| Saturday, 7th January 2023, 3:32 pm

ഇതെന്ത് പാട്ടാണ്, വിജയ് എന്താ സ്വയം തലൈവരായി പ്രഖ്യാപിച്ചോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജിയുടെ ഏറ്റവും പുതിയ സിനിമയായ വാരിസിലെ വാ തലൈവാ വാ എന്ന ഗാനത്തിനെതിരെ വിമര്‍ശനവുമായി നടന്‍ ബയില്‍വാന്‍ രംഗനാഥന്‍. വിജയ് എന്താ സ്വയം തലൈവരായി പ്രഖ്യപിച്ചോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇതെന്ത് പാട്ടാണെന്നും അദ്ദേഹം സ്വയം തലൈവരാണെന്ന് പ്രഖ്യാപിച്ചാല്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്നും രംഗനാഥന്‍ ചോദിച്ചു.

അതോടൊപ്പം താരത്തിനെതിരെ ചില വ്യക്തിപരമായ വിമര്‍ശനങ്ങളും രംഗനാഥന്‍ ഉയര്‍ത്തി. തന്റെ സിനിമയിലൂടെ കുടുംബത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമാണ് വിജയ് സിനിമയിലൂടെ ആരാധകരെ പഠിപ്പിക്കുന്നത് എന്നാല്‍ വ്യക്തി ജീവിത്തില്‍ അതൊന്നും പാലിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയിയും അദ്ദേഹത്തിന്റെ പിതാവും തമ്മിലുള്ള പ്രശ്‌നങ്ങളെ മുുന്‍നിര്‍ത്തിയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഇതെന്ത് പാട്ടാണ്, വിജയ് സ്വയം തലൈവനായി പ്രഖ്യാപിച്ചോ, നമ്മള്‍ക്ക് എന്താണ് ചെയ്യാനുള്ളത്. സമ്പന്നരായ കൂട്ടുകുടംബത്തിന്റെ കഥയാണ് വാരിസ് പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്നും മനസിലാക്കിയിരിക്കുന്നത്. കൂട്ടുകുടുംബമായി കഴിയുന്നതിന്റെ മഹിമയും സിനിമ പറയുന്നുണ്ടെന്ന് തോന്നുന്നു.

സ്വയം നേതാവായി കാണുന്ന വിജയ് സിനിമയില്‍ മുഴുവന്‍ നല്ല കാര്യങ്ങളാണ് പറയുന്നത്. എല്ലാവരോടും കൂട്ടുകുടുംബമായി കഴിയാന്‍ പറയുന്നു, അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും മറ്റുള്ളവര്‍ക്കും ഉപദേശം നല്‍കുന്നു.

വിജയിയുടെ അച്ഛന് മകനോട് സ്നേഹമുണ്ട്. എന്നാല്‍ മകന്‍ തിരിച്ച് ആ സ്നേഹം കാണിക്കുന്നില്ല. അധികം വൈകാതെ തന്നെ അതൊക്കെ മാറും. ഒരു ടീനേജറുടെ അച്ഛനായ വിജയ്, സിനിമയില്‍ ഇപ്പോഴും കൗമാരക്കാരനായിട്ടാണ് അഭിനയിക്കുന്നത്,’ രംഗനാഥന്‍ പറഞ്ഞു.

രംഗനാഥന്റെ വീഡിയോ വിജയ് ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിരവധി പേരാണ് രംഗനാഥനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പതിവുപോലെ ഇത്തരം വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ അതിനെയെല്ലാം അവഗണിക്കുകയാണ് വിജയ്.

വംശി പൈഡിപള്ളിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ശരത്കുമാര്‍, പ്രഭു, പ്രകാശ് രാജ്, ഖുശ്ബു, ജയസുധ, യോഗി ബാബു, സംഗീത ക്രിഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പൊങ്കല്‍ റിലീസായി ഈ മാസം സിനിമ തിയേറ്ററിലെത്തും.

content highlight: actor ranganathan against varisu song

We use cookies to give you the best possible experience. Learn more