എന്നെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് മോഹന്‍ലാല്‍ സാര്‍; അദ്ദേഹത്തിന്റെ കോള്‍ വന്നപ്പോള്‍ സന്തോഷം തോന്നി: രഞ്ജിത്ത്
Film News
എന്നെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് മോഹന്‍ലാല്‍ സാര്‍; അദ്ദേഹത്തിന്റെ കോള്‍ വന്നപ്പോള്‍ സന്തോഷം തോന്നി: രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st February 2024, 8:59 pm

2004ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് – മോഹന്‍ലാല്‍ ചിത്രമായ നാട്ടുരാജാവിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് രഞ്ജിത്ത്. കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് രഞ്ജിത്ത്.

താന്‍ നന്ദി പറയേണ്ടത് മോഹന്‍ലാലിനോടാണെന്നും തന്നെ മലയാള സിനിമയില്‍ പരിചയപെടുത്തുന്നത് അദ്ദേഹമാണെന്നുമാണ് രഞ്ജിത്ത് പറയുന്നത്.

‘ഒരുപാട് സിനിമകളുടെ കഥ കേട്ടിരുന്നു. എന്നാല്‍ അതൊന്നും ഞാന്‍ ചെയ്തില്ല. ഞാന്‍ നന്ദി പറയേണ്ടത് മോഹന്‍ലാല്‍ സാറിനോടാണ്. എന്റെ ആദ്യ മലയാള സിനിമയില്‍ എന്നെ പരിചയപെടുത്തുന്നത് അദ്ദേഹമാണ്. ഷാജി കൈലാസ് സാറിന്റെ നാട്ടുരാജാവായിരുന്നു ആ സിനിമ.

എന്നെ അദ്ദേഹം ഫോണ്‍ വിളിച്ചപ്പോള്‍ അന്ന് ഒരുപാട് സന്തോഷം തോന്നിയിരുന്നു. ആ സമയത്ത് ഒരു ഷൂട്ടിങ്ങിന്റെ ഇടയില്‍ കാലിന് പരിക്ക് പറ്റിയിരിക്കുകയായിരുന്നു. മര്യാദക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അതിന്റെ അടുത്ത ദിവസമായിരുന്നു ഷൂട്ടിങ്.

അപ്പോള്‍ ഞാന്‍ ഷൂട്ടിന് വരില്ലെന്ന് പറഞ്ഞു. അന്ന് എന്നെ മോഹന്‍ലാല്‍ സാര്‍ വിളിച്ചു. കാലിന് പരിക്ക് പറ്റിയതൊന്നും കുഴപ്പമില്ല, വന്ന ശേഷം നമുക്ക് നോക്കാമെന്ന് പറഞ്ഞു. കാലിന് കെട്ടുമായാണ് ഞാന്‍ ലൊക്കേഷനിലേക്ക് പോകുന്നത്.

എന്നാല്‍ ലൊക്കേഷനില്‍ മോഹന്‍ലാല്‍ സാര്‍ എന്നെ ഒരു കുട്ടിയെ പോലെയാണ് നോക്കിയത്. ലൊക്കേഷനില്‍ എല്ലാവരും അങ്ങനെയായിരുന്നു. ഷാജി കൈലാസ് സാറും ഒരുപാട് സഹായിച്ചു,’ രഞ്ജിത്ത് പറഞ്ഞു.

ഒരു ഇടവേളക്ക് ശേഷം രഞ്ജിത്ത് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കടകന്‍. നവാഗതനായ സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന കടകന്‍ മാര്‍ച്ച് ഒന്നിന് തിയറ്ററുകളിലെത്തും.


Content Highlight: Actor Ranjith Talks About Mohanlal