒരു സിനിമ റിലീസായ സമയത്ത് അദ്ദേഹം കാണാന്‍ പോയി. എന്റെ അമ്മ ഞാന്‍ ചെയ്യാത്തൊരു കാര്യത്തിന്റെ പേരില്‍ എന്നെ വീട്ടില്‍ നിന്ന് ആട്ടിപുറത്താക്കുന്നൊരു സീനുണ്ട് ആ സിനിമയില്‍. അമ്മ കരഞ്ഞുകൊണ്ട് എന്നോട് ഇറങ്ങിപോടായെന്ന് പറയും. അതിനുശേഷം ഞാന്‍ കരഞ്ഞുകൊണ്ട് പറയണം, അമ്മേ ഞാനൊന്നും ചെയ്തിട്ടില്ലെന്ന്. അതൊരു ക്ലോസപ് ഷോട്ടായിരുന്നു.

ഹരിഹരന്‍ സര്‍ എന്നോട് ചോദിച്ചു, നീ എന്തിനാണ് അത്ര ഓവര്‍ എക്‌സ്പ്രസീവായതെന്ന്. ക്ലോസപ് ഷോട്ടായതുകൊണ്ടുതന്നെ അത്രയ്ക്കും എക്‌സ്പ്രസീവാകരുത് എന്നാണ് സര്‍ പറഞ്ഞത്. ആ സീനില്‍ അമ്മയെ നോക്കി ജസ്റ്റ് കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നാല്‍ മാത്രം മതിയായിരുന്നുവെന്നും അദ്ദേഹമന്ന് പറഞ്ഞിരുന്നു , ‘ സൈജു കുറുപ്പ് പറഞ്ഞു.

പ്രാരാബ്ദമുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒരുപാട് ഇമോഷന്‍സ് പ്രേക്ഷകനുമായ് കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുമെന്നും നടന്‍ പറഞ്ഞു. നാടോടിക്കാറ്റ് എന്ന സിനിമയിലൊക്കെ നര്‍മവും ഇമോഷന്‍സും നല്ലരീതിയില്‍ വരാന്‍ അതൊരു കാരണമായിരുന്നെന്നും സൈജു പറഞ്ഞു.

‘പ്രാരാബ്ദമുള്ള നായകകഥാപാത്രങ്ങള്‍ എനിക്കിഷ്ടമാണ്. നമ്മുടെ കഥാപാത്രങ്ങള്‍ക്ക് പ്രാരാബ്ദം വരുമ്പോള്‍ ഒരു പാട് ഇമോഷന്‍സ് നമുക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റും. സാമ്പത്തികമായ് യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഒരു കഥാപാത്രമാണെങ്കില്‍ പിന്നെയെന്ത് കഥയാണ് പറയാനുള്ളത്.

ഈ പ്രാരാബ്ദത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് വരുന്ന കോമഡികളുണ്ട്. അതാണല്ലോ നാടോടിക്കാറ്റ് എന്ന സിനിമയിലൊക്കെ വര്‍ക്ക് ഔട്ടായത്. അതില്‍ നിന്ന് വരുന്ന കുറേ ഹ്യൂമര്‍ സിറ്റുവേഷനുകളുണ്ട്.

പ്രാരാബ്ദക്കാരനായൊരു കഥാപാത്രം സിനിമയില്‍ വിജയിച്ച് കാണുമ്പോള്‍ ആളുകള്‍ സന്തോഷിക്കും. ആ കഥാപാത്രം വിഷമിക്കുമ്പോള്‍ പ്രേക്ഷകരുടെ കണ്ണൊന്ന് നനയാനും സാധ്യതയുണ്ട്. അങ്ങനെയൊരുപാട് ഗുണങ്ങളുണ്ട് പ്രാരാബ്ദക്കാരനായ കഥാപാത്രത്തിന്, ‘ സൈജു പറഞ്ഞു.

Content Highlights: Actor Saiju Kurupp about Director Hariharan

We use cookies to give you the best possible experience. Learn more