രാജ്യത്തിന്റെ ഭാവിതാരമാകാന്‍ പോകുന്ന നടന്‍: റോഷന്‍ മാത്യുവിന്റെ കഥപറച്ചില്‍ വീഡിയോയെ പുകഴ്ത്തി ദേശീയ മാധ്യമം
Entertainment
രാജ്യത്തിന്റെ ഭാവിതാരമാകാന്‍ പോകുന്ന നടന്‍: റോഷന്‍ മാത്യുവിന്റെ കഥപറച്ചില്‍ വീഡിയോയെ പുകഴ്ത്തി ദേശീയ മാധ്യമം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th June 2021, 12:28 pm

രാജ്യത്തിന്റെ ഭാവിതാരമാകാന്‍ പോകുന്ന നടനാണിതെന്ന് ഈ കഥപറച്ചില്‍ വീഡിയോ കണ്ടാലറിയാം; റോഷന്‍ മാത്യുവിനെ പുകഴ്ത്തി ദേശീയ മാധ്യമം

മലയാളി നടന്‍ റോഷന്‍ മാത്യുവിനെ പുകഴ്ത്തി ദേശീയ മാധ്യമമമായ ദി ഇന്ത്യന്‍ എക്‌സ്പ്രസ്. ഒരു വര്‍ഷം മുന്‍പ് റോഷന്‍ ചെയ്ത സ്‌റ്റോറി ടെല്ലിംഗ് പ്രോഗ്രാമിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യ കാത്തിരിക്കുന്ന നടന്മാരിലൊരാളാണ് റോഷന്‍ എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം മുംബൈയില്‍ വെച്ചുനടന്ന സ്‌പോക്കണ്‍ ഫെസ്റ്റില്‍ വെച്ചാണ് റോഷന്‍ ഈ കഥപറച്ചില്‍ നടത്തിയത്. കമ്യൂണ്‍ ഇന്ത്യയുടെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.

‘എവരി സ്‌റ്റോറി ഹാസ് എ ഹൗസ്’ എന്നാണ് റോഷന്റെ കഥയുടെ പേര്. ആലുംമൂട് എന്ന തറവാട് വീടും, മുത്തശ്ശനും മുത്തശ്ശിയും, കുട്ടിക്കാലത്ത് ആ വീട്ടില്‍ ചെലവഴിച്ച അവധിക്കാലവുമെല്ലാം അതിമനോഹരമായി റോഷന്‍ അവതരിപ്പിക്കുന്നുണ്ട്.

മുത്തശ്ശന്റെ മരണവും വര്‍ഷങ്ങള്‍ക്ക് ശേഷം വീടിന് നടുവിലൂടെ പുതിയ റോഡ് വന്നതും ആ പഴയ വീടിന്റെ ചില അവശേഷിപ്പുകള്‍ ഇന്നും അവിടെ നില്‍ക്കുന്നതും കഥയില്‍ കടന്നുവന്നിരുന്നു.

ഓരോ വാക്കും വാചകവും അതിന്റെ വികാരത്തിലും എന്നാല്‍ കഥപറച്ചിലില്‍ നിന്നും ഒരിട മാറിപ്പോകാതെയുമാണ് റോഷന്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അന്നുതന്നെ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. സമാനമായ അഭിപ്രായമാണ് ഇന്ത്യന്‍ എക്‌സ്പ്രസും പറയുന്നത്.

വെറും എട്ട് മിനിറ്റിനുള്ളില്‍ പബ്ലിക് സ്പീക്കിംഗിന്റെയും കഥ പറച്ചിലിന്റെയും മാസ്റ്റര്‍ക്ലാസാണ് റോഷന്‍ തന്റെ കുട്ടിക്കാല അനുഭവത്തിലൂടെ പകര്‍ന്നുനല്‍കുന്നത്. വേദന നിറഞ്ഞ കഥയാണ് ആലംമൂടിന്റേതെങ്കിലും റോഷനെ കേള്‍ക്കുമ്പോള്‍ ആ വീടിനോട് പ്രണയം തോന്നുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

ഭാവിയുടെ താരമാകാന്‍ സാധ്യതയുള്ള ഇന്ത്യയിലെ യുവനടന്മാരിലൊരാളാണ് റോഷന്‍ മാത്യു എന്ന് ഈ കഥപറച്ചില്‍ ഒന്നു കൂടി ഓര്‍മ്മിപ്പിക്കുകയാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

അടി കപ്യാരേ കൂട്ടമണിയിലൂടെ മലയാള സിനിമയിലെത്തിയ റോഷന്റെ പുതിയ നിയമം, ആനന്ദം, കൂടെ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനിലെ അമീര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ദേശീയ – അന്തര്‍ദേശീയ തലങ്ങളില്‍ റോഷന്‍ ശ്രദ്ധിക്കപ്പെടുന്നത്. അനുരാഗ് കശ്യപിന്റെ ചോക്ക്ഡിലൂടെ ബോളിവുഡിലും റോഷന്‍ അരങ്ങേറ്റം നടത്തി. കോബ്ര എന്ന ചിത്രത്തിലൂടെ തമിഴിലും ഉടന്‍ റോഷന്‍ എത്തും.

സീ യു സൂണ്‍, ആണും പെണ്ണും, വര്‍ത്തമാനം എന്നിവയാണ് റോഷന്റെ ഏറ്റവും അവസാനമിറങ്ങിയ ചിത്രങ്ങള്‍. കൊത്ത്, കുരുതി, ചതുരം എന്നീ മലയാള ചിത്രങ്ങളിലും ഡാര്‍ലിംഗ്‌സ് എന്ന ഹിന്ദി ചിത്രത്തിലുമാണ് റോഷനെ ഇനി കാണാനാവുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Roshan Mathew called as one of the most promising young actors in the country by National media