2004ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് – മോഹന്‍ലാല്‍ ചിത്രമായ നാട്ടുരാജാവിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് രഞ്ജിത്ത്. കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
2005ല്‍ അന്‍വര്‍ റഷീദ് – മമ്മൂട്ടി ചിത്രമായ രാജമാണിക്യത്തിലും രഞ്ജിത്ത് ഒരു പ്രധാനവേഷം ചെയ്തിരുന്നു. ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ രാജമാണിക്യത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.
‘നാട്ടുരാജാവ് സിനിമ കഴിഞ്ഞപ്പോള്‍ രഞ്ജിത്ത് സാര്‍ ഒരു ദിവസം ചെന്നൈയില്‍ വന്ന് രാജമാണിക്യത്തിന്റെ കഥ പറഞ്ഞു. അപ്പോള്‍ ഞാന്‍ കരുതിയത് അദ്ദേഹമാകും ആ സിനിമ സംവിധാനം ചെയ്യുന്നതെന്നായിരുന്നു. എന്റെ മനസില്‍ അങ്ങനെയായിരുന്നു.
അന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നു അന്‍വര്‍ റഷീദ്. പിന്നെയാണ് ആ സിനിമ സംവിധാനം ചെയ്യുന്നത് അന്‍വറാണെന്ന് ഞാന്‍ അറിയുന്നത്. അതിലെനിക്ക് സന്തോഷം തോന്നി. കാരണം അന്‍വര്‍ ഒരു പുതിയ സംവിധായകനാണ്.
പിന്നെ കഥ കേള്‍ക്കുമ്പോള്‍ തന്നെ അത് ഹിറ്റാകുമോയെന്ന് നമുക്ക് മനസിലാകുമല്ലോ. രാജമാണിക്യത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ അത് ഹിറ്റാകുമെന്ന് മനസിലായി. ആ സിനിമയില്‍ മമ്മൂട്ടി സാര്‍ ഏത് സ്ലാങ്ങിലാണ് സംസാരിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു.
എന്നാല്‍ ലൊക്കേഷനില്‍ പോയപ്പോഴാണ് ട്രിവാന്‍ഡ്രം സ്ലാങ്ങിലാണ് അദ്ദേഹത്തിന്റെ ഡയലോഗുകളെന്ന് എനിക്ക് മനസിലാകുന്നത്. രാജമാണിക്യത്തില്‍ വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവം വളരെ നന്നായിരുന്നു.
ഇന്നും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കേരളത്തിലെ ആളുകള്‍ ആ സിനിമയിലെ എന്റെ ഡയലോഗുകളും മറ്റും വീഡിയോയായും മീമുകളായും ഷെയര്‍ ചെയ്യുന്നത് കാണാം. അത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്,’ രഞ്ജിത്ത് പറഞ്ഞു.
Content Highlight: Actor Ranjith Talks About Rajamanikyam Movie