Entertainment news
ജാഫര്‍ ഇടുക്കി എന്ന നടന് സ്വീകാര്യത കിട്ടാന്‍ വൈകിയത് ദൗര്‍ഭാഗ്യകരം, മമ്മൂട്ടി നായകനായ സിനിമയുടെ സെറ്റില്‍ വെച്ച് ആ കാര്യം ഞാന്‍ പറഞ്ഞതാണ്: രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 15, 10:48 am
Tuesday, 15th November 2022, 4:18 pm

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് കൂമന്‍. മികച്ച പ്രതികരണം നേടിയ ചിത്രത്തില്‍ ആസിഫിന്റെയൊപ്പം തന്നെ ഗംഭീര പ്രകടനം കാഴ്ചവെച്ച നടനാണ് ജാഫര്‍ ഇടുക്കി. ചിത്രത്തില്‍ രണ്‍ജി പണിക്കറും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ജാഫര്‍ ഇടുക്കിയെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ രണ്‍ജി പണിക്കര്‍.

ജാഫറിലെ നടന്റെ കഴിവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ താന്‍ മനസിലാക്കിയിരുന്നുവെന്നും രൗദ്രം എന്ന തന്റെ ചിത്രത്തില്‍ അതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ച് അഭിനയിപ്പിച്ചതെന്നും രണ്‍ജി പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാഫര്‍ ഇടുക്കിയെക്കുറിച്ച് രണ്‍ജി പണിക്കര്‍ സംസാരിച്ചത്.

”ജാഫര്‍ എന്ന നടന്റെ കഴിവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ മനസിലാക്കിയിട്ടുണ്ട്. മമ്മൂട്ടി നായകനായ രൗദ്രം എന്ന എന്റെ സിനിമയില്‍ ഞാന്‍ ജാഫറിനെ വിളിച്ച് അഭിനയിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തില്‍ ഞാന്‍ വലിയ ഭാവി കാണുന്നുണ്ടെന്ന് അന്ന് തന്നെ നേരിട്ട് പറഞ്ഞിരുന്നു. വളരെ പൊട്ടന്‍ഷ്യലുള്ള നടനാണെന്ന് അന്നു തന്നെ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.

ജാഫര്‍ എന്ന വ്യക്തിയിലെ നടന് സ്വീകാര്യത കിട്ടാന്‍ പിന്നെയും വര്‍ഷങ്ങള്‍ എടുക്കേണ്ടി വന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇപ്പോഴാണ് അദ്ദേഹത്തിന് അര്‍ഹിക്കുന്ന പരിഗണനയും സ്വീകാര്യതയും ലഭിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പോ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പോ സ്വീകാര്യത കിട്ടേണ്ട നടനായിരുന്നു.

ഏതോ ഭാഗ്യദോഷം കൊണ്ട് അത് വൈകിപ്പോയി. ഈ ചിത്രത്തില്‍ മുഴുവനായും കഥാപാത്രം തന്നെയാണ് അദ്ദേഹം. ഒരിഞ്ച് പോലും അതില്‍ വേറെയൊന്നും നമ്മള്‍ കാണുന്നില്ല. ഈ സിനിമയിലെ കഥാപാത്രമാകുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. ഞാന്‍ ചെയ്ത കഥാപാത്രത്തേക്കാളും വളരെ ഡിഫിക്കല്‍റ്റായ കഥാപാത്രത്തെയാണ് ജാഫര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.

അങ്ങനെ ഒരു കഥാപാത്രം ചെയ്ത് വിജയിപ്പിക്കുക എന്ന് പറയുന്നതില്‍ നിന്നും മനസിലാക്കേണ്ടത് അദ്ദേഹം അത്രയും കഴിവുറ്റ നടനാണെന്നാണ്. ജാഫറിന് പറ്റിയ ഒരു സ്ലോട്ട് മലയാള സിനിമയില്‍ അയാളെ കാത്തിരിക്കുന്നുണ്ടെന്നത് കൃത്യമായ ബോധ്യമുള്ള കാര്യമായിരുന്നു. ഞാന്‍ അതുകൊണ്ട് തന്നെയാണ് എന്റെ സിനിമയിലേക്ക് നേരിട്ട് വിളിച്ച് അഭിനയിപ്പിച്ചത്,” രണ്‍ജി പണിക്കര്‍ പറഞ്ഞു.

കള്ളന്‍ മണിയന്‍ എന്ന കഥാപാത്രമായാണ് കൂമനില്‍ ജാഫര്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചത്. അടുത്തിടെ പുറത്തിറങ്ങിയ മിക്ക സിനിമകളിലും അദ്ദേഹം പ്രധാന കഥാപാത്രമായി തന്നെയാണ് എത്തുന്നത്. ഗിരി ശങ്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആസിഫ് അലിയും ഒപ്പം ബാബു രാജും മികച്ച പെര്‍ഫോമന്‍സാണ് സിനിമയില്‍ കാഴ്ചവെച്ചത്.

content highlight: actor ranji panicker about jaffer idukki