'മോഹന്‍ലാലിനും ശോഭനയ്ക്കും ഓരോ ഷോട്ടുകഴിയുമ്പോഴും പാലും പഴവും കൊണ്ടുകൊടുക്കും; വേണ്ടെങ്കില്‍ അവര്‍ തട്ടിക്കളയും'; സത്യമെന്ന് വിശ്വസിച്ച ആ തള്ള് പങ്കുവെച്ച് പിഷാരടി
Malayalam Cinema
'മോഹന്‍ലാലിനും ശോഭനയ്ക്കും ഓരോ ഷോട്ടുകഴിയുമ്പോഴും പാലും പഴവും കൊണ്ടുകൊടുക്കും; വേണ്ടെങ്കില്‍ അവര്‍ തട്ടിക്കളയും'; സത്യമെന്ന് വിശ്വസിച്ച ആ തള്ള് പങ്കുവെച്ച് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th January 2021, 11:47 am

കുട്ടിക്കാലം മുതലേ സിനിമയോട് മനസില്‍ ഉണ്ടായിരുന്ന അടുപ്പം പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. കുട്ടിക്കാലത്ത് സിനിമാ ഷൂട്ടിങ് നേരില്‍ കാണാന്‍ കഴിയാതിരുന്നതിനെ കുറിച്ചും ഷൂട്ടിങ് കണ്ടു വന്നവര്‍ തന്നോട് പറഞ്ഞ ചില കഥകളുമാണ് പിഷാരടി പങ്കുവെക്കുന്നത്.

ഏത് തിരക്കിട്ട യാത്രയിലായാലും വഴിയരികില്‍ ഒരു ഷൂട്ടിങ് സംഘത്തെ കണ്ടാല്‍ ഇപ്പോഴും ഒന്നുനോക്കിപ്പോകുമെന്നും പിഷാരടി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ എഴുതിയ അനുഭവക്കുറിപ്പില്‍ പറയുന്നുണ്ട്. ഒപ്പം രസകരമായ പഴയകാല അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു.

‘ ഞങ്ങളുടെ വീടിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യം വന്ന ഷൂട്ടിങ് ‘പവിത്രം’ എന്ന ലാലേട്ടന്‍ സിനിമയുടേതാണ്. പിറവം പാഴൂരില്‍. സ്‌കൂളില്‍ പഠിക്കുന്ന കുട്ടി എന്ന നിലയിലും വീടിന് തൊട്ടടുത്തല്ലാത്തതിനാലും എന്നെ ഷൂട്ടിങ് കാണാന്‍ പോകാന്‍ അനുവദിച്ചില്ല. ചെറുപ്പക്കാരെല്ലാവരും ഷൂട്ടിങ് കാണാന്‍ പോയി. തിരിച്ചുവന്ന അവരോട് കൗതുകത്തോടെ വിശേഷങ്ങള്‍ തിരക്കി.

അതിലൊരാള്‍ പറഞ്ഞു. ” മോഹന്‍ലാലിനേയും ശോഭനയയേയും ഒക്കെ ഒന്നു കാണണം …സിനിമാക്കാരൊന്നും നമ്മള്‍ കഴിക്കുന്നതല്ല കഴിക്കുന്നത്. ഓരോ ഷോട്ടുകഴിയുമ്പോഴും പാലും പഴവും കൊണ്ടുകൊടുക്കും. അവര്‍ക്ക് വേണമെങ്കില്‍ അവരത് എടുക്കും. ഇല്ലെങ്കില്‍ തട്ടിക്കളയും.
‘വേണ്ട’ എന്ന് പറഞ്ഞാല്‍ പോരെ എന്തിനാണ് തട്ടിക്കളയുന്നത് എന്നെനിക്ക് തോന്നി”. ലൊക്കേഷന്റെ ഗേറ്റിനകത്തുപോലും കടക്കാന്‍ പറ്റാത്ത ഒരാളുടെ തള്ളാണ് ഇതെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കും ഇല്ലായിരുന്നു. തള്ള് എന്ന വാക്ക് ആ കാലത്ത് നിലവിലില്ലായിരുന്നു. പിഷാരടി പറയുന്നു.

