വില്ലനായും സ്വഭാവ നടനായും മലയാളികള്‍ക്ക് പ്രിയങ്കരനായ അഭിനേതാവാണ് സാദിഖ്.
1986ല്‍ ഉപ്പ് എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച സാദിഖ് ചെറുതും വലുതുമായ വേഷങ്ങളിലൂടെ 500ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്.
1990ല്‍ പുറത്തിറങ്ങിയ സാമ്രാജ്യം ആയിരുന്നു മമ്മൂട്ടിക്കൊപ്പം സാദിഖ് അഭിനയിച്ച ആദ്യത്തെ ചിത്രം. പിന്നീട് മമ്മൂട്ടിക്കൊപ്പം ഒരു അഭിഭാഷകന്റെ കേസ് ഡയറി, കിംഗ്, ഒരു മറവത്തൂര്‍ കനവ്, ദ ട്രൂത്ത് എന്നിങ്ങനെ തുടര്‍ച്ചയായി നിരവധി സിനിമകളില്‍ സാദിഖ് വേഷമിട്ടിരുന്നു.
മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ ഒരു പഴയ അഭിമുഖത്തില്‍ സാദിഖ് പറയുന്നതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിയുമായുള്ള സൗഹൃദം സിനിമയില്‍ പിന്നീടുണ്ടായ വളര്‍ച്ചക്ക് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്‌തോ, സിനിമകളിലേക്ക് മമ്മൂക്ക സജസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് നടന്‍ മറുപടി പറയുന്നത്.
”മമ്മൂക്കാനെ ഞാന്‍ അതിന് മുമ്പ് കണ്ടിട്ടുണ്ട്. വടക്കന്‍ വീരഗാഥ ഷൂട്ടിങ് നടക്കുന്ന സമയത്ത്. അന്ന് അവിടെ വെച്ച് പരിചയപ്പെട്ടിരുന്നു.
സാമ്രാജ്യം സിനിമയിലഭിനയിക്കുന്ന സമയത്തും മമ്മൂക്കയുമൊത്ത് കുറച്ച് സീക്വന്‍സുകളേ ഉണ്ടായിരുന്നുള്ളൂ. എന്നെ കൊന്നുകളയുന്ന സംഭവമായിരുന്നു.
പിന്നീട് മുദ്ര എന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി പോയപ്പോഴാണ് മമ്മൂക്കയുമായി കൂടുതല്‍ അടുക്കുന്നത്.
പിന്നെ, എന്നെ സജസ്റ്റ് ചെയ്തിരുന്നോ എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയില്ല. മമ്മൂക്കയുടെ ഒരുപാട് പടങ്ങളില്‍ ഞാന്‍ തുടര്‍ച്ചയായി ഉണ്ടായിരുന്നു. അതില്‍ സംവിധായകരൊക്കെ നമുക്ക് വേണ്ടപ്പെട്ട ആളുകളുണ്ടായിരുന്നു.
മമ്മൂക്കയും പറഞ്ഞിട്ടുണ്ടാവാം. അത് നമുക്ക് വ്യക്തമായി അറിയാന്‍ പറ്റില്ലല്ലോ. ഞാന്‍ പറഞ്ഞിട്ടാണ് നീ ഈ പടത്തില് വന്നത്, എന്ന് മമ്മൂക്ക ഒരിക്കലും പറയുകയുമില്ല,” സാദിഖ് പറഞ്ഞു.
Content Highlight: Actor Sadiq about his movies and friendship with Mammootty