കടം വാങ്ങുന്ന, സാമ്പത്തിക പ്രയാസം നേരിടുന്ന കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്തതുകൊണ്ട് ‘കടക്കാരന്‍ സ്റ്റാര്‍’ എന്നൊരു വിശേഷണം ട്രോളന്‍മാര്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് നടന്‍ സൈജു കുറുപ്പ്.
ട്രോളായി ഉയര്‍ന്ന അത്തരമൊരു പോസ്റ്റ് താന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ റീപോസ്റ്റ് ചെയ്തുവെന്നും ട്രോളുകളിലൂടെ നമ്മുടെ ചിന്തകളെ ആ വഴിക്ക് തിരിച്ചുവിട്ടവരോട് നന്ദി പറയുന്നുവെന്നും താരം പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ജാനകി ജാനേയുടെ വിശേഷങ്ങള്‍ മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ അഭിമുഖത്തിലൂടെ പങ്കുവെക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ട്രോളന്‍മാരുടെ നിരീക്ഷണം എന്റെ ശ്രദ്ധയിലുംപെട്ടിട്ടുണ്ട്. ഞാന്‍ അവതരിപ്പിക്കുന്ന മിക്ക കഥാപാത്രങ്ങളും സാമ്പത്തികപരാധീനതകളില്‍പ്പെട്ടവരും കടം വാങ്ങി ജീവിക്കുന്നവരുമാണല്ലോ എന്ന ചിന്ത അപ്പോഴാണ് എനിക്കുണ്ടായത്.
ട്രോളായി ഉയര്‍ന്ന അത്തരമൊരു പോസ്റ്റ് ഞാന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ റീപോസ്റ്റ് ചെയ്തു. ട്രോളുകളിലൂടെ നമ്മുടെ ചിന്തകളെ ആ വഴിക്ക് തിരിച്ചുവിട്ടവരോട് നന്ദി പറയുന്നു. ആരില്‍നിന്നെങ്കിലും എപ്പോഴെങ്കിലും കടം വാങ്ങാത്തവര്‍ കുറവായിരിക്കും.
ജാനകീ ജാനേയില്‍ സബ് കോണ്‍ട്രാക്ടറുടെ വേഷമാണെനിക്ക്. റോഡ്, കാന, കലുങ്ക് നിര്‍മാണം തുടങ്ങി ജോലി പൂര്‍ത്തിയാക്കി ചെക്ക് കിട്ടാന്‍ താമസിച്ച് അല്ലറചില്ലറ റോളിങ്ങൊക്കെ നടത്തുന്ന കഥാപാത്രമാണ് ഇതിലും,’ സൈജു കുറുപ്പ് പറഞ്ഞു.
എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാനകി ജാനെ’. ചിത്രം മെയ് 12നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുക.
Content Highlight: Actor Saiju Kurup has noticed that trolls have given him an epithet ‘Kadakaran Star’