മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. തിരുവനന്തപുരം ഭാഷയില്‍ മമ്മൂട്ടി പൂണ്ടുവിളയാടിയ ചിത്രം അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലാണ് ഒരുങ്ങിയത്. മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്സും എല്ലാമുളള ഒരു പക്കാ കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിരുന്നു രാജമാണിക്യം.
ബെല്ലാരി രാജയായി മമ്മൂട്ടിയെത്തിയപ്പോള്‍ ഒപ്പം റഹ്മാന്‍, മനോജ് കെ. ജയന്‍, സായ് കുമാര്‍, ഭീമന്‍ രഘു, സലീംകുമാര്‍, പദ്മപ്രിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തില്‍ ആദ്യം സംവിധായകനായി നിശ്ചയിച്ചത് രഞ്ജിത്തിനെയായിരുന്നു. പിന്നീട് രഞ്ജിത്ത് പിന്മാറുകയും അന്‍വര്‍ റഷീദ് സംവിധായകന്റെ റോളിലേക്ക് എത്തുകയുമായിരുന്നു.
ചിത്രത്തില്‍ ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു സായ് കുമാര്‍ അവതരിപ്പിച്ച രാജരത്‌നം പിള്ള. ചിത്രത്തെ പറ്റി ആദ്യം രഞ്ജിത്തിനോട് ചോദിച്ചപ്പോള്‍ തനിക്ക് അതില്‍ പറ്റിയ വേഷമൊന്നുമില്ലെന്നാണ് മറുപടി നല്‍കിയതെന്നും പിന്നീട് ഒരു ദിവസം രാത്രി 11 മണിക്ക് മമ്മൂട്ടിയുടെ അച്ഛനാകുമോയെന്ന് വിളിച്ച് ചോദിക്കുകയായിരുന്നു എന്നും സായ് കുമാര്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് കുമാറിന്റെ പ്രതികരണം.
”രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അച്ഛനായാണ് ഞാന്‍ അഭിനയിച്ചത്. ആദ്യം രാജമാണിക്യത്തില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. നടന്‍ രഞ്ജിത്തിനോട് അവന്റെ അടുത്ത പടം ഏതാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അത് മമ്മൂക്കയുടെ കൂടെയുള്ള ഒരു തിരുവനന്തപുരം ലൈനിലുള്ള പടമാണെന്നാണ് എന്നോട് പറഞ്ഞു. എനിക്ക് ആ പടത്തില്‍ വേഷമില്ലെന്നും മമ്മൂക്കയുടെ ഒപ്പമുള്ളവരുടെയൊക്കെ വേഷം ഞാന്‍ ചെയ്താല്‍ ശരിയാവില്ലെന്നും എന്നോട് പറഞ്ഞിരുന്നു.
പിന്നീട് ഒരു ദിവസം പ്രൊഡ്യൂസര്‍ ആന്റോ ജോസഫ് എന്നെ രാത്രി 11 മണിക്ക് എന്നെ വിളിച്ചു. ആ സമയം ഞാന്‍ ഗുരുവായൂരില്‍ ഒരു പടത്തിന്റെ ഷൂട്ടിംഗിലായിരുന്നു. വിളിച്ചിട്ട് വഴക്ക് പറയരുതെന്നായിരുന്നു ആദ്യം എന്നോട് പറഞ്ഞത്. എന്തിനാണ് വഴക്ക് പറയുന്നതെന്നായിരുന്നു ഞാന്‍ ആലോചിച്ചത്. അവന്‍ വിളിച്ചത് രാജമാണിക്യത്തിലെ ഒരു വേഷത്തെ കുറിച്ച് പറയാനായിരുന്നു. ആ വേഷത്തിന് തമിഴ് തെലുങ്ക് ആര്‍ട്ടിസ്റ്റുകളെയൊക്കെ നോക്കിയിരുന്നു. പക്ഷേ അത് ശരിയായില്ല എന്നാണ് തോന്നുന്നത്. അതിന്റെ കാരണം എനിക്കറിയില്ല.
ചിത്രത്തില്‍ മമ്മൂട്ടിയുടെ അച്ഛനായാണ് എന്റെ വേഷമെന്ന് പറഞ്ഞു. അതിനെന്താ, പണം തരുമോ എന്നായിരുന്നു എന്റെ മറുപടി. പണം തരുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കെ പറയുകയായിരുന്നു. എനിക്ക് അച്ഛന്‍ കഥാപാത്രങ്ങള്‍ ഇഷ്ടമാണ്.
മാത്രമല്ല, മമ്മൂക്കയെ പോലുള്ളവരുടെ അച്ഛനാവുക എന്ന് പറഞ്ഞാല്‍ ഒരു സുഖമല്ലേ. നമുക്ക് അതൊരു ചാലഞ്ച് കൂടിയാണല്ലോ. ഡാ എന്ന് വിളിച്ചാല്‍ ഇങ്ങ് വരുമല്ലോ. അച്ഛനായി അഭിനയിക്കാന്‍ സാധിച്ചത് എന്റെ അച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ അനുഗ്രഹം കൂടിയാണ്. അതല്ലാതെ വേറെ വഴിയില്ല,” സായ് കുമാര്‍ പറഞ്ഞു.
അതേസമയം, ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ‘ആറാട്ട്’, റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ ‘സല്യൂട്ട്’ എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയ സായ് കുമാറിന്റ ചിത്രങ്ങള്‍.
മമ്മൂട്ടിയെ നായകനാക്കി കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ ദി ബ്രെയ്ന്‍ എന്ന ചിത്രത്തിലും സായ് കുമാര്‍ അഭിനയിക്കുന്നുണ്ട്. നേരത്തെ സേതുരാമയ്യര്‍ സി.ബി.ഐയില്‍ അവതരിപ്പിച്ച സത്യദാസ് എന്ന കഥാപാത്രമായി തന്നെയാണ് താരം ചിത്രത്തിലെത്തുന്നത്.
Content Highlight: actor sai kumar about his arrival in rajamanikkyam movie