മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് രഞ്ജിത്. 1993ല്‍ പൊന്‍ വിലങ്ങ് എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത് അഭിനയലോകത്തേക്ക് കാലെടുത്തുവെച്ചത്. തുടര്‍ന്ന് 50ഓളം തമിഴ് ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ രഞ്ജിത് അവതരിപ്പിച്ചു. മലയാളത്തിലും രഞ്ജിത് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ രാജമാണിക്യം, മോഹന്‍ലാല്‍ നായകനായ ചന്ദ്രോത്സവം എന്നീ ചിത്രങ്ങളില്‍ രഞ്ജിത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.
രാജമാണിക്യത്തിന് മുമ്പ് മമ്മൂട്ടിയോടൊപ്പം തമിഴില്‍ രഞ്ജിത് അഭിനയിച്ചിരുന്നു. 1998ല്‍ റിലീസായ മറുമലര്‍ച്ചി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും രഞ്ജിതും ആദ്യമായി ഒന്നിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച വില്ലനുള്ള തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡ് രഞ്ജിത്തിനെ തേടിയെത്തിയിരുന്നു. ചിത്രത്തില്‍ തങ്ങളോടൊപ്പം അഭിനയിച്ച കലാഭവന്‍ മണിയെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്. ആ ചിത്രത്തില്‍ മണിയുടെ ഡെഡിക്കേഷന്‍ കണ്ട് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് രഞ്ജിത് പറഞ്ഞു.
ചിത്രത്തില്‍ കലാഭവന്‍ മണി തെങ്ങില്‍ കയറുന്ന സീന്‍ ഉണ്ടായിരുന്നെന്നും റോപ്പ് ഉപയോഗിച്ചാണ് കയറിയതെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കയറുന്നതിനിടയില്‍ കയര്‍ മുറിഞ്ഞ് മണി താഴെ വീണെന്നും അപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെന്നും രഞ്ജിത് പറഞ്ഞു. പരിക്ക് പറ്റിയതിനാല്‍ മണിക്ക് പകരം വടിവേലുവിനെ വിളിക്കാന്‍ ക്രൂ തീരുമാനിച്ചെന്നും എന്നാല്‍ പിറ്റേദിവസം എല്ലാവരെയും ഞെട്ടിച്ച് മണി സെറ്റിലെത്തിയെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
ആ സിനിമ ചെയ്യണമെന്ന ആഗ്രഹത്തില്‍ രാവിലെയും വൈകിട്ടും അഞ്ചും ആറും പെയിന്‍കില്ലറുകള്‍ കഴിച്ചാണ് മണി ആ സിനിമയുടെ ഷൂട്ട് പൂര്‍ത്തിയാക്കിയതെന്നും അയാള്‍ക്ക് സിനിമയോടുള്ള ആത്മാര്‍ത്ഥത മറ്റൊരു നടനിലും കണ്ടിട്ടില്ലെന്നും രഞ്ജിത് പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത് ഇക്കാര്യം പറഞ്ഞത്.
‘കലഭവന്‍ മണിയെപ്പറ്റി പറയുമ്പോള്‍ പലരും വിചാരിക്കുന്നത് നാട്ടുരാജാവിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിച്ചതെന്നാണ്. എന്നാല്‍ ഞങ്ങള്‍ ആദ്യമായി ഒന്നിച്ചത് മറുമലര്‍ച്ചി എന്ന ചിത്രത്തിലാണ്. മമ്മൂട്ടി സാറാണ് ആ സിനിമയിലെ നായകന്‍. ആ സിനിമയില്‍ മണിയും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ടായിരുന്നു. മണിയുടെ ക്യാരക്ടര്‍ തെങ്ങില്‍ കയറുന്ന സീനുണ്ട്. ഡ്യൂപ്പൊന്നും ഇല്ലാതെ റിയലായിട്ടാണ് മണി തെങ്ങില്‍ കയറിയത്. പക്ഷേ പകുതി എത്തിയപ്പോള്‍ മണിയുടെ അരയില്‍ കെട്ടിയിരുന്ന കയര്‍ പൊട്ടി അയാള്‍ താഴെ വീണു.
അപ്പോള്‍ തന്നെ എല്ലാവരും അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയി. ഇനി മണിയെ വെച്ച് ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് കണ്ട് ക്രൂവിലുള്ളവര്‍ ആ ക്യാരക്ടര്‍ ചെയ്യാന്‍ വടിവേലുവിനെ വിളിച്ചാലോ എന്നൊക്കെ ആലോചിച്ചു. എന്നാല്‍ അടുത്തദിവസം മണി സെറ്റിലെത്തി. ആ ക്യാരക്ടര്‍ കൈവിട്ട് പോകരുതെന്ന് മണിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. രാവിലെയും വൈകിട്ടും അഞ്ച് പെയിന്‍കില്ലര്‍ കഴിച്ചാണ് മണി ആ സിനിമ കംപ്ലീറ്റ് ചെയ്തത്. അതുപോലെ ആത്മാര്‍ത്ഥത മറ്റൊരു മലയാളനടനിലും ഞാന്‍ കണ്ടിട്ടില്ല,’ രഞ്ജിത് പറയുന്നു.
Content Highlight: Actor Ranjith shares an accident happened to Kalabahvan Mani in Tamil film Marumalarchi