| Monday, 13th September 2021, 4:11 pm

നല്ല ഒരു കലാകാരന്‍ എന്നതിലുപരി നല്ല ഒരു മനുഷ്യനായിരുന്നു റിസബാവയെന്ന് ജയറാം; ആദരാഞ്ജലികളുമായി സിനിമാലോകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അന്തരിച്ച നടന്‍ റിസബാവയ്ക്ക് ആദരാഞ്ജലികളുമായി സിനിമാലോകം. നല്ല ഒരു കലാകാരന്‍ എന്നതിലുപരി നല്ല ഒരു മനുഷ്യനായിരുന്നു റിസബാവയെന്ന് നടന്‍ ജയറാം അനുസ്മരിച്ചു.

മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ബിജു മേനോന്‍, ഇര്‍ഷാദ് അലി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ആദരാഞ്ജലികളുമായി രംഗത്തെത്തി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു റിസബാവയുടെ അന്ത്യം. നാടകത്തിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.

പിന്നീട് 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കം.

സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ ശ്രദ്ധേയനാവുന്നത്.

ജോണ്‍ ഹോനായിക്ക് ശേഷം മലയാള സിനിമയില്‍ പ്രധാനപ്പെട്ട പല വില്ലന്‍ റോളുകളും റിസബാവ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്ക് പുറമെ സീരിയലുകളിലും റിസബാവ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു.

അഭിനയം കൂടാതെ സിനിമകളില്‍ ഡബ്ബിംഗും ചെയ്തു. കര്‍മ്മയോഗി (2011) എന്ന സിനിമയിലെ ഡബ്ബിംഗിന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Rizabawa Malayalam Film actors memoir

We use cookies to give you the best possible experience. Learn more