2025ലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ആസിഫ് അലി നായകനായ രേഖാചിത്രം. പ്രീസ്റ്റിന് ശേഷം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയാണിത്. ഡ്രാമാ ത്രില്ലർ ഴോണറിൽ പെടുന്ന ചിത്രത്തിൽ അനശ്വര രാജനാണ് നായികയായി അഭിനയിച്ചത്. കാതോട് കാതോരം ചിത്രവും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. മമ്മൂട്ടിയുടെ എ.ഐ സാന്നിധ്യവും രേഖാചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഫ്ലാഷ് ബാക്കിൽ സിനിമാസെറ്റിലെ തയ്യൽക്കാരൻ കഥാപാത്രത്തെ അവതരിപ്പിച്ചത് റോയ് തോമസ് എന്ന നടനാണ്.
ഇപ്പോൾ ചിത്രത്തിലെ നായികയായ അനശ്വരയെക്കുറിച്ച് സംസാരിക്കുകയാണ് റോയ് തോമസ്.
അനശ്വര വലിയ സ്റ്റാർ ആണെങ്കിലും തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും സെറ്റിൽ സാധാരണ ഒരാളെപ്പോലെയാണ് പെരുമാറിയതെന്നും പറയുകയാണ് റോയ് തോമസ്. അനശ്വരയുടെ അഭിനയം കണ്ടപ്പോൾ തനിക്ക് അത്ഭുതം തോന്നിയെന്നും അവർക്ക് പ്രത്യേകിച്ച് ഒന്നും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലെന്നും റോയ് തോമസ് പറയുന്നു.
ഒർജിനൽസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോയ് ഇക്കാര്യം പറഞ്ഞത്.
‘അനശ്വര വലിയ സ്റ്റാർ ആണ്. കത്തി നിൽക്കുന്ന സമയമാണിത്. ഇറങ്ങിയ പടം മിക്കതും വിജയിച്ച് നിൽക്കുകയാണ്. ഇനിയും നല്ല പടങ്ങൾ വരാനിരിക്കുന്നുണ്ട്. പക്ഷെ സെറ്റിൽ അങ്ങനെ ഒന്നും പെരുമാറിയിട്ടില്ല. ഒരു സാധാരണ കൊച്ച് നിൽക്കുന്ന പോലെയാണ് എനിക്ക് ഫീൽ ചെയ്തത്.
നമുക്ക് അത്ഭുതം തോന്നും അഭിനയം കാണുമ്പോൾ. പ്രത്യേകിച്ച് ആരും പറഞ്ഞൊന്നും കൊടുക്കണ്ട അനശ്വരയ്ക്ക്. അവർ ഡയലോഗ് നോക്കിയിട്ട് അഭിനയിക്കുന്നത് കാണുമ്പോൾ നമുക്കൊരു അത്ഭുതമാണ്,’ റോയ് തോമസ് പറയുന്നു.
കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിൽ തൻ്റേതായ കയ്യൊപ്പ് പതിപ്പിച്ച നടിയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും ഹിറ്റുകളായിരുന്നു.
Content Highlight: Actor Roy Thomas Talking About Anaswara Rajan