മുംബൈ പോലീസ് എന്ന സിനിമയിലെ പൃഥ്വിരാജിന്റെ ഗേ പാട്ണറായിട്ടുള്ള കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനായിരുന്നെന്ന് നടന്‍ റിയാസ് ഖാന്‍.
സ്‌ക്രിപ്റ്റില്‍ വന്ന മാറ്റങ്ങളും സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസിന്റെ തീരുമാനവുമാണ് ആ കഥാപാത്രം ചെയ്യാതിരിക്കാനുള്ള കാരണമെന്നും റിയാസ് പറഞ്ഞു.
സിനിമയില്‍ മറ്റൊരു പ്രധാന വേഷം റിയാസ് ചെയ്തിട്ടുമുണ്ട്. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ റോഷന്‍ ആന്‍ഡ്രൂസ് ആദ്യം എന്നോട് പൃഥ്വിരാജിന്റെ ഗേ പാട്ണര്‍ ആയുള്ള കഥാപാത്രം ചെയ്യാനാണ് പറഞ്ഞത്. പിന്നീട് ആ സിനിമയുടെ സ്‌ക്രിപ്റ്റിലൊക്കെ ചില മാറ്റങ്ങള്‍ വന്നു. അതിന് ശേഷം എന്നോട് പറഞ്ഞു, ആ കഥാപാത്രം ഞാന്‍ ചെയ്യേണ്ടെന്ന്.
ചിലപ്പോള്‍ അറിയപ്പെടുന്ന ഒരു ആക്ടര്‍ ആ കഥാപാത്രം ചെയ്യേണ്ടെന്ന് സംവിധായകന് തോന്നിയിട്ടുണ്ടാകാം. ശേഷം റോഷന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു വേറൊരു കഥാപാത്രമുണ്ടെന്നും അത് ഞാന്‍ തന്നെ ചെയ്യണമെന്നും. അങ്ങനെയാണ് ആ സിനിമയിലെ ഷാര്‍പ് ഷൂട്ടറിന്റെ വേഷം ചെയ്യാനിടയായത്.
സിനിമയിലെ പീക്ക് പോയിന്റ് ആയിരുന്നു ആ സീന്‍. കാരണം, ആളില്ലാത്തൊരു സ്ഥലത്ത് നിന്നും ബുള്ളറ്റ് വരുന്നു. അതെങ്ങനെ ഓപ്പറേറ്റ് ചെയ്തു, ആരാണത് ചെയ്തത് എന്നൊക്കെയുള്ള സസ്‌പെന്‍സിന്റെ പീക്കായിരുന്നു ആ സീന്‍. വലിയൊരു ട്വിസ്റ്റാണ് ആ സീന്‍, ‘ റിയാസ് പറഞ്ഞു.
റോഷന്‍ ആന്‍ഡ്രൂസ് തന്റെ നല്ലൊരു സുഹൃത്താണെന്നും തങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നും റിയാസ് പറഞ്ഞു. തങ്ങള്‍ സിനിമാകാര്യങ്ങളൊന്നും സംസാരിക്കാറില്ലെന്നും കുടുംബകാര്യങ്ങള്‍ മാത്രമേ പങ്കുവെക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘റോഷന്‍ എന്റെ നല്ലൊരു സുഹൃത്താണ്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമാണ്. അതുകൊണ്ട് തന്നെ ഞാനിതുവരെ ഒരു ചാന്‍സ് ചോദിച്ചിട്ടില്ല.
ഭയങ്കര കണക്ഷനാണ് ഞങ്ങള്‍ തമ്മില്‍. ഞങ്ങള്‍ ഫോണിലൂടെ വിളിച്ചാല്‍ പോലും സിനിമയെപ്പറ്റി സംസാരിക്കാറില്ല. കുടുംബകാര്യങ്ങളും ക്യാഷ്വല്‍ ടോക്കുകളും മാത്രമേ ഉണ്ടാകാറുള്ളൂ, ‘ റിയാസ് പറഞ്ഞു.
Content Highlights: Actor Riyas Khan about his movie character