സായി ധരം തേജ്, സംയുക്ത മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുകുമാര്‍ തിരക്കഥയെഴുതി കാര്‍ത്തിക് വര്‍മ ദണ്ടു സംവിധാനം ചെയ്ത് ചിത്രമാണ് വിരൂപാക്ഷ.
ഏപ്രില്‍ 21-ന് റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രതത്തിലെ സായി ധരം തേജിന്റെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. തെലുങ്കിലെ സൂപ്പര്‍സ്റ്റാറായ ചിരഞ്ജീവിയുടെ സഹോദരി പുത്രനായ സായ് സിനിമയില്‍ എത്തിച്ചേരാനായി താന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് സംസാരിക്കുകയാണ്.
കുടുംബത്തിന്റെ സിനിമയിലെ പാരമ്പര്യം അവസരത്തിന് വേണ്ടി താന്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് സായ് പറയുന്നത്. സിനിമയില്‍ എത്താന്‍ ഒരിക്കലും എളുപ്പവഴി സ്വീകരിച്ചിട്ടില്ലെന്നും സായ് ധരം തേജ് പറഞ്ഞു.
ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സിന് വേണ്ടി ഒഡീഷന് ക്യൂ നില്‍ക്കുന്ന സായ് ധരത്തിനെ കണ്ട് ഞെട്ടിപ്പോയിട്ടുണ്ടെന്ന് നടന്‍ അല്ലു അര്‍ജുന്‍ ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സിനിമയില്‍ അവസരം ലഭിക്കാനായി താന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് താരം സംസാരിച്ചത്.
‘എനിക്ക് സിനിമയില്‍ അഭിനയിക്കാനായി എളുപ്പവഴി താല്‍പര്യമില്ല. കഠിനാധ്വാനം ചെയ്തിട്ട് എന്റേതായ ഒരു സ്ഥാനം ഇന്‍ഡസ്ട്രിയില്‍ നേടിയെടുക്കണം എന്നാണ് ആഗ്രഹം. ആ സ്ഥാനം നേടിയെടുക്കാനായി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ഞാന്‍ ചെയ്യും.
ഞാന്‍ നിരവധി ഓഡീഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. പല സ്ഥലങ്ങളിലും ഫോട്ടോ കൊടുത്തിട്ടുണ്ട്. ചിരഞ്ജീവിയുടെ സഹോദരിയുടെ മകനാണെന്നൊന്നും എവിടേയും ഇതുവരെ പറഞ്ഞിട്ടില്ല. ഒരു തവണ ഒരിടത്ത് ഫോട്ടോ കൊടുത്തു. അവര്‍ അത് നോക്കിയിട്ട് ഫോണ്‍ ചെയ്യാം എന്ന് പറഞ്ഞ് അത് അവിടെ വെച്ചു.
എന്നിട്ട് പിറ്റെ ദിവസം പോയി നോക്കുമ്പോള്‍ ആ ഫോട്ടോ വേസ്റ്റ് ബോക്‌സില്‍ കിടക്കുന്നു. ഈ യാത്രയില്‍ ഇതെല്ലാം എനിക്ക് നേരിടണം. ഇതെല്ലാം നേരിട്ടാലേ എനിക്ക് ജീവിതം എന്താണെന്ന് പഠിക്കുവാന്‍ സാധിക്കുകയുള്ളൂ,’ സായി ധരം തേജ് പറഞ്ഞു.
ചിത്രത്തിന്റെ തിരകഥാകൃത്തായ സുകുമാറിനെ കുറിച്ചും സായ് ധരം അഭിമുഖത്തില്‍ സംസാരിച്ചു.
‘സുകുമാര്‍ സാര്‍ ഈ സിനിമയുടെ അനുഗ്രഹമാണ്. സാറിന്റെ ചിന്താശേഷിയും, തിരക്കഥയുമാണ് സിനിമയുടെ വിജയം. സാറിന്റെ ഐഡിയയാണ് പാന്‍ ഇന്ത്യ തരത്തില്‍ സിനിമ എത്തിക്കാം എന്നുള്ളത്. കാരണം അങ്ങനെയുള്ള ഒരു അംഗീകാരം സിനിമക്ക് ആവശ്യമാണ്. അതുപോലെ എല്ലാവര്‍ക്കും അംഗീകാരം ലഭിക്കും,’ സായി ധരം തേജ് പറഞ്ഞു.
1990 കാലഘട്ടത്തില്‍ ഒരു കാടിനോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് വിരുപാക്ഷ പറയുന്നത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന ദുര്‍മരണങ്ങളും അതിന്റെ ചുരുളഴിക്കുന്നതുമാണ് ഹൊറര്‍ ജോണറില്‍ എത്തിയ ചിത്രത്തിന്റെ ഇതിവൃത്തം.
‘പുഷ്പ’ ഒരുക്കിയ സുകുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഭീംല നായക് എന്ന ചിത്രത്തിന് ശേഷം നടി സംയുക്ത അഭിനയിച്ച തെലുങ്ക് ചിത്രം കൂടിയാണിത്. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.
Content Highlight: Actor Sai Dharam Tej about His Struggles and Challenges