കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കി സംവിധായകനും നടനുമായ രഞ്ജിത്ത്. പാര്‍ട്ടി തീരുമാനം വന്നതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്നും രഞ്ജിത്ത് പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് മത്സരിക്കാന്‍ യോഗ്യതയുണ്ടോ എന്ന സ്വയം സംശയത്തിലായിരുന്നു ഞാന്‍. ഞാന്‍ ആദ്യത്തെ സിനിമ സംവിധാനം ചെയ്യുമ്പോള്‍ ഇതേ ആശങ്ക എനിക്കുണ്ടായിരുന്നു. അന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തന്ന ധൈര്യത്തിലാണ് ഇറങ്ങിയത്. മത്സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കുന്ന കാര്യമാണ്,’ രഞ്ജിത്ത് പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന്, പാര്‍ട്ടി ആദ്യം മത്സരിക്കാന്‍ പറയുമോ എന്ന് നോക്കാമെന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി.
മത്സരിക്കാന്‍ തയ്യാറുണ്ടോ എന്ന ചോദ്യം വന്നിരുന്നെന്നും എന്നാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പൂര്‍ണമായും പറഞ്ഞിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു. രാഷ്ട്രീയം ഒരു സാധ്യതയാണെന്നും രഞ്ജിത്ത് പറഞ്ഞു.
‘രാഷ്ട്രീയത്തെ രണ്ട് രീതിയില്‍ കാണാം. ഒന്ന് നിരന്തരം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരാള്‍. അത്തരം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ലല്ലോ ഞാന്‍. പക്ഷെ അല്ലാതെയുള്ളവര്‍ക്കും വേണമെങ്കില്‍ ഒരു ഭരണസംവിധാനത്തിന്റെ ഭാഗമായി മാറാം.
സിനിമയാണ് എന്റെ കര്‍മ മേഖല. 33 വര്‍ഷമായി സിനിമയിലാണ്. പക്ഷെ ഇപ്പോള്‍ സിനിമകള്‍ അങ്ങനെ സംവിധാനം ചെയ്യുന്നില്ല. തീരുമാനങ്ങള്‍ ഒക്കെ വരട്ടെ,’ എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
15 വര്‍ഷമായി പ്രദീപ് നടത്തിയിട്ടുള്ള മികച്ച പ്രവര്‍ത്തനമാണ് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തെ സുരക്ഷിതമായി നിലനിര്‍ത്തിയത്. പക്ഷെ മൂന്ന് ടേം കഴിഞ്ഞവരെ മാറ്റണമെന്നതും പാര്‍ട്ടിയുടെ തീരുമാനം തന്നെയാണ്. പ്രദീപിനെ പോലെ പ്രാപ്തനായ ഒരു എം.എല്‍.എയെ കോഴിക്കോടിന് കിട്ടാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ത്ത് ഒരു നല്ല മണ്ഡലമല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് എല്ലാ മണ്ഡലങ്ങളും നല്ല മണ്ഡലമാണെന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി.
കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്തിനെ പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സി.പി.ഐ.എം സാധ്യതാ പട്ടികയില്‍ രഞ്ജിത്തിന്റെ പേരുണ്ടായിരുന്നു. മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് രഞ്ജിത്ത് അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക