|

ഞാന്‍ ഇന്ന് നില്‍ക്കാം, എന്തിനാ വെറുതെ നാളത്തെ കാശുകൂടെ ഞാനിവന് കൊടുക്കുന്നതെന്ന്‌ മമ്മൂക്ക പറഞ്ഞു: റിയാസ് നര്‍മകല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ പരമ്പരകളിലൂടെയും മിമിക്രിയിലൂടെയുമെല്ലാം മലയാളികളെ ചിരിപ്പിക്കുന്ന നടനാണ് റിയാസ് നര്‍മകല. മമ്മൂട്ടിയുടെ റോഷാക്കില്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുമായുള്ള ലോക്കേഷന്‍ അനുഭവം മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സുമായി പങ്കുവെക്കുകയാണ് റിയാസ്.

”ഷൂട്ട് നടക്കുമ്പോള്‍ എനിക്ക് മമ്മൂക്കയുമായി ചെറിയൊരു റോള്‍ ഉണ്ട്. മമ്മൂക്കക്ക് അന്ന് അഞ്ചുമണിക്ക് ഏതോ പരിപാടിക്ക് പോകാനുണ്ട്. നാലര ആയപ്പോള്‍ ഏതാണ്ട് സീന്‍ കഴിഞ്ഞിരുന്നു.

ആ സമയത്ത് മമ്മൂക്ക ചോദിച്ചു ഇനി ബാക്കി എന്തെങ്കിലും ഉണ്ടോയെന്ന്. അപ്പോള്‍ നമ്മുടെ ഡയറക്ടര്‍ നിസാം ബഷീര്‍ പറഞ്ഞു റിയാസിക്കയുമായി ചെറിയൊരു സീനുണ്ടെന്ന്. എന്നാല്‍ പിന്നെ നില്‍ക്കാം, എന്തിനാ വെറുതെ നാളത്തെ കാശുകൂടെ ഞാനിവന് കൊടുക്കുന്നതെന്ന് അദ്ദേഹം നിസാമിനോട് പറഞ്ഞു.

കൂടാതെ ഷൂട്ടിന് ചെന്നപ്പോള്‍ അവിടെ ഒത്തിരി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. കാഷ്യൂ ഫാക്ടറിയുമായി ബന്ധപ്പെട്ട് ഒരുപാട് സ്ത്രീകളൊക്കെ ഉണ്ട്. ഞാന്‍ അവിടെ വെച്ച് മമ്മൂക്കയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അവരുടെയെല്ലാം കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വേണ്ട കാര്യങ്ങളെല്ലാം അവര്‍ക്ക് കൃത്യസമയത്ത് നല്‍കുകയും അതെല്ലാം നടത്താനായി നിര്‍ദേശം നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. അത്രയും തിരക്കിനിടയിലും അതെല്ലാം ശ്രദ്ധിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു,”

നേരത്തെ മണി ഷൊര്‍ണൂരും മമ്മൂക്കയെക്കുറിച്ച് പറഞ്ഞിരുന്നു. ”മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍ ഡയലോഗ് മറന്നു പോകുന്ന പ്രശ്നം എനിക്കും സംഭവിച്ചിരുന്നു. പക്ഷേ നമുക്കുള്ള കഴിവുകള്‍ മമ്മൂക്ക തന്നെ പറഞ്ഞു തരുകയായിരുന്നു. സിനിമയില്‍ ഞാനും മമ്മൂക്കയും ഇരിക്കുന്ന ഒരു സീനുണ്ട്. അതെടുക്കുമ്പോള്‍ എന്നെ ഒന്ന് നോക്കി പെട്ടെന്ന് മമ്മൂക്ക സ്‌ക്രിപ്റ്റ് നോക്കി.

ഞാന്‍ അദ്ദേഹത്തെ നോക്കിയപ്പോള്‍ എന്നോട് പറഞ്ഞു, നീ നോക്കുക ഒന്നും വേണ്ട പത്തുവര്‍ഷമായിട്ട് നീ മറിമായത്തില്‍ സിങ്ക് സൗണ്ട് ചെയ്യുന്നതല്ലേ, നിന്റെ അടുത്ത് പിടിച്ചു നില്‍ക്കണ്ടേ എനിക്ക് എന്നാണ്.

അതില്‍ നിന്നും അദ്ദേഹം ചെയ്യുന്നത് നമുക്കും അദ്ദേഹത്തെ പോലെ കഴിയുമെന്ന് വിശ്വസിപ്പിക്കലാണ്. എന്നെ ഒന്ന് റിലാക്സ് ആക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് എനിക്ക് മനസിലായി. അതുകൊണ്ടാണ് എനിക്ക് ഫ്രീ ആയിട്ട് ആ സീന്‍ ചെയ്യാന്‍ പറ്റിയത്,” മണി ഷൊര്‍ണൂര്‍ പറഞ്ഞു.

CONTENT HIGHLIGHT: ACTOR RIYAS NARMAKALA SHARES THE EXPERIENCE WITH MAMMOOTTY