ഇതിനൊപ്പം കോളേജ് കാലത്ത് ഷൂട്ടിങ് കാണാന്‍ പോയപ്പോഴുണ്ടായ ഒരു രസകരമായ സംഭവവും പിഷാരടി പറയുന്നുണ്ട്. ‘ കോളേജില്‍ പഠിക്കുമ്പോള്‍ ഉദയംപേരൂര്‍ ചെറുപുഷ്പം സ്റ്റുഡിയോയില്‍ ‘ രാക്ഷസരാജാവ് ‘ എന്ന മമ്മൂക്ക ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ക്ലാസ് കട്ട് ചെയ്ത് പോയി. കയറുകെട്ടി തിരിച്ചിരിക്കുന്നതിനാല്‍ ദൂരെ നിന്ന് മാത്രമേ കാണാന്‍ സാധിക്കൂ. ലൊക്കേഷനില്‍ ചായയ്ക്ക് സമയമായി. സ്റ്റീല്‍ ബേസിനില്‍ ബിസ്‌ക്കറ്റുകള്‍ വിതരണം ചെയ്യുന്നു. കയറിനടിയിലൂടെ നൂണ്ടുകയറിയ കൂട്ടുകാരന്‍ സുജിത്തിന് ഒരു ബിസ്‌ക്കറ്റ് കിട്ടി. തിരിച്ചുപോരുന്ന വഴി അവന്‍ പറഞ്ഞു’ നമ്മള്‍ കഴിക്കുന്ന ബിസ്‌ക്കറ്റ് ഒന്നും അല്ലാ ട്ടോ അത്. എന്തോ ഒരു പോഷക ബിസ്‌ക്കറ്റാണ്, എനിക്ക് ഒരു ഉന്മേഷം ഒക്കെ തോന്നുന്നു’.

കാലം കടന്നുപോയി. നസ്രാണി എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ ഞാന്‍ പോയപ്പോള്‍ അങ്ങ് ദൂരെ നിന്നും അതാ വരുന്നു സ്റ്റീല്‍ ബേസിന്‍. അതില്‍ നിറയെ ബിസ്‌ക്കറ്റുകള്‍. അര്‍ഹതയോടെ ആദ്യമായി സിനിമാ ഭക്ഷണം കഴിക്കാന്‍ പോകുകയാണ്. അതും പോഷക ബിസ്‌ക്കറ്റ്. എനിക്ക് വല്ലാത്ത ഒരു സന്തോഷം തോന്നി. അത് കഴിക്കാതെ തന്നെ ഉള്ളില്‍ ആകെ ഒരു ഉന്മേഷം. അപ്പോ അത് കഴിച്ചാല്‍ എന്തായിരിക്കും. എടുത്തു കഴിച്ചു. സാധാരണ ബിസ്‌ക്കറ്റ്. കുറച്ചുകൂടി ലോകപരിചയമായ ഞാന്‍ ഒന്നും സംഭവിക്കാത്തതുപോലെ അതുകഴിച്ചു. ഈ ബിസ്‌ക്കറ്റിന് ഒരു പ്രത്യേകതയും ഇല്ലല്ലോ എന്ന് ചോദിക്കാന്‍ പഴയ പവിത്രത്തിന്റെ ലൊക്കേഷനില്‍ പോകാന്‍ പറ്റാത്ത കുട്ടിയല്ലല്ലോ ഞാന്‍.

ഇന്ന് ഭൂരിപക്ഷം ആളുകള്‍ക്കും സിനിമയ്ക്കുള്ളിലെ എല്ലാ കാര്യങ്ങളും അറിയാം. അവിടെ അസാധാരണമായി ഒന്നുമില്ലെന്ന സത്യവും,’ പിഷാരടി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Ramesh Pisharody Share Funny Shooting Experiance Mohanlal And Shobana