| Tuesday, 14th September 2021, 3:43 pm

മരിക്കുമ്പോള്‍ ഇതൊന്നും കൂടെ കൊണ്ടുപോകില്ലല്ലോ; വൈറലായി റിസബാവയുടെ പഴയ അഭിമുഖം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ സുപരിചിതനായ റിസബാവ കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. ഇപ്പോള്‍ കൈരളി ചാനലിലെ അദ്ദേഹത്തിന്റെ ഒരു പഴയ അഭിമുഖം ശ്രദ്ധ നേടുകയാണ്.

നാടകത്തിലൂടെ സിനിമയില്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും തന്റെ ദാനധര്‍മങ്ങളെക്കുറിച്ചുമെല്ലാം അഭിമുഖത്തില്‍ റിസബാവ സംസാരിക്കുന്നുണ്ട്.

ജീവിതത്തില്‍ പല ആഘോഷങ്ങളും തനിക്ക് സിനിമ ഷൂട്ടിംഗ് കാരണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ തന്റെ ജോലിയായ ഈ കലയെ ദൈവികമായാണ് കാണുന്നതെന്നും റിസബാവ അഭിമുഖത്തില്‍ പറയുന്നു. ‘റംസാനേക്കാള്‍ എനിക്ക് പ്രധാനം വര്‍ക്ക് തന്നെയാണ്. വര്‍ക്ക് ഉണ്ടെങ്കില്‍ മാത്രമേ റംസാന്‍ ആഘോഷിക്കാന്‍ പറ്റൂ,’ റിസബാവ പറഞ്ഞു.

താന്‍ ചെയ്യുന്ന ദാനധര്‍മങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ”ഞാന്‍ മുന്‍തൂക്കം കൊടുക്കുന്നത് നന്മക്കും സ്‌നേഹത്തിനുമാണ്. മരിച്ചു പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോകില്ലല്ലോ. ജീവിച്ചിരിക്കുന്ന സമയത്ത് പരസ്പരം സഹായിച്ച് ജീവിക്കുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാടകത്തില്‍ ഒരുപാട് അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ അത്രത്തോളം അവസരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ റിസബാവ താന്‍ ഒരു വലിയ നടനല്ലെന്നും അഭിനയിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

‘നാടകത്തില്‍ ചെയ്തത് പോലെ നല്ല കഥാപാത്രങ്ങള്‍ എനിക്ക് സിനിമയില്‍ ലഭിച്ചിട്ടില്ല. ഞാന്‍ ചെറിയൊരു നടനാണ്. അഭിനയിക്കാന്‍ ശ്രമിക്കുകയാണ് എന്നേ പറയാന്‍ പറ്റൂ,’ അദ്ദേഹം പറഞ്ഞു.

സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ ശ്രദ്ധേയനാവുന്നത്. പിന്നീട് മലയാള സിനിമയില്‍ പ്രധാനപ്പെട്ട പല വില്ലന്‍ റോളുകളും റിസബാവ അവതരിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Rizabawa’s old interview goes viral

We use cookies to give you the best possible experience. Learn more