|

മോഹന്‍ലാല്‍ തടിവെച്ചാലോ, തടി കുറഞ്ഞാലോ ഇവിടെ പ്രശ്‌നമാണ്, വേറെ ഒരിടത്തും ഇങ്ങനെയൊന്ന് ഉണ്ടാകില്ല: രവീന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1980കളില്‍ മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടനാണ് രവീന്ദ്രന്‍. ഡിസ്‌കോ രവീന്ദ്രന്‍ എന്ന് തമിഴ്നാട്ടില്‍ അറിയപ്പെട്ടിരുന്ന താരം ഒരുഘട്ടത്തില്‍ കമല്‍ ഹാസന് പോലും വെല്ലുവിളിയായിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത താരം ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. ചിത്രത്തിലെ ‘മ്ലേച്ഛന്‍ രവി’ എന്ന കഥാപാത്രം തരംഗമായി മാറി.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് രവീന്ദ്രന്‍. താനും മോഹന്‍ലാലും ഒരുമിച്ച് വന്നവരാണെന്ന് രവീന്ദ്രന്‍ പറയുന്നു. മോഹന്‍ലാലിനോട് മലയാളികള്‍ക്ക് വല്ലാത്ത ഇഷ്ടമുണ്ടെന്നും അയാളുടെ കാര്യത്തില്‍ ആളുകള്‍ക്ക് വല്ലാത്ത കരുതലുണ്ടെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ തടി കൂട്ടിയാലോ തടി കുറച്ചാലോ ആളുകള്‍ക്ക് അതൊരു പ്രശ്‌നമാണെന്നും രവീന്ദ്രന്‍ പറഞ്ഞു. വേറെ ഒരിടത്തും ഇതുപോലെ ഉണ്ടാകുമോ എന്ന് തനിക്ക് സംശയമാണെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനോടുള്ള കണ്‍സേണാണ് ആളുകളെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നതെന്നും രവീന്ദ്രന്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ വളര്‍ച്ച താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഓരോ കാലത്തും അയാളോട് ആളുകള്‍ക്കുള്ള സ്‌നേഹം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ലെന്നും രവീന്ദ്രന്‍ പറയുന്നു. മോഹന്‍ലാലിനെപ്പോലെയാണ് തമിഴില്‍ രജിനികാന്തെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാകാലത്തും ജനങ്ങള്‍ക്ക് ഈ രണ്ട് നടന്മാരോടും പ്രത്യേക ഇഷ്ടമുണ്ടാകുമെന്നും രവീന്ദ്രന്‍ പറയുന്നു.

‘മോഹന്‍ലാലും ഞാനും ഒരുമിച്ച് സിനിമയില്‍ വന്നവരാണ്. ലാലിനോട് ആളുകള്‍ക്ക് എല്ലാ കാലത്തും ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഞാനത് നേരില്‍ കണ്ടയാളാണ്. അയാളുടെ കാര്യത്തില്‍ എപ്പോളും ആളുകള്‍ക്ക് ഒരു കരുതലുണ്ട്. അതായത്, മോഹന്‍ലാല്‍ ഇപ്പോള്‍ തടിവെച്ചാലോ അല്ലെങ്കില്‍ അയാളുടെ തടി കുറഞ്ഞാലോ പലര്‍ക്കും അത് വലിയൊരു കാര്യമാണ്. ‘മോഹന്‍ലാല്‍ തടി വെച്ചേ’ അല്ലെങ്കില്‍ ‘മോഹന്‍ലാല്‍ തടി കുറച്ചേ’ എന്ന് പറഞ്ഞ് നമ്മളത് ചര്‍ച്ചയാക്കും.

വേറെ എവിടെയെങ്കിലും ഇതുപോലെ നടക്കുമോ?, അത് മോഹന്‍ലാലിന് മാത്രം കിട്ടുന്ന സ്‌നേഹമാണ്. അയാളുടെ വളര്‍ച്ച ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഓരോ കാലത്തും അയാളോടുള്ള ഇഷ്ടം കൂടുന്നതല്ലാതെ കുറഞ്ഞിട്ടില്ല. മോഹന്‍ലാലിനോട് ഒരു കണ്‍സേണ്‍ എല്ലായ്‌പ്പോഴും ആളുകള്‍ക്കുണ്ട്. തമിഴില് രജിനികാന്തും ഇതുപോലെയാണ്. രണ്ടുപേര്‍ക്കും ആളുകളുടെ മനസില്‍ പ്രത്യേക സ്ഥാനമുണ്ട്,’ രവീന്ദ്രന്‍ പറഞ്ഞു.

Content Highlight: Actor Raveendran about Mohanlal

Video Stories