| Thursday, 25th May 2023, 6:46 pm

ഒരു സംശയം പോലും മനസ്സില് വെച്ച് വര്‍ക്ക് ചെയ്തിട്ടില്ല, സിനിമ മാത്രമേ ജീവിതത്തില്‍ ചെയ്യാനുള്ളൂ: റോഷന്‍ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ആഷിഖ് അബുവുമായൊത്തുള്ള അനുഭവം പങ്കുവെക്കുകയാണ് നടന്‍ റോഷന്‍ മാത്യു. ആഷിക് അബു വളരെ കൂളായാണ് വര്‍ക്ക് ചെയ്യുന്നതെന്നും ഒരു സംശയം പോലും മനസ്സില് വെച്ച് അദ്ദേഹത്തിന്റെ കൂടെ
വര്‍ക്ക് ചെയ്യേണ്ടിവന്നിട്ടില്ലെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ മാത്യു പറഞ്ഞു.

‘ ആഷിക്കേട്ടനെ(ആഷിഖ് അബു) ആദ്യമായി പരിചയപ്പെടുന്നത് ‘ആണും പെണ്ണു’മെന്ന ആന്തോളജി ഫിലിം ചെയ്യുമ്പോളാണ്. പക്ഷേ കൂടുതല്‍ അടുക്കുന്നത് ‘നീലവെളിച്ച’ത്തിന്റെ സമയത്താണ്. നമുക്ക് വളരെ റിലാക്‌സ് ചെയ്ത് വര്‍ക്ക് ചെയ്യാന്‍ പറ്റിയ ആളാണ് ആഷിക്കേട്ടന്‍.

ഇത്രയും കൂളായി വര്‍ക്ക് ചെയ്യുകയും സിനിമയുടെ സെറ്റില്‍ മറ്റുള്ളവര്‍ക്ക് കൂടി വളരെ ഫ്രീയായി വര്‍ക്ക് ചെയ്യാനുളള സാഹചര്യമുണ്ടാക്കുക എന്നുള്ളതും തീര്‍ച്ചയായും ആഷിക്കേട്ടന്റെ കഴിവ് തന്നെയാണ്. ഒരു സംശയം പോലും മനസ്സില്‍ വെച്ച് ഇതുവരെ വര്‍ക്ക് ചെയ്യേണ്ടിവന്നിട്ടില്ല. എന്തെങ്കിലും ഒരു സംശയമുണ്ടാവുകയാണെങ്കില്‍ അത് തീര്‍ത്തിട്ട് മാത്രമായിരിക്കും ഷൂട്ട് തുടരുക. എനിക്ക് പൊതുവേ കുറച്ച് സംശയങ്ങള്‍ അധികമാണ്.

എനിക്ക് സിനിമ മാത്രമേ ജീവിതത്തില്‍ ചെയ്യാനുള്ളൂ. അതുകൊണ്ട് തന്നെ അത് വൃത്തിക്ക് ചെയ്യണമല്ലോ. ഇതില്ലെങ്കില്‍ വേറൊന്നുമില്ലല്ലോ എന്നൊക്കെ ഞാന്‍ ആലോചിക്കാറുണ്ട്. മലയാള സിനിമയില്‍ വളരെ ടാലന്റഡ് ആയുള്ള അഭിനേതാക്കളുണ്ട്. അവരൊക്കെതന്നെ ഓരോ ദിവസം കഴിയും തോറും മെച്ചപ്പെട്ടു വരികയാണ്.’ റോഷന്‍ മാത്യു പറഞ്ഞു.

ഡ്രമാറ്റിക്കായുള്ള കഥാസന്ദര്‍ഭങ്ങള്‍ റിയലിസ്റ്റിക് സിനിമകളിലുമുണ്ടെന്നും പഴയകാല സിനിമകളില്‍ നാടകങ്ങളുടെ സ്വാധീനമുണ്ടെന്നും റോഷന്‍ മാത്യു പറഞ്ഞു.

‘വളരെ ഡ്രമാറ്റിക്കായുള്ള കഥാസന്ദര്‍ഭങ്ങള്‍ റിയലിസ്റ്റിക് സിനിമകളില്‍ പോലുമുണ്ട്. ഡ്രാമ എന്നത് ഒരിക്കലും മോശം കാര്യമല്ല. എല്ലാ കഥകളിലും ഡ്രാമയുണ്ട്. മെലോ ഡ്രാമയെന്നത് വേറെ തന്നെയാണ്. പഴയകാലത്തെ സിനിമകളില്‍ നമ്മള്‍ ഇന്ന് കാണുന്ന റിയലിസ്റ്റിക് പെര്‍ഫോമന്‍സുകളില്‍ നിന്ന് വ്യത്യാസമുണ്ട്. അന്നത്തെ നാടകത്തിന്റെ കള്‍ച്ചറൊക്കെ അക്കാലത്തെ സിനിമകളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

താന്‍ ചെയ്യുന്ന പെര്‍ഫോമന്‍സുകള്‍ ഏറ്റവും പുറകിലിരിക്കുന്നവര്‍ വരെ കേള്‍ക്കണമെന്നുള്ള ലോജിക്കാണ് അന്നത്തെ സിനിമകളിലെ പെര്‍ഫോമന്‍സുകളെ സ്വാധീനിച്ചത്. അന്നത്തെ നാടകങ്ങളിലഭിനയിച്ചുകൊണ്ടിരുന്ന നടന്മാര്‍ സിനിമയിലെത്തുമ്പോള്‍ അവരുടെ സിനിമയിലെ പെര്‍ഫോമന്‍സുകളില്‍ അത് പ്രതിഫലിച്ചിട്ടുണ്ടാകാം.

ഇന്നത്തെ കാലത്ത് നമ്മളത് ചെയ്തുനോക്കുമ്പോള്‍ വളരെ ബാലന്‍സ്ഡ് ആയി വേണം ഇതിനെ സമീപിക്കാന്‍. പൂര്‍ണമായും അക്കാലത്തെ പെര്‍ഫോമന്‍സുകളെ അനുകരിക്കാന്‍ ശ്രമിക്കരുത്.

നീലവെളിച്ചത്തിന്റെ കഥയെടുത്ത്, അതിന്റെ സെറ്റിങ് മാറ്റാതെ, കഥാപശ്ചാത്തലം മാറ്റാതെ നമ്മുടെ പരിമിതികളില്‍ നിന്നുകൊണ്ട് തന്നെയാണ് നീലവെളിച്ചം എന്ന സിനിമ ചെയ്തത്. ‘ഭാര്‍ഗ്ഗവീനിലയ’ത്തിന്റെ സംവിധായകനോടും എഴുത്തുകാരനോടുമുള്ള ഒരു ട്രിബ്യൂട്ടായാണ് ഈ സിനിമ ചെയ്തിരിക്കുന്നത്,’ റോഷന്‍ മാത്യു പറഞ്ഞു.


Content Highlights: Actor Roshan Mathew about Neelavelicham Movie and Ashique Abu

We use cookies to give you the best possible experience. Learn more