| Friday, 25th February 2022, 4:05 pm

ഞാന്‍ കണ്ണുകൊണ്ട് അഭിനയിക്കുകയാണെന്നാണ് ആളുകള്‍ക്ക് തോന്നുന്നത്, എന്നാല്‍ അങ്ങനെയല്ല: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൈജു കുറുപ്പിനെ നായക കഥാപാത്രമാക്കി അരുണ്‍ വൈഗ സംവിധാനം ചെയ്ത ഉപചാരപൂര്‍വം ഗുണ്ടജയന്‍ തിയേറ്ററിലെത്തിയിരിക്കുകയാണ്.

2005 ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സൈജുവിന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് ഉപചാരപൂര്‍വം ഗുണ്ടജയന്‍.

കരിയറിലെ ഈ നാഴികകല്ല് പിന്നിടുമ്പോള്‍ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് സൈജു കുറുപ്പ്. അതിനൊപ്പം തന്റെ നൂറാമത്തെ ചിത്രം നടന്‍ ദുല്‍ഖര്‍ നിര്‍മിച്ചതിന്റെ സന്തോഷവും സൈജുവിനുണ്ട്.

കഴിഞ്ഞ 16 വര്‍ഷത്തെ യാത്ര നല്ല അനുഭവമായിരുന്നെന്നും പലതും പഠിക്കാന്‍ പറ്റിയെന്നും സൈജു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഗുണ്ടജയന്‍ വരെയുള്ള 99 സിനിമകള്‍ തന്ന അനുഭവങ്ങളുടെ ഒരു പിന്‍ബലമാണ് തനിക്ക് കൈമുതലായുള്ളതെന്നും ഒരുപാട് കഷ്ടപാടുകള്‍ ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു.

എനിക്കെപ്പോഴും ഇഷ്ടം അല്‍പം സീരിയസായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ്. കാരണം അതെനിക്ക് പെട്ടെന്ന് ചെയ്യാന്‍ പറ്റുന്ന ഒന്നാണെന്ന് തോന്നിയിട്ടുണ്ട്. പലരും പറഞ്ഞ് കേട്ടിട്ടില്ലേ ഹാസ്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന്. എന്നെ സംബന്ധിച്ച അത് ബുദ്ധിമുട്ടുള്ള കാര്യമല്ല, ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. അതാണ് എന്റെ പ്രശ്‌നം. എന്നാല്‍ ദൈവാനുഗ്രഹം കൊണ്ട് എനിക്ക് രണ്ട് തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ ഞാന്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുള്ളൂ. വില്ലന്‍ വേഷം ചെയ്തിരുന്ന ആള്‍ പിന്നീട് ഹാസ്യവേഷം അവതരിപ്പിക്കുന്ന പോലെയല്ല എന്റെ കാര്യത്തില്‍ സംഭവിച്ചത്. ചിലപ്പോള്‍ ഹ്യൂമര്‍ എന്റെ കണ്ണുകളിലോ ഞാന്‍ സംഭാഷണം അവതരിപ്പിക്കുന്നതിലോ ഉണ്ടായിരുന്നിരിക്കും.

ട്രിവാന്‍ഡ്രം ലോഡ്ജിന് മുമ്പുള്ള ഇരുപത്തിയെട്ട് ചിത്രങ്ങളിലെ അനുഭവം വച്ച് എനിക്ക് ഹ്യൂമര്‍ ചെയ്യാന്‍ പറ്റുന്നതുമായിരുന്നിരിക്കും. പിന്നെ പലരും പറഞ്ഞ് കേട്ടിട്ടുള്ളത് തന്നെയാണ് ഈ കണ്ണിന്റെ കാര്യം. അത് ദൈവാനുഗ്രഹമാണ്.

കണ്ണുകൊണ്ട് നിങ്ങളെ ചിരിപ്പിക്കുന്നത് ബോധപൂര്‍വമല്ല, സംഭവിച്ച് പോവുന്നതാണ്. അല്ലാതെ കണ്ണ് വച്ച് കോമഡി കാണിക്കണം എന്ന് ഞാന്‍ കരുതിയിട്ടില്ല. കണ്ണ് നല്ല വലുതായത് കാരണം കണ്ണിന്റെ ചലനങ്ങളും ചേഷ്ഠകളുമെല്ലാം ആളുകള്‍ക്ക് നന്നായി കാണാനാകും. അതുകൊണ്ട് തന്നെ ക്ലോസപ്പ് ഷോട്ടൊക്കെ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് തോന്നുന്നതാണ് ഞാന്‍ കണ്ണുകൊണ്ട് അഭിനയിക്കുന്നതാണെന്ന്, സൈജു പറയുന്നു.

കരിയറിന്റെ ഓരോ ഘട്ടത്തിലും നല്ല ചിത്രങ്ങളുടെ ഭഗമാവാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും എങ്കിലും കരിയറില്‍ തനിക്ക് ബ്രേക്ക് നല്‍കിയ ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജ് ആണെന്നും സൈജു പറയുന്നു.

അതെന്റെ ഇരുപത്തിയൊമ്പതാമത്തെ ചിത്രമാണ്. ഇപ്പോള്‍ നൂറാമത്തെ ചിത്രമെത്തി നില്‍ക്കുന്നു. ഇരുപത്തിയൊമ്പതാമത്തെ ചിത്രം കഴിഞ്ഞു വന്ന ഓരോ ചിത്രവും എനിക്ക് നാഴികക്കല്ലുകള്‍ തന്നെയാണ്. അതില്‍ വളരെ പോപ്പുലറായ കഥാപാത്രങ്ങളുണ്ട്, ശ്രദ്ധ നേടിയ കഥാപാത്രങ്ങളുണ്ട്. അതിലൊന്നാണ് ആടിലെ അറക്കല്‍ അബു. എന്റെ കരിയറിന്റെ വളര്‍ച്ചയില്‍ അബു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്, സൈജു പറഞ്ഞു.

Content Highlight: Actor saiju Kurup About Upacharapoorvam Gundajayan

We use cookies to give you the best possible experience. Learn more