ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് റോഷന്‍ മാത്യു. പുതിയ നിയമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച റോഷന്‍ മാത്യു ഇന്ന് തമിഴ്-ഹിന്ദി ഇന്‍ഡസ്ട്രിയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. വിക്രം നായകനായി ഇന്ന് റിലീസ് ചെയ്ത കോബ്രയില്‍ ഒരു സുപ്രധാന കഥാപാത്രമായി റോഷന്‍ എത്തുന്നുണ്ട്. അതുപോലെ ആലിയ ഭട്ടിനൊപ്പം ബോളിവുഡിലും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് താരം.
ആലിയ ഭട്ടിനൊപ്പം ബോളിവുഡിലും വിക്രത്തിനൊപ്പം കോളിവുഡിലും അഭിനയിച്ചതിനെ കുറിച്ച് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് റോഷനിപ്പോള്‍.
ചിയാന്‍ വിക്രമും ആലിയയും സീനിയര്‍ താരങ്ങള്‍ ആയതിനാല്‍ ചെറിയ കാര്യത്തില്‍ പോലും അറിവിന്റെ അംശം ഉണ്ടാവുമെന്നും അത് കാണാന്‍ കഴിഞ്ഞെന്നുമാണ് റോഷന്‍ പറയുന്നത്. അവരില്‍ നിന്ന് കണ്ടു പഠിച്ച കാര്യങ്ങള്‍ നമ്മുടേതാക്കി കൊണ്ടുപോകുന്നത് പ്രാക്ടിക്കലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അവരെ പോലെ ആകണമെന്നും കഥാപാത്രത്തെ അവര്‍ സമീപിക്കുന്ന വിധത്തില്‍ ചെയ്യണമെന്നും തോന്നാം. എന്നാല്‍ ഒന്നും അടുത്ത ദിവസം മുതല്‍ നടപ്പാക്കാന്‍ കഴിയുന്നതല്ല. ആലിയയിലും വിക്രം സാറിലും ഇതേപോലെ ഒരുപാട് കാര്യമുണ്ട്.
സംവിധായകന്‍ അജയ് ജ്ഞാനമുത്ത് രണ്ടര വര്‍ഷം കോബ്രയുടെ പിന്നിലുണ്ട്. കൊവിഡ് തുടങ്ങിയ ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്. ഡേറ്റ് ക്ലാഷ് ഉള്‍പ്പെടെ പലവിധ പ്രതിസന്ധികള്‍ നേരിട്ടു. സിനിമയോട് അത്ര പാഷനോടെയാണ് അജയ് ജ്ഞാനമുത്ത് കാത്തുനിന്നത്. വിക്രം സാര്‍ ഉള്‍പ്പെടെ എല്ലാവരും ഒപ്പം നിന്നു. കോബ്ര തുടങ്ങിയപ്പോള്‍ എന്തായിരുന്നോ, അതില്‍ നിന്നൊക്കെ മാറി എനിക്ക് പ്രിയപ്പെട്ട സിനിമയായി.
അതുപോലെ ത്രില്ലര്‍ ഡാര്‍ക്ക് കോമഡി ചിത്രമാണ് ഡാര്‍ലിങ്‌സ്. ഇതേ വരെ ഞാന്‍ ചെയ്യാത്ത ഗണത്തില്‍പ്പെട്ട സിനിമ. ആലിയ, ഷെഫാലി ഷാ, വിജയ് വര്‍മ എന്നിവരെ ഏറെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അതുപോലെ അനുരാഗ് സാറിന്റെ ചോക്ക്ഡ് എന്ന സിനിമ ഒരു മലയാള സിനിമ പോലെ ചെയ്യാന്‍ കഴിയുന്നത്ര കംഫര്‍ട്ടായിരുന്നു. എന്നാല്‍ ഡാര്‍ലിങ്‌സ് അങ്ങനെയല്ല. പ്രതിഭാധനരായ മൂന്നുപേരോടും ഒപ്പം ഒരേ ഫ്രെയിമില്‍. അധികം സീനും അവരോടൊപ്പമായിരുന്നു. നല്ലൊരു അനുഭവമായിരുന്നു അത്, റോഷന്‍ പറഞ്ഞു.
പുതിയ പ്രതീക്ഷകള്‍ എന്താണെന്ന ചോദ്യത്തിന് പ്രതീക്ഷയുടെ ഭാരം അധികമാണെന്നും അതിനാല്‍ കൊണ്ടു നടക്കാറില്ലെന്നുമായിരുന്നു റോഷന്റെ മറുപടി. റിലീസിന് മുന്‍പ് ടെന്‍ഷനുണ്ട്. സിനിമയുടെ പ്രതീക്ഷകള്‍ ഒരുപാട് ഉണ്ടെങ്കില്‍ ടെന്‍ഷന്‍ കൂടും. സിനിമ കണ്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നും ചെയ്തത് മോശമാകരുതെന്നും മാത്രമേ ആലോചിക്കാറുള്ളൂ. വ്യക്തമായ കാരണം കൊണ്ട് ചെയ്ത സിനിമകളാണ് എല്ലാം. അപ്പോള്‍ സ്വാഭാവികമായും ആ സിനിമ പ്രേക്ഷകരില്‍ എത്തുക തന്നെ വേണം, റോഷന്‍ പറഞ്ഞു.
കോമഡി റോളുകള്‍ ചെയ്യാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്നും ചെയ്യുന്ന സിനിമകളുടെ സ്വഭാവം കൊണ്ടാവാം കോമഡി തിരക്കഥകള്‍ വരാറില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Actor Roshan Mathew about Chiyan Vikram and Aliya Bhatt