|

പണിക്കാര്‍ക്ക് ചിരട്ടയില്‍ ചായ കൊടുത്തത് ആ സിനിമയില്‍ നോര്‍മലൈസ് ചെയ്തു, അത് തെറ്റാണെന്ന് ഇന്ന് മനസിലായി: ആര്‍.ജെ. ബാലാജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പഴയ കാല തമിഴ് സിനിമയെ ജാതി വിവേചനത്തെ പറ്റി സംസാരിക്കുന്ന നടന്‍ ആര്‍.ജെ. ബാലാജിയുടെ വീഡിയോ വൈറലാവുകയാണ്. റാക്കായി കോയില്‍ എന്ന ചിത്രത്തിലെ ഒരു രംഗം ചൂണ്ടിക്കാട്ടിയാണ് ജാതി വിവേചനത്തെ പറ്റി ബാലാജി സംസാരിച്ചത്.

സിനിമയിലെ രംഗത്തില്‍ ക്ഷൗരം ചെയ്യാന്‍ എത്തിയ ഗൗണ്ടമണിയുടെ കഥാപാത്രത്തിന് ചിരട്ടയിലും വിജയകുമാറിന്റെ കഥാപാത്രത്തിന് വെള്ളി ഗ്ലാസിലും ചായ കൊടുക്കുന്നതായാണ് കാണിക്കുന്നത്. നിങ്ങള്‍ വെള്ളി ഗ്ലാസില്‍ ചായ കുടിക്കുന്നു, ഞങ്ങള്‍ കാലാകാലത്തോളം ചിരട്ടയില്‍ കുടിക്കണോ എന്ന് ഗൗണ്ടമണി ചോദുക്കുമ്പോള്‍ വെള്ളിഗ്ലാസില്‍ തന്നാല്‍ നിങ്ങളും ഞങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണ് വിജയകുമാര്‍ ചോദിക്കുന്നത്.

അന്ന് ഗൗണ്ടമണി പറഞ്ഞത് നാം തമാശയായാണ് കണ്ടിരുന്നതെന്നും അത് തെറ്റാണെന്ന് മനസിലാക്കാന്‍ 2023 വരെയെത്തേണ്ടി വന്നുവെന്നും ബാലാജി പറഞ്ഞു. സിനിമ വികടന്‍ ചാനല്‍ നടത്തിയ പരിപാടിയില്‍ വെച്ച് ബാലാജി നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

‘അടുത്തിടെ ഒരു ഇന്‍സ്റ്റഗ്രാം റീല്‍ കണ്ടിരുന്നു. വിജയകുമാര്‍ സാര്‍ കസേരയില്‍ ഇരിക്കുകയാണ്, അദ്ദേഹത്തിന് ഗൗണ്ടമണി സാര്‍ ഷേവ് ചെയ്തുകൊണ്ടിരിക്കുകയാണ്. ചിരട്ടയില്‍ തരാതെ ഞങ്ങള്‍ക്കും വെള്ളി ഗ്ലാസില്‍ തരാന്‍ മേലെ എന്ന് ഗൗണ്ടമണി പറയുന്നത് എന്തൊരു തമാശയാണെന്ന് നാം പറയും. വളരെ തെറ്റായ ഒരു രീതിയെ എങ്ങനെയാണ് നോര്‍മലൈസ് ചെയ്തിരുന്നത്. അത് തെറ്റാണെന്ന് 2023ലാണ് നമുക്ക് മനസിലാവുന്നത്.

ഒരു പത്ത് വര്‍ഷം മുമ്പേ ഇത് ടി.വിയില്‍ കണ്ടാല്‍ നാം ചിരിച്ചേനേ. ഇതൊന്നും തെറ്റാണെന്ന് തിരിച്ചറിയാതെ ജീവിക്കുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇന്നത്തെ സിനിമകള്‍ സമൂഹത്തിന് വളരെ ആരോഗ്യപരമാണ്. എല്ലാവര്‍ക്കും ശബ്ദമുണ്ട്. ആ ശബ്ദമുയര്‍ത്താനുള്ള സ്‌പേസുണ്ട്,’ ബാലാജി പറഞ്ഞു.

നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ പഴങ്കഞ്ഞി പരാമര്‍ശം വിവാദമാകുന്ന സാഹചര്യത്തലാണ് ബാലാജിയുടെ വീഡിയോയും ശ്രദ്ധ നേടുന്നത്. വീട്ടില്‍ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാര്‍ക്ക് പഴങ്കഞ്ഞി മുറ്റത്ത് കുഴികുത്തി ഇല വെച്ച് നല്‍കിയത് ഗൃഹാതുരമായ അനുഭവം എന്ന നിലക്കാണ് കൃഷ്ണകുമാര്‍ പങ്കുവെച്ചത്. പിന്നാലെ വീഡിയോക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

പരാമര്‍ശത്തില്‍ കൃഷ്ണകുമാറിനെതിരെ സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തിരുന്നു. യൂട്യൂബിലൂടെ അയിത്താചാരമായ കുഴികുത്തി കഞ്ഞി കൊടുക്കുക എന്ന കുറ്റകൃത്യത്തെ ലഘൂകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന രീതിയില്‍ നടത്തിയ ജാതീയവും മനുഷ്യത്വ വിരുദ്ധവുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ദിശ സമര്‍പ്പിച്ച പരാതിയിലാണ് സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദീകരണം ആവശ്യപ്പെട്ടത്.

Content Highlight: Actor RJ Balaji talks about caste discrimination in old Tamil movies