കരിയറിന്റെ തുടക്കത്തില്‍ സീരിയസ് കഥാപാത്രങ്ങള്‍ ചെയ്ത്, പിന്നീട് കോമഡി വേഷങ്ങളിലേക്ക് ചുവടുമാറി ശ്രദ്ധേയനായ നടനാണ് സൈജു കുറുപ്പ്. എഞ്ചിനിയറിങ് പഠനം കഴിഞ്ഞ് എയര്‍ടെല്ലിന്റെ സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്കു ചെയ്യുന്നതിനിടെ പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍ മുഖേനയാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. അന്നത്തെ അനുഭവം സമയം മലയാളത്തിനോട് പങ്കുവെക്കുകയാണ് സൈജു കുറുപ്പ്.
”രണ്ട് മൂന്ന് തവണ ഞാന്‍ അദ്ദേഹത്തിനെ കാണാന്‍ പോയപ്പോള്‍ എയര്‍ടെല്‍ കണക്ഷന്‍ എടുക്കുന്നില്ലെന്നായിരുന്നു പറഞ്ഞത്. അതോടെ ഞാനൊന്ന് ഡൗണ്‍ ആയിരുന്നു. കാരണം ഓഫിസില്‍ ബോസിന്റെ അടുത്ത് ഞാന്‍ ഭയങ്കര ബില്‍ഡപ്പ് കൊടുത്തിരുന്നു. പ്ലേ ബാക്ക് സിംങര്‍ എം.ജി. ശ്രീകുമാറുമായി എനിക്ക് കണക്ഷനുണ്ട് എന്നൊക്കെയാണ് ഞാന്‍ അവിടെ പറഞ്ഞത്.
വീണ്ടും ചെന്നപ്പോള്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടോ എന്ന് ചോദിച്ചു, ഞാന്‍ കുറച്ച് മിനിട്ട് ആലോചിച്ചു. ഒരു ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഒരു ഫ്രാക്ഷന്‍ ഓഫ് സെക്കന്റാണ് കിട്ടുക. പക്ഷേ അദ്ദേഹത്തിന്റെ ഈ ഒരു ചോദ്യത്തിന് ഉത്തരം പറയാന്‍ ഞാനൊരു രണ്ടുമൂന്ന് സെക്കന്റ് എടുത്തു കാണും.
ഈ മൂന്ന് സെക്കന്റില്‍ ഞാന്‍ പല കാര്യങ്ങള്‍ ചിന്തിച്ചു. സമ്മതം അറിയിച്ചില്ലെങ്കില്‍ അദ്ദേഹം കണക്ഷന്‍ എടുക്കില്ലെന്ന് മനസിലായി. കൂടാതെ നമ്മളെ ആള്‍ക്കാര്‍ അറിയണമെന്നും അറിയപ്പെടുന്ന ആളാകണമെന്നൊക്കെ ഉള്ളില്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എഞ്ചിനിയറിങിനാണ് ഞാന്‍ പഠിച്ചത്, പിന്നെ സെയില്‍സിലേക്ക് കടക്കുകയായിരുന്നു. അതോടെ ഫേമസാകണമെന്ന ആഗ്രഹം ഞാന്‍ ഉപേക്ഷിച്ചു.
അദ്ദേഹം അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മൂന്ന് കാര്യം മനസില്‍ വന്നു. സിനിമയില്‍ അഭിനയിച്ചാല്‍ ഫേമസാകും. പിന്നെ അതിലൂടെ ഞാന്‍ ഏതെങ്കിലും നടന്മാരുടെ അടുത്ത് ചെന്നാല്‍ അവര്‍ അപ്പോയ്ന്‍മെന്റ് തരും, അങ്ങനെ സെയില്‍സ് കൂട്ടാന്‍ കഴിയും. മൂന്നാമത്തെ കാര്യം ഇപ്പോള്‍ ഈ ഓഫര്‍ നിരസിച്ചാല്‍ ചിലപ്പോള്‍ സാര്‍ കണക്ഷന്‍ എടുക്കാതെ എന്നെ പറഞ്ഞ് വിടും.
ഇതൊക്കെ ആ ചുരുങ്ങിയ സമയം കൊണ്ട് ഞാനാലോചിച്ചു. എന്നിട്ടാണ് ഞാന്‍ സമ്മതം പറഞ്ഞത്. അദ്ദേഹമാണ് ഹരിഹരന്‍ സാറിനെ പരിചയപ്പെടുത്തി തന്നത്. പിന്നെ ഓഡിഷന്‍സ് ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞാണ് എന്നെ സെലക്ട് ചെയ്തത്,” സൈജു കുറുപ്പ് പറഞ്ഞു.
content highlight: actor saiju kurup shares his experience with m.g sree kumar