മലയാളം പടത്തിന്റെ റീമേക്കാണ്, പെന്തകോസ്ത് പള്ളിയിലേത് പോലെ തിയേറ്ററിലിരിക്കുന്നവര്‍ കൂടെ പാടി: റോണി ഡേവിഡ്
Film News
മലയാളം പടത്തിന്റെ റീമേക്കാണ്, പെന്തകോസ്ത് പള്ളിയിലേത് പോലെ തിയേറ്ററിലിരിക്കുന്നവര്‍ കൂടെ പാടി: റോണി ഡേവിഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd November 2023, 2:44 pm

ചെന്നൈയില്‍ പഠിക്കുന്ന സമയം വിജയ് ചിത്രം കണ്ട അനുഭവം പങ്കുവെക്കുകയാണ് നടന്‍ റോണി ഡേവിഡ്. അനിയത്തി പ്രാവിന്റെ റീമേക്കായ കാതലുക്ക് മര്യാദൈ താന്‍ 75ാം ദിനത്തിലാണ് കാണാന്‍ പോയതെന്നും അന്നും എട്ടും പത്തും തവണ ആ ചിത്രം കണ്ടവര്‍ അവിടെ ഉണ്ടായിരുന്നുവെന്നും റോണി പറഞ്ഞു. അന്ന് അവിടെയിരുന്നവര്‍ ചിത്രത്തിലെ പാട്ട് ഒരുമിച്ച് പാടുന്നത് കണ്ട താന്‍ അത്ഭുതപ്പെട്ടുവെന്നും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ചെന്നൈയില്‍ പഠിക്കുമ്പോള്‍ ഒരുപാട് വിജയ് പടങ്ങള്‍ കണ്ടിട്ടുണ്ട്. വിജയ് സാറിന്റെ ഏറ്റവും വലിയ ഹിറ്റാണല്ലോ കാതലുക്ക് മര്യാദൈ. അനിയത്തി പ്രാവിന്റെ റീമേക്കാണല്ലോ പടം. അതിന്റെ കഥയെന്താണെന്നൊക്കെ അറിയാം.

കാതലുക്ക് മര്യാദ ഞാന്‍ 75ാം ദിവസമാണ് പോയി കാണുന്നത്. ആ സിനിമയുടെ തുടക്കത്തില്‍ ഇളയ രാജ സാറിന്റെ ഒരു മ്യൂസിക് ഉണ്ട്. ‘ഇത് സന്തോഷ തിരുനാളോ’എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. ഞാന്‍ നോക്കുമ്പോള്‍ പെന്തകോസ്ത് പള്ളിയിലൊക്കെ കാണുന്നത് പോലെ എല്ലാവരും ഇരുന്ന് പാടുകയാണ്. എനിക്ക് തോന്നുന്നതാണോ അതോ വേറെ എന്തെങ്കിലും എഫക്ട് ആണോ എന്ന് വിചാരിച്ചു.

വന്നിരിക്കുന്നവരൊക്കെ ഈ സിനിമ എട്ടും പത്തും തവണ കണ്ടവരാണ്. ആ പടം അവിടെ അത്രയും വലിയ ഹിറ്റാണ്. പുള്ളിക്ക് ഒരു സൂപ്പര്‍ സ്റ്റാര്‍ഡം കിട്ടിയത് ആ പടത്തിന് ശേഷമാണെന്ന് തോന്നുന്നു,’ റോണി പറഞ്ഞു.

കണ്ണൂര്‍ സ്‌ക്വാഡാണ് ഒടുവില്‍ റിലീസ് ചെയ്ത റോണിയുടെ ചിത്രം. മമ്മൂട്ടി നായകനായ ചിത്രത്തിന് തിരക്കഥയെഴുതിയത് റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തേയും റോണി അവതരിപ്പിച്ചിരുന്നു. റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. ടോട്ടല്‍ ബിസിനസിലൂടെ കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം 100 കോടി കളക്ഷന്‍ നേടിയിരുന്നു.

പഴഞ്ചന്‍ പ്രേമമാണ് ഇനി ഉടന്‍ റിലീസിന് ഒരുങ്ങുന്ന റോണിയുടെ ചിത്രം. ബിനേഷ് കളരിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസാണ് നായിക.

Content Highlight: Actor Ronnie David shares his experience of watching Vijay’s film