| Friday, 29th April 2022, 11:30 am

നടിയെ ആക്രമിച്ച കേസില്‍ നടന്‍ രവീന്ദ്രന്റെ സത്യാഗ്രഹം; വേദിയിലെത്തി പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് കൊച്ചിയില്‍ നടന്‍ രവീന്ദ്രന്റെ സത്യാഗ്രഹ സമരം. അന്തരിച്ച എം.എല്‍.എ പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസും സമരത്തില്‍ പങ്കെടുത്തു. ഫ്രണ്ട്‌സ് ഒഫ് പി.ടി ആന്‍ഡ് നേച്ചറിന്റെ ആഭിമുഖ്യത്തിലാണ് സത്യാഗ്രഹം നടക്കുന്നത്.

രവീന്ദ്രന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരുന്ന സത്യാഗ്രഹ സമരത്തിലേക്കെത്തിയ ഉമാ തോമസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടപെട്ട് നടിയെ പൊലീസുമായി ബന്ധപ്പെടുത്തിയ ശേഷം പുലര്‍ച്ചെ വീട്ടിലെത്തിയ പി.ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. പിന്നീട് പല തവണ കേസ് അട്ടിമറിക്കാന്‍ നോക്കി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പി.ടി. ഉണ്ടായിരുന്നെങ്കില്‍ ഇതിനെതിരെ ശക്തമായി നിലപാടെടുത്തേനെയെന്നും ഉമാ തോമസ് പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അത് തീരുമാനിക്കുന്നത് താനല്ലല്ലോ എന്നായിരുന്നു ഉമാ തോമസിന്റെ മറുപടി. പാര്‍ട്ടിയും ഹൈക്കമാന്‍ഡുമാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രത്യേകം ശ്രദ്ധ വേണമെന്ന് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബ് അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചു. അന്വേഷണ വിവരങ്ങള്‍ ചോരരുതെന്നും കോടതിയില്‍ നിന്നും അന്വേഷണ സംഘത്തിനെതിരായ പരാമര്‍ശങ്ങളുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ നിന്നും വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് എ.ഡി.ജി.പിയുടെ നിര്‍ദേശം.

Content Highlight: Actor Raveendran’s satyagraha in actress’ assault case; Uma Thomas, wife of PT Thomas, also took the stage

We use cookies to give you the best possible experience. Learn more