| Friday, 28th October 2022, 10:42 pm

ഞങ്ങള്‍ ആരുടേതും കോപ്പിയടിച്ചതല്ല; തൈക്കുടം ബ്രിഡ്ജിന്റെ ആരോപണങ്ങള്‍ തള്ളി റിഷബ് ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനം കോപ്പിയടിച്ചാണ് കാന്താര സിനിമയിലെ ‘വരാഹ രൂപം’ ചെയ്തത് എന്ന ആരോപണമുണ്ടായിരുന്നു. ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകനും നായകനുമായ റിഷബ് ഷെട്ടി.

ആരെയും കോപ്പിയടിച്ചല്ല പാട്ട് ചെയ്തതെന്ന് റിഷബ് ഷെട്ടി പറഞ്ഞു. കൊച്ചിയില്‍ വെച്ച് നടന്ന പ്രസ് മീറ്റിലാണ് അദ്ദേഹം വിവാദത്തില്‍ പ്രതികരിച്ചത്. തങ്ങള്‍ ആരുടേയും കോപ്പിയടിച്ചിട്ടില്ലെന്നും അവര്‍ക്ക് ഇതുമായി ബന്ധപ്പെട്ടുള്ള മറുപടി കൊടുത്തെന്നും പ്രസ്മീറ്റില്‍ റിഷബ് പറഞ്ഞു.

”ബേസിക്കലി ക്ലാസിക്ക് സ്റ്റെലിലാണ് ഞങ്ങള്‍ അത് ചെയ്തത്. അവര്‍ക്ക് ഞങ്ങള്‍ മറുപടി കൊടുത്തു കഴിഞ്ഞു. അതിനെക്കുറിച്ച് വീണ്ടും ഇവിടെ വന്ന് പറയേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു. പ്രൊഡക്ഷന്‍ ഹൗസ് അവര്‍ക്ക് മറുപടി കൊടുത്തതാണ്. ഞങ്ങള്‍ ഒരിക്കലും കോപ്പിയടിച്ചതല്ല,” റിഷബ് ഷെട്ടി പറഞ്ഞു.

കാന്താര ടീമിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് തൈക്കുടം ബ്രിഡ്ജും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തൈക്കുടം ബ്രിഡ്ജ് തങ്ങളുടെ പ്രതികരണം പുറത്ത് വിട്ടത്.

പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണ് കാന്താര നടത്തിയിരിക്കുന്നതെന്നും പ്രചോദനത്തിനും കോപ്പിയടിക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പറഞ്ഞ തൈക്കുടം ബ്രിഡ്ജ് ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിരുന്നു.

ബിജിപാല്‍, ഹരീഷ് ശിവരാമകൃഷ്ണന്‍ തുടങ്ങി മലയാള സിനിമയിലെ നിരവധി സംഗീതഞ്ജരുള്‍പ്പെടെ കോപ്പിയടിക്കെതിരെ രംഗത്ത് വന്നതും വിഷയം ശ്രദ്ധിക്കപ്പെടാന്‍ കാരണമായിരുന്നു.

content highlight: actor Rishab Shetty refutes the allegations of Thaikudam Bridge

We use cookies to give you the best possible experience. Learn more