ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നടന്‍ റാണ ദഗ്ഗുബതി. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ലോഗോ പങ്കുവെച്ച് ഇന്ത്യയിലെ ‘ഏറ്റവും മോശം എയര്‍ലൈന്‍സ് എക്‌സ്പീരിയന്‍സ്’ എന്നാണ് റാണ കുറിച്ചത്.
‘ഇന്‍ഡിഗോയ്ക്ക് ഫ്‌ളൈറ്റിന്റെ സമയത്തെ കുറിച്ച് വ്യക്തതയില്ല. എന്റെ കാണാതായ ലഗേജ് ട്രാക്ക് ചെയ്തിട്ടില്ല. അതിനെ പറ്റി എയര്‍ലൈന്‍സിന്റെ ജീവനക്കാര്‍ക്ക് യാതൊരു സൂചനയുമില്ല. ഇതിലും മോശമായത് എന്തെങ്കിലുമുണ്ടോ?,’ എന്നാണ് റാണ ട്വീറ്റ് ചെയ്തത്. താരത്തിന്റെ ട്വീറ്റ് ചര്‍ച്ചയായതോടെ എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.
ലഗേജ് എത്രയും പെട്ടെന്ന് എത്തിക്കുമെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞത്. ‘താങ്കള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു. താങ്കളുടെ ലഗേജ് എത്രയും വേഗം എത്തിക്കുന്നതിന് വേണ്ടി ഞങ്ങളുടെ ടീം വേഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്,’ എന്നാണ് റാണ ദഗ്ഗുബതിയുടെ ട്വീറ്റിന് ഇന്‍ഡിഗോ മറുപടി നല്‍കിയത്.
വിമര്‍ശനമുന്നയിച്ചതിന് പുറമേ ഇന്‍ഡിഗോയുടെ പ്രൊമോഷണല്‍ ട്വീറ്റുകള്‍ക്കും റാണ കമന്റ് ചെയ്തിരുന്നു. ‘നിങ്ങള്‍ക്ക് സദാസമയവും സുരക്ഷിതവും തടസരഹിതവുമായി ഫ്‌ളൈറ്റ് ഞങ്ങളുടെ എഞ്ചിനിയര്‍മാര്‍ ഉറപ്പുനല്‍ക്കുന്നു,’ എന്ന ഇന്‍ഡിഗോയുടെ പോസ്റ്റിന് ‘എഞ്ചിനിയര്‍മാര്‍ നല്ലതായിരിക്കാം, എന്നാല്‍ സ്റ്റാഫിന് ഒരു ഐഡിയയുമില്ല. ഉടനടി എന്തെങ്കിലും ചെയ്യണം,’ എന്നാണ് റാണ കമന്റ് ചെയ്തത്. Paradise found എന്ന ഇന്‍ഡിഗോയുടെ ടാഗ്‌ലൈനിനെ പരിഹസിച്ചുകൊണ്ട് More paradise lost than found എന്നാണ് റാണ കമന്റ് ചെയ്തത്.
Hi @IndiGo6E is this how you handle all flight luggage everyday or today was special? pic.twitter.com/A15hN6RxeJ
— Dilli Wali Girlfrand (@triptoes) November 30, 2022
നേരത്തെ ഇന്‍ഡിഗോയിലെ ജീവനക്കാര്‍ വിമാനത്തില്‍ നിന്നുമുള്ള പെട്ടികള്‍ കണ്ടെയ്‌നറിലേക്ക് അശ്രദ്ധമായി എറിയുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. വ്യാപക വിമര്‍ശനമുണ്ടായതിനെ തുടര്‍ന്ന് എയര്‍ലൈന്‍സ് അധികൃതര്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. ലഗേജുകള്‍ തെറ്റായി കൈകാര്യം ചെയ്തിട്ടില്ലെന്നും ദുര്‍ബലമല്ലാത്ത ചരക്കുകള്‍ വേഗത്തില് മാറ്റുകയാണ് ചെയ്തതെന്നും ഇത് സുരക്ഷിതമായ രീതിയില്‍ പാക്ക് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരണം നല്‍കിയിരുന്നു.
നേരത്തെ നടി പൂജ ഹെഗ്‌ഡേയും ഇന്‍ഡിഗോയില്‍ നിന്നുമുണ്ടായ മോശം അനുഭവം പങ്കുവെച്ചിരുന്നു. ഇന്‍ഡിഗോയിലെ ഉദ്യോഗസ്ഥന്‍ അഹങ്കാരവും അവഞ്ജയും നിറഞ്ഞതും ഭീഷണിപ്പെടുത്തുന്നതുമായ സ്വരത്തിലാണ് സംസാരിച്ചത് എന്നാണ് പൂജ പറഞ്ഞത്. തുടര്‍ന്ന് പൂജയോടും ഖേദം പ്രകടിപ്പിച്ച് എയര്‍ലൈന്‍സ് രംഗത്തെത്തിയിരുന്നു.
Content Highlight: Actor Rana Daggubati shares his bad experience from Indigo Airlines