|

'ഹേ ഗയ്‌സ്, നിങ്ങള്‍ പിരിഞ്ഞൂട്ടോ, വാര്‍ത്ത വന്നിട്ടുണ്ട്; റൂമിലേക്ക് കേറിവന്ന് മോള് പറഞ്ഞു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പങ്കാളിയായ ബിന്ദു പണിക്കരേയും തന്നേയും കുറിച്ചും വന്ന ഗോസിപ്പിനെ പറ്റി സംസാരിക്കുകയാണ് നടന്‍ സായ് കുമാര്‍. ഒരു ദിവസം ഒന്നിച്ച് സിനിമ കണ്ടുകൊണ്ടിരുന്നപ്പോഴാണ് തങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്ത മകള്‍ കാണിച്ചുവെന്നും അത് മൈന്‍ഡ് ചെയ്യാതെ സിനിമ കണ്ടെന്നും സായ് കുമാര്‍ പറഞ്ഞു. പിറ്റേന്ന് തന്റെ ഒരു സുഹൃത്ത് ഈ വാര്‍ത്തയെ പറ്റി അറിയാന്‍ ഫോണ്‍ വിളിച്ചെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സായ് കുമാര്‍ പറഞ്ഞു.

കേട്ട് ചിരിച്ച ഒരു ഗോസിപ്പ് എന്താണെന്ന ചോദ്യത്തിന് ഞങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞതാണെന്നായിരുന്നു സായ്കുമാറിന്റെ മറുപടി. ‘ഒരു ദിവസം ഞങ്ങള്‍ ബെഡ്‌റൂമില്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ക്ലൈമാക്‌സാവാറായി. ഞങ്ങള്‍ അതില്‍ രസിച്ചിരിക്കുകയാണ്.

അപ്പോള്‍ മോള് വാതില്‍ തുറന്ന് വന്നു. ഹേ ഗയ്‌സ് നിങ്ങള്‍ ഒരു കാര്യം അറിഞ്ഞോ, നിങ്ങള്‍ പിരിഞ്ഞൂട്ടോ എന്ന് പറഞ്ഞു. എപ്പോള്‍ എന്ന് ഞങ്ങള്‍ ചോദിച്ചു. ദേ ന്യൂസ് വന്നിട്ടുണ്ടെന്ന് അവള്‍ പറഞ്ഞു. ആ ശരി എന്ന് പറഞ്ഞ് ഞങ്ങള്‍ ബാക്കി സിനിമ കണ്ടു.

മാഞ്ഞൂരാന്‍ എന്ന എന്റെ ഒരു സുഹൃത്ത് ഉണ്ട്. അവന്‍ വിളിച്ച് എവിടെയാ ചേട്ടാ, വീട്ടിലാണോ, വെറുതെ വിളിച്ചതാണെന്ന് പറഞ്ഞു. നീ ചോദിക്കാന്‍ വന്ന ആള് അടുക്കളയില്‍ ഉണ്ട്, കൊഞ്ച് തീയല്‍ ഉണ്ടാക്കുകയാണ്. ഞാന്‍ കൊണ്ടുകൊടുക്കാമെന്ന് പറഞ്ഞ് ഫോണ്‍ കൊടുത്തു. എല്ലാവരും വിളിച്ചു പറഞ്ഞപ്പോള്‍ എനിക്കൊരു സംശയം തോന്നിയെന്ന് അവന്‍ പറഞ്ഞു,’ സായ് കുമാര്‍ പറഞ്ഞു.

റോഷാക്ക് എന്ന ചിത്രത്തിന് ബിന്ദു പണിക്കര്‍ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്നും സായ് കുമാര്‍ പറഞ്ഞു. ‘മമ്മൂട്ടിക്ക്, ബിന്ദുവിന്, ആ ചിത്രത്തിന്റെ സംവിധായകന്‍, ക്യാമറമാന്‍, ഇവര്‍ക്കൊക്കെ അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ ഓര്‍ത്തു. എന്തൊരു ഭംഗിയാണതിന്. ഞാന്‍ ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും റോഷാക്ക് കണ്ടതിന് ശേഷം മനസ്സില്‍ ഒരു കല്ല് കയറ്റി വെച്ചത് പോലെ ആയിരുന്നു രണ്ട് ദിവസത്തേക്ക്. എന്റെ ജീവിതത്തില്‍ അങ്ങനെ ഉണ്ടായിട്ടില്ല.

എത്ര നല്ല പടം ആണെങ്കിലും ഞാന്‍ കണ്ട് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ മനസ്സില്‍ നിന്നും വിടും. പക്ഷെ ഇത് അങ്ങനെ ആയിരുന്നില്ല. മൊത്തത്തില്‍ ഒരു ഡാര്‍ക്ക് പടം ആയിരുന്നു അത്,’സായ് കുമാര്‍ പറഞ്ഞു.

Content Highlight: Actor Sai Kumar talks about the gossip about Bindu Panickare and himself