ട്രോളുകളൊക്കെ ഒരുപരിധി വരെ എന്‍ജോയ് ചെയ്യും, പേഴ്‌സണല്‍ അറ്റാക്ക് ചെയ്താല്‍ മറുപടി നല്‍കും: റോഷന്‍
Malayalam Cinema
ട്രോളുകളൊക്കെ ഒരുപരിധി വരെ എന്‍ജോയ് ചെയ്യും, പേഴ്‌സണല്‍ അറ്റാക്ക് ചെയ്താല്‍ മറുപടി നല്‍കും: റോഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th March 2021, 12:47 pm

 

ട്രോളുകളൊക്കെ ഒരുപരിധിവരെ ആസ്വദിക്കുന്ന ആളാണ് താനെന്നും നിരവധി ട്രോളുകള്‍ അത്തരത്തില്‍ ഷെയര്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ പേഴ്‌സണല്‍ അറ്റാക്ക് ചെയ്യുന്ന രീതിയില്‍ ട്രോളുകള്‍ വന്നാല്‍ അതിന് പ്രതികരിക്കാറുണ്ടെന്നും നടന്‍ റോഷന്‍ ബഷീര്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോഷന്‍.

നേരത്തെ തന്റെ ട്വീറ്റിന് താഴെ പരിഹാസ കമന്റിട്ടയാളെ അസഭ്യം പറഞ്ഞ റോഷന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രോളുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ റോഷന്‍ നിലപാട് പറഞ്ഞത്.

ദൃശ്യത്തിന്റെ ആദ്യഭാഗം ഇറങ്ങിയതിന് പിന്നാലെ ഏതാണ്ട് 2014 മുതല്‍ ഇത്തരത്തില്‍ ട്രോളുകള്‍ വരുന്നുണ്ട്. 2021 ആയിട്ടും നോണ്‍ സ്‌റ്റോപ്പ് ആയി ഈ ട്രോളുകള്‍ പോകുന്നുണ്ട്. ട്രോളുകളൊക്കെ ഒരുപരിധി വരെ എന്‍ജോയ് ചെയ്യുന്ന ആളാണ് ഞാന്‍. എന്നാല്‍ പേഴ്‌സണലി ഇറിറ്റേറ്റ് ചെയ്യുകയും പേഴ്‌സണലി അറ്റാക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ നമ്മള്‍ അതിനെതിരെ തുറന്നു സംസാരിക്കും.

ഒരുപരിധിവരെയൊക്കെ ഞാനും എന്‍ജോയ് ചെയ്യാറുണ്ട്. ചില ട്രോളുകള്‍ കാണുമ്പോള്‍ നമ്മള്‍ അന്തംവിട്ടു പോകും. അടുത്തിടെയായി ഞാന്‍ കണ്ട ഒരു ട്രോള്‍ ദൃശ്യം 2 ന്റെ മുഴുവന്‍ കാസ്റ്റ് ആന്‍ഡ് ക്ര്യൂവിന്റെ ഫോട്ടോകള്‍. അതിനൊപ്പം വരുണ്‍ പ്രഭാകറിന്റെ ഫോട്ടോയുടെ സ്ഥാനത്ത് അസ്ഥിക്കൂടം വെച്ചിരിക്കുകയാണ്. ട്രോള്‍ ഉണ്ടാക്കാന്‍ നല്ല തല വേണം. ചുമ്മാ ഒരാള്‍ക്ക് അത് ഉണ്ടാക്കാന്‍ പറ്റില്ല, റോഷന്‍ പറയുന്നു.

ദൃശ്യം 2 വില്‍ താന്‍ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ തോന്നിയിരുന്നെന്നും മരിച്ചു കഴിഞ്ഞ കഥാപാത്രത്തെ രണ്ടാമതും എക്‌സിക്യൂട്ടീവ് ചെയ്യുന്നത് നടക്കില്ലെന്ന് തനിക്ക് തോന്നിയിരുന്നെന്നും റോഷന്‍ പറയുന്നു. ദൃശ്യം 2 വില്‍ ഉണ്ടാകുമോയെന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു. ചിലയാളുകളോട് വെയ്റ്റ് ആന്‍ഡ് സീ എന്നൊക്കെ ചുമ്മാ പറഞ്ഞു. ദൃശ്യം 2 വില്‍ ഇല്ലെങ്കിലും ഓഫ് സ്‌ക്രീനില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ദൃശ്യം 1 കണ്ടതുപോലെ തന്നെ ദൃശ്യം 2 കണ്ടപ്പോഴും അന്തംവിട്ടുപോയി. വിചാരിച്ചതുപോലെയേ അല്ല. പല കഥകളും വന്നിരുന്നു മനസില്‍. എന്നാല്‍ ഇത് കൊണ്ടുപോയത് വേറൊരു ലെവലിലാണ്. ഇത് ആരുടെ മനസിലും വന്നിട്ടുണ്ടാവില്ല. അത് ബ്രില്യന്‍സ് തന്നെയാണ്.

ദൃശ്യം ഒന്നില്‍ അഭിനയിക്കാന്‍ പോയപ്പോഴും സിനിമയുടെ കഥ മുഴുവന്‍ തനിക്ക് അറിയില്ലായിരുന്നെന്നും തന്റെ ഡയലോഗുള്ള പേജുകള്‍ മാത്രമേ തന്നിരുന്നുള്ളൂവെന്നും റോഷന്‍ പറഞ്ഞഉ.

നല്ല റോളാണെന്നും ശ്രദ്ധിച്ചു ചെയ്യണമെന്നും ലാല്‍ സര്‍ പറഞ്ഞിരുന്നു. സിനിമ കഴിഞ്ഞപ്പോഴാണ് ഇത്രയും വലിയൊരു കഥാപാത്രമാണ് എന്ന് മനസിലായത്.

തമിഴിലും തെലുങ്കിലും അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്നും തമിഴില്‍ വിളിക്കുമെന്ന് കരുതിയിരുന്നില്ലെന്നും റോഷന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Actor Roshan Basheer about Trolls and Drishyam 2