മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കോമഡി ചിത്രങ്ങളിലൊന്നാണ് ആട്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ സിനിമയിലെ അറക്കല്‍ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സൈജു കുറുപ്പാണ്. ചിത്രത്തില്‍ അബുവിനെ കൈപ്പുഴ കുഞ്ഞപ്പന്‍ എന്ന ഗുണ്ട തല്ലുന്ന സീനുണ്ട്. ആ സീന്‍ ഷൂട്ട് ചെയ്തപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ സൈജു കുറുപ്പ്.
ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എന്ത് എക്‌സ്പ്രഷന്‍ കൊടുക്കണമെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടായിരുന്നു എന്ന് സൈജു കുറുപ്പ് പറഞ്ഞു. കൈപ്പുഴ കുഞ്ഞപ്പന്റെ കഥാപാത്രം ചെയ്ത വിനോദും ലോലന്‍ എന്ന കഥാപാത്രവും ചേര്‍ന്നാണ് തനിക്ക് എങ്ങനെ ചെയ്യണമെന്ന് പറഞ്ഞുതന്നതെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ആട് 2വില്‍ എനിക്ക് അടി കിട്ടുന്ന ഒരു സീനുണ്ട്. കൈപ്പുഴ കുഞ്ഞപ്പന്‍ വന്നിട്ടാണ് എന്നെ തല്ലുന്നത്. ഞാന്‍ അടികൊള്ളുമ്പോള്‍ സിനിമയില്‍ കാണുന്നതുപോലെ റിയക്ട് ചെയ്യാനായിരുന്നില്ല ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചെയ്യാമെന്ന് ഞാന്‍ കരുതിയ സാധനം വേറെയൊരു ആക്ടര്‍ ചെയ്തതുകൊണ്ട് എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല.
എന്നെ കൈപ്പുഴ കുഞ്ഞപ്പന്‍ അടിക്കുമ്പോള്‍ തല വെട്ടിച്ചിട്ട് മാത്രം കാര്യമില്ലല്ലോ. അത് നോര്‍മല്‍ അടിക്കൊള്ളലാണ്. അതൊക്കെ സീരിയസായി കഥ പറയുന്ന സിനിമകളിലാണ് കാണിക്കുന്നത്. എന്നാല്‍ ഇവിടെയത് പറ്റില്ല. ഞാന്‍ ചെയ്യണമെന്ന് കരുതിയ സാധനം, അടി കൊണ്ടപ്പോള്‍ അതേ സിനിമയില്‍ തന്നെ ഒരാള്‍ ചെയ്തു.
അങ്ങനെ ഓരോ ആള്‍ക്കാരോടും ഞാന്‍ ചോദിക്കാന്‍ തുടങ്ങി, അടി കിട്ടുമ്പോഴുള്ള വ്യത്യസ്തമായ എക്‌സ്പ്രഷന്‍സ് എന്തൊക്കെയായിരിക്കുമെന്ന്. ഒന്ന് കാണിച്ച് തരാമോയെന്നും ഞാന്‍ അവരോടൊക്കെ ചോദിച്ചു. അങ്ങനെ ലാസ്റ്റ് സിനിമയില്‍ ലോലനായി അഭിനയിക്കുന്ന ഹരികൃഷ്ണനാണ് പറഞ്ഞത്, ചേട്ട അടികൊണ്ട് കഴിയുമ്പോള്‍ കോടിപോകുന്ന മുഖം കൈകൊണ്ട് തിരിച്ച വെക്കുന്നതായി കാണിക്കാന്‍.
ആഹാ അത് കൊള്ളാലോയെന്ന് ഞാനും കരുതി. അങ്ങനെ ഞാന്‍ ചെയ്തപ്പോള്‍ നമ്മുടെ കൈപ്പുഴ കുഞ്ഞപ്പനായി അഭിനയിക്കുന്ന വിനീത് എന്നോട് പറഞ്ഞു. അടി കൊണ്ട് കഴിയുമ്പോള്‍ കോടിപ്പോകുന്ന സൈജുവിന്റെ മുഖം ഞാന്‍ തിരിച്ച് വെക്കാമെന്ന്. അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു ആയ്‌ക്കോട്ടേയെന്ന്. അങ്ങനെയാണ് ആ സീന്‍ സംഭവിക്കുന്നത്,’ സൈജു കുറുപ്പ് പറഞ്ഞു.
content highlight: actor saiju kurupp about aadu 2 movie