| Saturday, 10th December 2022, 11:48 pm

എനിക്ക് 60 വയസാകുമ്പോള്‍ എന്റെ മക്കള്‍ക്ക് 20 വയസ്; ഞാന്‍ ഇതിന് മുമ്പേ അച്ഛനാവേണ്ടതായിരുന്നു: രണ്‍ബീര്‍ കപൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുമാസം മുമ്പാണ് ബോളിവുഡ് താരദമ്പതികളായ രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനും മകള്‍ ജനിച്ചത്. റാഹയെന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോള്‍ അച്ഛനായതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രണ്‍ബീര്‍.

താനും ആലിയയും തങ്ങളുടെ ജോലിയും വീട്ടുകാര്യങ്ങളും ബാലന്‍സ് ചെയ്യുന്നതെന്നതിനെക്കുറിച്ചും രണ്‍ബീര്‍ സംസാരിച്ചു. കുഞ്ഞുണ്ടായതിന്റെ ബുദ്ധിമുട്ടുകളൊന്നും ഇതുവരെ തനിക്കുണ്ടായിട്ടില്ലെന്നും ഒരു അച്ഛനായി ജീവിക്കുന്നതിലേക്ക് പൂര്‍ണമായും താന്‍ എത്തിച്ചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. റെഡ് സീ ഫിലിം ഫെസ്റ്റിവലിനായി ജിദ്ദയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എങ്ങനെയാണ് ഇനി ജോലി തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ നടനോട് ചോദിച്ചിരുന്നു. അതിന് ഉത്തരം നല്‍കുന്നതിന് മുമ്പ് രക്ഷിതാവാകുന്നത് ഏത് രീതിയിലാണ് തന്നെ സന്തോഷിപ്പിക്കുന്നത് എന്നതിനെക്കുറിച്ചാണ് രണ്‍ബീര്‍ സംസാരിച്ചത്.

”കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ കാമുകനും കാമുകിയുമായി ഒരുമിച്ചാണ് കഴിഞ്ഞത്. പിന്നെ ഭര്‍ത്താവും ഭാര്യയുമായി. എനിക്കൊരു മകളുണ്ട് എന്ന യാഥാര്‍ത്ഥത്തിലേക്ക് ഞാന്‍ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല. ഞാന്‍ ഇതിനെക്കുറിച്ച് ഒരിടത്തും വേണ്ടത്ര പറഞ്ഞിട്ടില്ല. മകളുണ്ടാകാന്‍ ഞാന്‍ എന്തിനാണ് ഇത്രയും സമയമെടുത്തതെന്ന് എനിക്ക് അറിയില്ല.

ഞാന്‍ ഇതിനുമുമ്പ് തന്നെ അച്ഛനാവേണ്ടതായിരുന്നു. എനിക്ക് 60 വയസാകുമ്പോള്‍ എന്റെ മകള്‍ക്ക് 20 വയസുമാത്രമായിരിക്കും. അതാണ് എന്റെ ഏറ്റവും വലിയ പേടി. എനിക്ക് അവളോടൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ കഴിയുമോ? അവളുടെ കൂടെ ഓടാന്‍ കഴിയുമോ? ഇപ്പോള്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സന്തോഷത്തിലാണ് ഞാനുള്ളത്. ഈ രീതിയിലാവും തോന്നുകയെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

കുട്ടിക്ക് കൈമാറാന്‍ ആഗ്രഹിക്കുന്ന മൂല്യങ്ങളെക്കുറിച്ച് ആലിയയും ഞാനും പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. സഹാനുഭൂതി, ദയ, മുതിര്‍ന്നവരോടുള്ള ബഹുമാനം, സമത്വം തുടങ്ങി പല കാര്യങ്ങളുണ്ട്.

മാതാപിതാക്കളില്‍ നിന്നോ ജീവിതത്തില്‍ നിന്നോ നമ്മള്‍ ഉള്‍ക്കൊള്ളുന്ന നിരവധി കാര്യങ്ങള്‍ കുട്ടിക്ക് കൈമാറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു മാതൃക കാണിക്കുമ്പോള്‍ ആദ്യം ആ ഗുണങ്ങളുള്ള വ്യക്തിയായി നമ്മള്‍ മാറുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പറഞ്ഞു കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുക അനുഭവിക്കുമ്പോഴാണ്.

ഞാനും ആലിയയും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമയത്തെ വിലമതിക്കാറുണ്ട്. ഞാന്‍ അധികം ജോലി ചെയ്യുന്നില്ല. ആലിയ കൂടുതല്‍ ജോലി ചെയ്യുന്നു. കൂടുതല്‍ തിരക്കിലാണ്. എന്നാല്‍ ഞങ്ങള്‍ അത് ബാലന്‍സ് ചെയ്യും. അവള്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ഒരു ഇടവേള എടുക്കും. ഞാന്‍ ജോലിക്ക്
വേണ്ടി പുറത്തായിരിക്കുമ്പോള്‍ ആലിയ ബ്രേക്ക് എടുക്കും,’ രണ്‍ബീര്‍ പറഞ്ഞു.

CONTENT HIGHLIGHT: actor ranbir kapoor about fatherhood

We use cookies to give you the best possible experience. Learn more