| Wednesday, 1st November 2023, 5:44 pm

എന്നോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ നായികമാരുണ്ട്; എന്നെ സെന്‍ട്രല്‍ ക്യാരക്ടറാക്കാന്‍ തീരുമാനിച്ച സിനിമകള്‍ അവര്‍ വേണ്ടെന്ന് വെച്ചു: റിയാസ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനാണ് കൂടെയെങ്കില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ നായികമാരുണ്ടെന്ന് നടന്‍ റിയാസ് ഖാന്‍. തന്നെ കേന്ദ്ര കഥാപാത്രമാക്കാന്‍ തീരുമാനിച്ച സിനിമകള്‍ പിന്നീട് വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയാസ് ഖാന്‍.

‘ഞാന്‍ കൂടുതലും എന്നില്‍ മാത്രം വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്. എനിക്ക് എന്റെ കഥ മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. സിനിമയിലെ എന്റെ ജീവിത യാത്ര ഞാന്‍ മാത്രമേ ചെയ്തിട്ടുള്ളു. കാരണം എന്റെ കൂടെ ആ സമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അതുപോലെ മറ്റുള്ളവര്‍ അവരുടെ കഥ പറയുമ്പോള്‍ എനിക്ക് കേള്‍ക്കാന്‍ മാത്രമേ പറ്റുള്ളൂ. അവരുടെ ജീവിതത്തിലൂടെ ഞാനും യാത്ര ചെയ്തിട്ടില്ല.

ഇത്രയും വര്‍ഷം കൊണ്ട് സിനിമയില്‍ എനിക്കുണ്ടായ എക്‌സ്പീരിയന്‍സാണ് ഞാന്‍ പലപ്പോഴും പറയുന്നത്. ഞാനാണ് കൂടെയെങ്കില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ നായികമാരുണ്ട്. എന്നെ സെന്‍ട്രല്‍ ക്യാരക്ടറാക്കാന്‍ തീരുമാനിച്ച സിനിമകള്‍ പിന്നീട് വേണ്ടെന്ന് വെച്ചിട്ടുണ്ട്. പലപ്പോഴും കാസ്റ്റിങ്ങ് ചെയ്യുമ്പോള്‍ നായികമാര്‍ക്ക് അവര്‍ക്ക് കൂടെ അഭിനയിക്കാന്‍ ഉയര്‍ന്ന ബിസിനെസ് വാല്യൂയുള്ള ആളുകളെ മതിയെന്നാകും ആഗ്രഹം.

നായികമാര്‍ക്കാണ് ഈ പ്രശ്‌നം. കൂടെ അഭിനയിക്കുന്ന നായകന്മാര്‍ക്ക് ഈ പ്രശ്‌നമുണ്ടാകണമെന്നില്ല. പക്ഷെ അവരെ നമുക്ക് കുറ്റപ്പെടുത്താനും പറ്റില്ല. അവര്‍ക്ക് നല്ല മാര്‍ക്കറ്റിങ്ങുള്ള ആളുകളുടെ കൂടെ അഭിനയിച്ചാല്‍ മാത്രമെ അവരുടെ മാര്‍ക്കറ്റിങ്ങ് കൂടുകയുള്ളു. അവരെ ഞാന്‍ പിന്നീട് സിനിമയില്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ കൂടെ അഭിനയിച്ചിട്ടുമുണ്ട്.

ഞാന്‍ അവരെക്കാള്‍ വലിയ സ്ഥാനത്തെത്തിയിട്ടുണ്ട്. എനിക്ക് അവരെക്കാള്‍ മാര്‍ക്കറ്റിങ്ങുള്ളപ്പോള്‍ ആണ് അവര്‍ എന്റെ കൂടെ അഭിനയിച്ചത്. സിനിമയില്‍ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടാകും. ഞാന്‍ ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴും അവര്‍ താഴ്ചയില്‍ നില്‍ക്കുമ്പോഴും ഞാന്‍ അവരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇങ്ങനെ പോയേ പറ്റുള്ളൂ. കാരണം പെട്ടെന്ന് ഒരു സമയത്ത് എല്ലാം വലിച്ചെറിഞ്ഞു പോകാന്‍ പറ്റില്ല.

ഞാന്‍ ചെറുപ്പത്തില്‍ തന്നെ നടന്‍ ആകണമെന്ന് കരുതി വന്ന ആളാണ്. സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ എന്ന ആക്ടറെ കണ്ടാണ് ഒരു നടനാവണമെന്ന് തീരുമാനിച്ചത്. ചെറുപ്പം മുതലെ സില്‍വസ്റ്റര്‍ സ്റ്റാലോണിന്റെ ആരാധകന്‍ ആയിരുന്നു. ബാലേട്ടന്‍ സിനിമയില്‍ അഭിനയിച്ചതോടെയാണ് എനിക്ക് അഭിനയജിവിതത്തിലെ ഗ്രാഫ് കൂടിയത്. ഞാന്‍ വളരെയേറെ തിരക്കുള്ള നടനായി മാറിയതും. ആ സിനിമ ചെയ്തതിനു ശേഷം നൂറിലേറെ സിനിമകളില്‍ അവസരം ലഭിച്ചിരുന്നു. റിമേക്കുകളിലും അഭിനയിക്കാന്‍ അവസരം കിട്ടി,’ റിയാസ് ഖാന്‍ പറഞ്ഞു.

Content Highlight: Actor Riyas Khan Talks About Heroines Who Said That They Would Not Act With Him

We use cookies to give you the best possible experience. Learn more