Entertainment news
'കടക്കെണി സ്റ്റാര്‍', ട്രോളി തോല്‍പ്പിക്കാന്‍ ആരാധകന്‍; സര്‍പ്രൈസ് മറുപടിയുമായി സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 27, 07:52 am
Monday, 27th February 2023, 1:22 pm

മയൂഖം എന്ന സിനിമയിലൂടെ മലയാളത്തില്‍ നായകനായി എത്തുകയും പിന്നീട് ക്യാരക്ടര്‍ റോളുകളില്‍ തിളങ്ങിയ നടനാണ് സൈജു കുറുപ്പ്. ചെയ്യുന്നത് ചെറിയ വേഷങ്ങളാണെങ്കില്‍ പോലും സൈജു കുറുപ്പിന്റെ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷക പ്രശംസകള്‍ ലഭിക്കാറുണ്ട്.

കഴിഞ്ഞ ദിവസം സിനിമാഗ്രൂപ്പില്‍ സൈജു കുറിപ്പ് അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെ വെച്ച് കൊണ്ട് ഇജാസ് അഹമ്മദ് എന്ന വ്യക്തി ഇട്ട പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു.

‘മലയാളത്തില്‍ ഒരു കംപ്ലീറ്റ് ഡെബ്റ്റ് സ്റ്റാര്‍ ഉണ്ടെന്നതില്‍ നമുക്ക് അഭിമാനിക്കാം, കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന ഒരു മനുഷ്യന്‍’ എന്നായിരുന്നു പോസ്റ്റിന്റെ ക്യാപ്ഷന്‍.

മാളികപ്പുറം, മേപ്പടിയാന്‍, ട്വല്‍ത്ത് മാന്‍, ഒരുത്തി, മെ ഹൂം മൂസ, സാറ്റര്‍ഡേ നൈറ്റ് തുടങ്ങിയ സിനിമകളിലെ സൈജുവിന്റെ ക്യാരക്ടര്‍ പോസ്റ്റും ചേര്‍ത്തിട്ടായിരുന്നു പരാമര്‍ശം. ഈ ചിത്രങ്ങളിലെല്ലാം കടക്കാരനായി ജീവിക്കുന്ന മനുഷ്യനായാണ് സൈജു അഭിനയിച്ചത്.

ഇപ്പോള്‍ ഈ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സൈജു. നല്ല നിരീക്ഷണമാണ് ഇജാസ് എന്നായിരുന്നു സൈജു കുറുപ്പിന്റെ മറുപടി. ജീവിതത്തില്‍ അങ്ങനെ അധികം ആരോടും താന്‍ കടം വാങ്ങിയിട്ടില്ലെന്നും സൈജു വ്യക്തമാക്കി.

ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല. പക്ഷേ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഇഷ്ടംപോലം കടം മേടിച്ചു എന്നും സൈജു കുറുപ്പ് മറുപടിയായി എഴുതി.

‘നല്ല നിരീക്ഷണമാണ് ഇജാസ് അഹമ്മദ്, ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല. പക്ഷെ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഇഷ്ടം പോലെ കടം മേടിച്ചു. ഈ നിരീക്ഷണത്തിന് നന്ദി ഇജാസ്’ സൈജു കുറിച്ചു.

നിരവധി വ്യക്തികളാണ് പോസ്റ്റില്‍ രസകരമായ രീതിയില്‍ കമന്റ് ചെയ്യുന്നത്. രാജമ്മ അറ്റ് യാഹൂ എന്നൊരു പടത്തിലും കടം കയറി കുത്തുപാള എടുക്കുന്ന കഥാപാത്രമായിട്ട് തന്നെയാണ് അഭിനയിച്ചതെന്നും ചിലര്‍ ഓര്‍മിപ്പിച്ചു. ഡെബ്റ്റ് സ്റ്റാര്‍ എന്നതിന് പകരം പ്രാരാബ്ദം സ്റ്റാര്‍ എന്നും വിശേഷിപ്പിക്കുന്നവരുണ്ട്.

ഒന്ന് ചെറുതായി ട്രോളിയാല്‍ കുരു പൊട്ടുന്ന നടന്മാരുടെയും സിനിമാ പ്രവര്‍ത്തകരുടെയും ഇടയില്‍ വ്യത്യസ്തനാണ് സൈജു എന്നും ട്രോളുകളെ ഈ രീതിയില്‍ സമീപിക്കുന്നതില്‍ സൈജുവിനെ അഭിനന്ദിച്ചുള്ള കമന്റുകളും അനവധിയുണ്ട്.

സൈജു കുറുപ്പ് വീണ്ടും നായകനാകുന്ന സിനിമയുടെ ചിത്രീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൈജു കുറുപ്പ് നായകനാകുന്നത്. സിന്റോ സണ്ണി തന്നെയാണ് തിരക്കഥയും എഴുതുന്നത്.

content highlight: actor saiju kurup post about trolls