ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് കുതിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം 28 ന് തിയേറ്ററിൽ എത്തിയ ചിത്രം ഇതിനോടകം മികച്ച കളക്ഷൻ ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. നവാഗതനായ റോബി വർഗീസ് രാജ് ആയിരുന്നു കണ്ണൂർ സ്‌ക്വാഡ് സംവിധാനം ചെയ്തത്.
ചിത്രം വലിയ വിജയമായപ്പോൾ കണ്ണൂർ സ്‌ക്വാഡിന് ശേഷം തന്റെ വ്യക്തിജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ റോണി ഡേവിഡ്.
‘ഇപ്പോൾ കണ്ണൂർ സ്‌ക്വാഡ് ഇറങ്ങിയതിനു ശേഷം അതെ മീഡിയകളുടെ മുൻപിൽ എനിക്ക് ഇത്രയും സ്പേസ് കിട്ടുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്,’ റോണി പറയുന്നു.
പുതിയ സിനിമ ‘പഴഞ്ചൻ പ്രണയ’ത്തിന്റെ ഭാഗമായി സില്ലി മോങ്ക്സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു റോണി.
‘ഞാൻ പെട്ടെന്ന് ഡൗൺ ആവുന്ന ആളാണ്. ഒരു കുഞ്ഞു തൊട്ടാവാടി പ്രകൃതം എനിക്കുണ്ട്. ചെറിയ കാര്യങ്ങളിൽ ഒരുപാട് ചിന്തിച്ച് ടെൻഷനാവാറുണ്ട് ഞാൻ. എത്രയോ വർഷത്തെ കഷ്ടപ്പാടുകളും പ്രേക്ഷകരുടെ സപ്പോർട്ടും കൊണ്ടാണ് ഞാൻ ഈ നിലയിൽ എത്തിയത്. നമ്മൾ ആരെയും ഉപദ്രവിക്കാതിരുന്നത് കൊണ്ടും ചെയ്യുന്ന പണി സത്യസന്ധമായി ചെയ്തതുകൊണ്ടുമാണ് ഞാനിവിടെ വരെ എത്തിയത്. ഒരുപാട് അവഹേളനകളും നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരിക്കൽ ഞാൻ ഒരു വലിയ സിനിമയുടെ പ്രൊമോഷന് പോയിരുന്നു. സിനിമയുടെ ആളുകൾക്കായി ഇരിക്കാൻ വേദിയിൽ അഞ്ച് കസേരകൾ ആയിരുന്നു ഉണ്ടായിരുന്നത്. ആ പ്രൊമോഷന് വേണ്ടി എന്നെയും ക്ഷണിച്ചിട്ടാണ് ഞാൻ പോയത്.
സ്റ്റേജിൽ കസേര ഇല്ലാത്തതുകൊണ്ട് ഞാൻ ഒരു ചെയറുമായി വേദിയിലേക്ക് ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞു,ചേട്ടാ ഇവിടെ അഞ്ചു പേർക്കുള്ള സീറ്റേയുള്ളൂ, ചേട്ടൻ ഇരുന്നാൽ ശരിയാവില്ല എന്ന്. അവിടെ ഒരു പത്തു മുപ്പത് ആളുകൾ ഉണ്ടായിരുന്നു. അവരുടെ മുന്നിൽ ഞാൻ ശരിക്കും അപമാനിതനായ പോലെ തോന്നി എനിക്ക്. കല്യാണസദ്യയ്ക്ക് ആളുകൾ കസേര പിടിച്ച് നിൽക്കുന്ന പോലെയായിരുന്നു ഞാൻ നിന്നത്.
ഇപ്പോൾ കണ്ണൂർ സ്‌ക്വാഡ് ഇറങ്ങിയതിന് ശേഷം അതെ മീഡിയകളുടെ മുമ്പിൽ എനിക്ക് ഇത്രയും സ്പേസ് കിട്ടുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. എല്ലാവരും ഇപ്പോൾ എന്നെ അങ്ങോട്ട് വിളിക്കാറാണ്.