ഖൊഖൊ, ഒറ്റമുറി വെളിച്ചം, ഡാകിനി, മരക്കാര്‍, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് രഞ്ജിത് ശേഖര്‍.
ഇതില്‍, ഫ്രീഡം ഫൈറ്റിലെ ഗീതു അണ്‍ചെയിന്‍ഡ് എന്ന ഭാഗത്തിലെ രഞ്ജിത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. രജിഷ വിജയന്‍ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേമിക്കുന്നയാളായാണ് രഞ്ജിത് അഭിനയിച്ചത്.
ഇതിന്റെ ക്ലൈമാക്‌സില്‍ രജിഷ രഞ്ജിത്തിന്റെ കഥാപാത്രത്തെ തെറി വിളിക്കുന്ന ഭാഗം ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
തന്റെ അഭിനയജീവിതത്തെക്കുറിച്ചും ഏറെ ആരാധിക്കുന്ന നടന്‍ മോഹന്‍ലാലിനെ നേരിട്ട് കണ്ട അനുഭവങ്ങളും പങ്കുവെക്കുകയാണ് ഇപ്പോള്‍ രഞ്ജിത്. ജിന്‍ജര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മരക്കാറിന്റെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാലിനെ നേരിട്ട് കണ്ടതിനെക്കുറിച്ച് സംസാരിക്കുന്നത്.
നടി മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളും നടി കീര്‍ത്തി സുരേഷിന്റെ സഹോദരിയുമായ രേവതി സുരേഷാണ് തന്നെ മരക്കാറിലേക്ക് റഫര്‍ ചെയ്തതെന്നും രഞ്ജിത് പറയുന്നു.
”ചെറിയ ഒരു ഭാഗമാണ് മരക്കാറില്‍ ഞാന്‍ ചെയ്തിരിക്കുന്നത്. രേവതി സുരേഷ് ആണ് എന്നെ മരക്കാറിലേക്ക് റഫര്‍ ചെയ്തത്. ഡാകിനി സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി രേവതി ഉണ്ടായിരുന്നു.
താല്‍പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഉണ്ട് എന്ന് പറഞ്ഞു. കാരണം പ്രിയന്‍ സാറിന്റെ ഫ്രെയിമില്‍ നില്‍ക്കാന്‍ പറ്റുക, ലാലേട്ടന്റെ പടം എന്നൊക്കെ പറയുമ്പോള്‍.
കുഞ്ഞാലി മരക്കാര്‍ അത്രയും ഹൈപ് ഉണ്ടാക്കിയിരുന്നല്ലോ. നാളെ എത്തണം എന്ന് രേവതി പറഞ്ഞു അങ്ങനെ അപ്പോള്‍ തന്നെ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് പോയി.
ഏറ്റവും വലിയ കാര്യം പ്രിയന്‍ സാറിനെ പരിചയപ്പെടുക, അദ്ദേഹത്തിന്റെ ഫ്രെയിമില്‍ നില്‍ക്കുക, ലാലേട്ടനെ നേരിട്ട് കാണുക എന്നതായിരുന്നു. കാരണം അതുവരെയും ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നില്ല.
പക്ഷെ എനിക്ക് ഷൂട്ട് ഉണ്ടായിരുന്ന ദിവസം ലാലേട്ടന് സീന്‍ ഇല്ലായിരുന്നു. ലാലേട്ടനുമായി എനിക്ക് ഒരു സീക്വന്‍സുമില്ല. അങ്ങനെ ഫൈനല്‍ ഡേ, തിരിച്ചുവരുന്ന സമയത്ത് ഞാന്‍ സെറ്റില്‍ ബൈ പറയാന്‍ വേണ്ടി പോയപ്പോള്‍, വെള്ള ഷര്‍ട്ടിട്ട് ഒരു പുള്ളിക്കാരന്‍ ഇങ്ങനെ ചാരി നില്‍പ്പുണ്ട്.
ഞാനിങ്ങനെ വെറുതെ നോക്കിയപ്പോള്‍, ലാലേട്ടന്‍. എന്ത് ചെയ്യണമെന്ന് എനിക്ക് അറിഞ്ഞൂടാ. ഡൈ ഹാര്‍ട്ട് ഫാന്‍ ആണല്ലോ കൊച്ചിലേ മുതല്‍.
ഞാന്‍ ഓടിപ്പോയി രേവതിയോട്, ലാലേട്ടന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പൊ പുള്ളിക്കാരി, ‘ആ ഞാന്‍ കണ്ടാര്‍ന്നു, ലാലങ്കിള്‍ വന്നാര്‍ന്നു,’ എന്ന് പറഞ്ഞു.
അവര്‍ക്ക് അങ്കിളാണല്ലോ, നമുക്കാണല്ലോ ലാലേട്ടന്‍, അവര് എന്നും കാണുന്നതല്ലേ,” രഞ്ജിത് ശേഖര്‍ പറഞ്ഞു.
പിന്നീട് രേവതി വഴി മോഹന്‍ലാലിനെ പോയി പരിചയപ്പെട്ടതും നേരിട്ട് കണ്ടപ്പോള്‍ കരഞ്ഞുപോയതുമായ രസകരമായ അനുഭവങ്ങളും രഞ്ജിത് അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.
Content Highlight: Actor Ranjith Sekhar about meeting Mohanlal in Marakkar set through Revathy Suresh